സമ്പന്ന കുടുംബത്തിൽ ജനിച്ചിട്ടും ജീവിതം യാചകനായി; തൃശൂരിലെ കൃഷ്ണന്റെ കഥയിങ്ങനെ..

krishnan-thrissur
SHARE

സ്വർണം പോലെ തിളങ്ങുന്ന ഓട്ടു കിണ്ണമായിരുന്നു അത്. അച്ഛൻ ചോറുണ്ടു കഴിയുമ്പോൾ ഒരു വലിയ ഉരുള ഉരുട്ടി ‌‌‌‌ കുഞ്ഞു കൃഷ്ണന്റെ കിണ്ണത്തിൽ വച്ചുകൊടുക്കും. അതുകൂടി കഴിച്ചാലേ വയർ നിറയൂ.. ഏക്കർ കണക്കിനു നെൽപ്പാടമുണ്ടായിരുന്ന ആ വീട്ടിൽ മുന്നൂറു പറ നെല്ലു സൂക്ഷിച്ചുവയ്ക്കുന്ന കൂറ്റൻ പത്തായമുണ്ടായിരുന്നു. ‌മുറ്റത്തുണങ്ങാനിട്ടിരുന്ന നെല്ല് മഴവരുമെന്നു കണ്ടാൽ വീടിനകത്തേക്കു മാറ്റി മുറികളിൽ നിരത്തും. അതിനു മുകളിലാണു കൃഷ്ണൻ കിടന്നുറങ്ങിയിരുന്നത്. രാത്രിയിൽ നെല്ലിന്റെ സൂചിമുന ദേഹത്ത് അവിടെയും ഇവിടെയും കുത്തും. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കും

ആറുപതിറ്റാണ്ടിനിപ്പുറവും കൃഷ്ണന് ഉറക്കത്തിൽ സൂചിമുന ദേഹത്ത് കുത്തിക്കയറുന്നു. നെല്ലിന്റെ മുന പോലെ. ചൊറിഞ്ഞു തിരിഞ്ഞുകിടക്കുമ്പോൾ കൃഷ്ണൻ കരുതും. വീടാണ്; നെല്ല് കിടപ്പുമുറിയിലും വിരിച്ചിട്ടിരിക്കുകയാണ്. അതിനു മുകളിലാണു കിടപ്പ്. പക്ഷേ,  ഉറക്കം തെളിയുമ്പോൾ മനസിലാകും. അല്ല ഇപ്പോൾ തെരുവിലാണ് കിടപ്പ്.  കുത്തുന്നത് ചെമ്പാവ് നെല്ലിന്റെ മുനയല്ല; തൃശൂരിലെ കൊതുകാണ്.!‌‌

ഏക്കറുകണക്കിനു നെൽവയലുണ്ടായിരുന്ന കുടുംബത്തിൽ ജനിച്ച കൃഷ്ണൻ തൃശൂർ നഗരത്തിലെ തെരുവിൽ ഒരു യാചകന്റെ രൂപത്തിൽ കഴിയാൻ തുടങ്ങിയിട്ടു പത്തുവർഷമായി.‌‌‌

കൃഷ്ണനോടു ചോദിക്കട്ടെ:‌‌

സുഖമാണോ ?

∙ എന്താ സംശയം. (മുറുക്കിച്ചുവപ്പിച്ച പല്ലുകാട്ടിയുള്ള ചിരി). ഒന്നിനും ഒരു കുറവുമില്ല. രൂപത്തിൽ ഞാനൊരു യാചകനാണ്. പക്ഷെ, ഞാൻ ആരോടും കൈനീട്ടിയിട്ടില്ല. എനിക്കാവശ്യമുള്ളതെല്ലാം കിട്ടുന്നുണ്ട്. ഒന്നിനോടും പരിഭവമില്ല

കുട്ടിക്കാലത്തെ സമ്പത്തൊക്കെ എവിടെപ്പോയി?

∙എറണാകുളത്ത് മരട് ആണ് ആ വീടും സ്ഥലവുമൊക്ക. മൂന്നു മുറിയും അടുക്കളയും വലിയ പത്തായവുമുള്ള വലിയ വീട്. ഭൂപരിഷ്കരണം വന്നപ്പോൾ സ്ഥലമൊക്കെ സർക്കാരിനു കൊടുത്തു. 26 സെന്റ് സ്ഥലത്ത് വീടും  ഇത്തിരി സ്ഥലവുമായി ഒതുങ്ങി. അച്ഛന് ആദ്യഭാര്യയിലുണ്ടായ മകനും കുടുംബവും ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട്. 

തൃശൂരെത്തിയതെങ്ങനാ?

∙ അഞ്ചാംക്ലാസ് പാസായി വീട്ടിൽ നിൽക്കുന്ന സമയത്താണ് ആദ്യമായി തൃശൂരിൽ വന്നത്. വീട്ടുകാരറിയാതെ മുങ്ങി വന്നതാണ്. കൂട്ടുകാരൊപ്പം തീവണ്ടിയിൽ. ടിക്കറ്റ് ചെക്കർ വന്നപ്പോൾ ഓടി, ഞാൻ ഒറ്റപ്പെട്ടു. തൃശൂർ റയിൽവേ സ്റ്റേഷനിലിറങ്ങി. ഒന്നുരണ്ടു ദിവസം അവിടെയും പരിസരത്തുമായി അലഞ്ഞു. പിന്നെ യാത്രക്കാരുടെ പെട്ടി മുനിസിപ്പൽ സ്റ്റാൻഡിലേക്കും തിരിച്ചും ചുമക്കുന്ന ജോലി തുടങ്ങി. കുറച്ചു നാൾ അങ്ങനെ ജീവിച്ചു. ജയ്ഹിന്ദ് മാർക്കറ്റിലും ചുമടെടുത്തു. വീടിനെക്കുറിച്ചോർത്തപ്പോൾ തിരിച്ചു പോയി

വേറെ എന്തൊക്കെ ജോലികൾ ചെയ്തു.?

∙തിരികെ നാട്ടിൽ പോയി അച്ഛനെ കൃഷിപ്പണികളിൽ സഹായിച്ചു. മുൻപ് സ്വന്തം പറമ്പിലെ നെല്ല് കൊണ്ടു പറ നിറച്ചിരുന്ന അച്ഛനും ഞാനും കൂലിപ്പണിക്കു പോയി കിട്ടുന്ന നെല്ല് പത്തായത്തിൽ കൊണ്ടിടും. പത്തായം നിറഞ്ഞു കണ്ടില്ല. അച്ഛന്റെ കണ്ണു നിറഞ്ഞതു കാണുകയും ചെയ്തു പലവട്ടം. പിന്നെ അവിടെ നിന്നില്ല. വെല്ലിങ്ടൺ ഐലൻഡിൽ കപ്പലിൽ വരുന്ന കൽക്കരി ചുമക്കുന്ന ജോലിക്കു പോയി. കഷ്ടപ്പാടുള്ള പണിയായിരുന്നെങ്കിലും കൂലി കിട്ടുമായിരുന്നു. ഒരിക്കൽ തൊഴിലാളി പ്രകടനം നടത്തുന്നതിനിടെ വീണു പരുക്കേറ്റു. അതോടെ ആ പണിവിട്ടു. 

കോഴിക്കോട് ആക്രിക്കച്ചവടം, കൃഷിപ്പണി, വീടുനോട്ടം, തിരുനന്തപുരത്ത് രാമനാമഠം കല്യാണ മണ്ഡപത്തിലെ വാച്ച്മാൻ, ഊട്ടുപുരയിലെ കണക്കപ്പിള്ള, ചാലക്കമ്പോളത്തിൽ ചുമടെടുപ്പ്, മദ്രാസിൽ കൊത്തവൽസാവടി മാർക്കറ്റിൽ ചുമടെടുപ്പ്, ബെംഗൂളുരുവിൽ ചുമടെടുപ്പ് ഈ ജോലികളൊക്കെ ചെയ്തു

പത്രം പതിവായി വായിക്കുമല്ലേ?

∙ പണ്ടുമുതലുള്ള ശീലമാണ്. തെരുവിൽ യാചകവേഷത്തിലാണു ജീവിതമെങ്കിലും രാവിലെ പത്രം വാങ്ങും. അരിച്ചുപെറുക്കി വായിക്കും. ശാസ്ത്ര കണ്ടുപിടുത്തങ്ങളൊക്കെ വായിക്കാനിഷ്ടമാണ്. ചരമപേജ് കാണുന്നതേ വെറുപ്പ്. വായിച്ചു കഴിഞ്ഞാൽ പത്രം മടക്കി ഭാണ്ഡക്കെട്ടിൽ വയ്ക്കും. കുറേ ആയിക്കഴിയുമ്പോൾ പഴയ പത്രങ്ങൾ വിൽക്കുന്ന കടയിൽ കൊണ്ടപോയിക്കൊടുക്കും. 

പത്തോ പതിനഞ്ചോ കിട്ടും. ‌മനോരമ പത്രമാണു വായിക്കാറ്. വായനക്കാർക്കായി തംബോല ഗെയിം തുടങ്ങിയപ്പോൾ മുതൽ ഗെയിം കളിക്കും. ഇത്തവണ മഹാമേള കാർഡ് പൂരിപ്പിച്ചു. സാരി സമ്മാനമായി കിട്ടി. ഒപ്പമൊരു പുതപ്പും

സാരി ആർക്കു കൊടുക്കും ?

∙ ആർക്കെങ്കിലും കൊടുക്കണം. എനിക്കൊരു പെണ്ണില്ലല്ലോ?

കല്യാണം കഴിച്ചില്ലേ ? 

27–ാം വയസിൽകഴിച്ചു. വീടിനടുത്തുണ്ടായിരുന്ന തിലോത്തമയെന്ന പെണ്ണിനെ. ഒന്നരവർഷം സന്തോഷമായി ജീവിച്ചു. വെല്ലിങ്ടണിൽ കൽക്കരി ചുമടെടുക്കന്ന കാലമാണ്. പെണ്ണ് പെട്ടെന്നു കോളറ വന്നു മരിച്ചു. ഞാനൊറ്റയ്ക്കായി. വീണ്ടും കല്യാണം കഴിക്കാൻ വീട്ടുകാർ പറഞ്ഞു. യോഗമില്ലെന്നു കരുതി വേണ്ടെന്നു വച്ചു.‌

ഭാര്യയുമൊത്തുള്ള നല്ല ഓർമ?

ചെറുപ്പത്തിൽ നാടകം അഭിനയിക്കുമായിരുന്നു. കല്യാണം കഴിഞ്ഞയുടനെ കടൽപ്പാലമെന്ന നാടകം. അതിൽ കൊള്ളക്കാരൻ പാപ്പച്ചനെന്ന കഥാപാത്രമാണ്. നാടകം കാണാൻ അമ്മയും ഭാര്യയും വന്നു മുന്നിലിരിക്കുന്നു. നാടകത്തിൽ എനിക്കൊരു ഭാര്യയുണ്ട്. ആകെ. നാണമായി. ‌പൊലീസ് ഓടിച്ചിട്ട് എന്നെ പിടിക്കുന്നതും ഇടിക്കുന്നതും കണ്ട് അവർക്കു സങ്കടമായി‌. ഏഴു രാത്രികൾ എന്ന നാടകത്തിൽ കൂനൻ കുമാരനായും അഭിനയിച്ചു.‌‌‌‌ മദ്രാസിലുള്ള സമയത്ത് എംജിആർ, ശിവാജി ഇവരുടെയൊക്കെ പടം ഇടിച്ചു കയറിക്കാണുമായിരുന്നു.

ഇപ്പോൾ സിനിമ കാണുമോ?

ഇപ്പോഴത്തെ സിനിമയ്ക്ക് അധികം നേരം ഇരിക്കാൻ പറ്റില്ല. ഞങ്ങൾക്കു തെരുവിൽ ദിവസവും ഉച്ചഭക്ഷണം തരുന്നൊരു ‍ഡോക്ടറുണ്ട്. ഡോ. ജോജോ ജോസഫ്. അദ്ദേഹം ഇടയ്ക്ക് ഞങ്ങളെ സിനിമയ്ക്കു കൊണ്ടുപോയി. രജനീകാന്തിന്റെ തമിഴ് സിനിമ. ഡോക്ടർ ഇടയ്ക്കു ഞങ്ങളെ വിനോദയാത്രയ്ക്കും സർക്കസിനും കൊണ്ടുപോകും. ഇടയ്ക്ക് വലിയ ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തരും. ക്രിസ്മസിനു കേക്കും വൈനും തരും.

തെരുവിൽ ദൈവത്തെ കണ്ടിട്ടുണ്ടോ?

∙ ഉണ്ട്, ടോണി എന്നൊരാൾ വരും. മുറിവൊക്കെ വച്ചുകെട്ടിത്തരും. ജൂബിലി ആശുപത്രിയിലെ നഴ്സുമാർ വരും. പല്ലൊക്ക പരിശോധിക്കും. മരുന്നു തരും. ഇടയ്ക്കു ചില കുട്ടികൾ പുതപ്പൊക്കെ തരും.‌ എന്നും ഭക്ഷണം തരുന്ന ഡോക്ടറെപ്പോലെ ദൈവം മുന്നിൽ വരാറുണ്ട്. വടക്കുന്നാഥന്റെ പടിഞ്ഞാറേ നടയ്ക്കരികിൽ ഞാൻ പോയി വെറുതെ ഇരിക്കുമായിരുന്നു. കൈ നീട്ടില്ല. 

സ്വർണാഭരണ നിർമാണ കമ്പനി നടത്തുന്നൊരാൾ തൊഴാൻ വരുമ്പോൾ കണ്ടു പരിചയമായി. അങ്ങേര് വാങ്ങിത്തന്ന 4000 രൂപയുടെ ലെൻസാണ് എന്റെ കണ്ണിനുള്ളിലിരിക്കുന്നത്. അതുകൊണ്ട് കാഴ്ചയുണ്ട്. എന്താവശ്യത്തിനും വിളിച്ചോളാൻ പറഞ്ഞു നമ്പർ തന്നിട്ടുണ്ട്. വർഷം നാലായി. ഞാൻ ഇതുവരെ വിളിച്ചിട്ടില്ല.

കയ്യിൽ വാച്ചുണ്ടല്ലോ, സമയത്തിൽ വിശ്വാസമുണ്ടോ?

∙ വാച്ച് രാഗം തിയറ്ററിനരികിലെ വാച്ചു കടക്കാരൻ തന്നതാണ്. പോസ്റ്റോഫീസ് റോഡിലെ മുസ്‌ലിം പള്ളിയിലെ ബാങ്ക് വിളി, കോർപറേഷൻ ഓഫിസിലെ സൈറൺ ഇവയൊക്കെയാണു ഞങ്ങളുടെ സമയം.‌‌

കിടപ്പ്, ഉറക്കം

പോസ്റ്റ് ഓഫിസ് റോഡിലെ ശ്രീകൃഷ്ണ ഫർണിച്ചറിന്റെ മുന്നിലാണ് പത്തുവർഷമായി കിടപ്പ്. ഞാൻ അടിച്ചു വൃത്തിയാക്കിയശേഷമേ കിടക്കൂ. രാവിലെ എഴുന്നേറ്റാലും വൃത്തിയാക്കും. കടയുടമ ഷാജു ലെറ്റർപാഡിൽ ഒരുകത്ത് തന്നിട്ടുണ്ട്. എന്നെ അറിയാമെന്നും ഞാൻ ശല്യക്കാരനല്ലെന്നുമാണു കത്തിൽ. ആരെങ്കിലും തർക്കിക്കാൻ വന്നാലോ പൊലീസ് ഓടിക്കാൻ വന്നാലോ അതെടുത്തു കാണിക്കും

(ഞങ്ങൾ ഷാജുവിനെ തപ്പിപ്പോയി. ഷാജുവിനു പത്തുവർഷമായി കൃഷ്ണനെ അറിയാം. ‘‘ വൈകിട്ടു കിടക്കാറാകുമ്പോൾ കടയുടെ അടുത്തു വന്നു നിൽക്കും. ക്ഷീണമുണ്ടാകും. ആൾ നേരത്തെ വരുമ്പോൾ തിരക്കില്ലെങ്കിൽ  അൽപം മുൻപേ ഞാൻ കടയടയ്ക്കും.’’– ഷാജു പറയുന്നു.)

ആഹാരം മുടങ്ങിയിട്ടുണ്ടോ?

ഇല്ല. എവിടെ നിന്നെങ്കിലും കിട്ടും. കിട്ടിയില്ലെങ്കിലും പരാതിയില്ല. എനിക്കുവേറെ ചില കൂട്ടുകാരുണ്ട്; എലികൾ. പകൽസമയത്ത് ഞാനുറങ്ങുകയും ഇരിക്കുകയും ചെയ്യുന്ന തെക്കേ ഗോപുരനടയിലെ മാവിന്റെ തറയ്ക്കുള്ളലാണവ. ഉച്ചയ്ക്കു ഞാൻ ചോറുപൊതിയുമായി വന്നതറിഞ്ഞാൽ അവ വന്നു തുടങ്ങും. ‌‌ബാക്കി വരുന്ന ചോറ് മുൻപ് കാക്കയ്ക്കു കൊടുക്കുമായിരുന്നു. കാക്ക അതു തിന്നിട്ട് ഞാനുറങ്ങുമ്പോൾ ആ മാവിന്റെ  മുകളിൽത്തന്നെ ഇരുന്ന് എന്റെ ദേഹത്തു തന്നെ കാഷ്ടിക്കും. എലിയാണു ഭേദം. 

ഇപ്പോഴും ഭക്ഷണം കഴിഞ്ഞാൽ ഒന്നുരണ്ടുരുളയ്ക്കുള്ളത് പൊതിഞ്ഞ് എലികൾക്കു വയ്ക്കും. പഴയ ഓട്ടുകിണ്ണത്തിൽ അച്ഛൻ ഉരുട്ടിവച്ചിരുന്ന ഉരുളകൾ പോലെ.!

MORE IN SPOTLIGHT
SHOW MORE