സ്നേഹം കൊണ്ട് കുരവയിട്ട് മഞ്ജു വാരിയരെ ഞെട്ടിച്ച പെണ്ണമ്മ: വിഡിയോ

manju-warrier-korava
SHARE

രണ്ടുണ്ട് കാര്യം. ഒന്ന് വലതുകാലിലെ നീര് ഡോക്ടറെ കാണിക്കണം, മരുന്നുണ്ടേല്‍ കുറിച്ചുവാങ്ങിക്കണം. രണ്ട്, മഞ്ജു വാരിയറെ ഒന്ന് കാണണം; കൈകൊടുക്കണം... ആഗ്രഹക്കാരിയുടെ പ്രായം എഴുപത്. പേര് പെണ്ണമ്മ.  ആലപ്പുഴ കണ്ടല്ലൂരില്‍ നടന്ന കേരള കാന്‍ ക്യാംപിലെത്തിയതാണ് പുത്തന്‍മണ്ണേല്‍ പെണ്ണമ്മ. 

പത്തിരുപത് വര്‍ഷം മുമ്പ് വീട്ടുമുറ്റത്തുനിന്ന് പാമ്പു കടിയേറ്റു. അന്നുമുതലിങ്ങോട്ട് വലതുകാലില്‍ മാറാത്ത നീരുണ്ട്. ചിലനേരങ്ങളില്‍ സഹിക്കാന്‍ പറ്റാത്ത വേദനയും. ഡോക്ടറെ കണ്ടിറങ്ങി, കേരള കാന്‍ പരിപാടിയുടെ സദസില്‍ മുന്‍നിരയില്‍ ഇരിക്കുകയാണ് പെണ്ണമ്മ. ഒറ്റയ്ക്കുള്ള ഇരിപ്പുകണ്ട് കാര്യം തിരക്കിയപ്പോള്‍ ഭക്ഷണം പോലും കഴിച്ചിട്ടില്ല. പുറത്തുഭക്ഷണമുണ്ടെന്നും അങ്ങോട്ട് കൊണ്ടുപോകാമെന്നും പറഞ്ഞപ്പോള്‍ പെണ്ണമ്മയ്ക്കൊരു കള്ളച്ചിരി!! എന്തേ എന്ന് തിരക്കിയപ്പോള്‍ ‘ഇനി ആ നേരത്തെങ്ങാന്‍ മ‍ഞ്ജു വാരിയര്‍ വന്നാലോ?..’  സംഭവം ആരാധികയാണെന്ന് ബോധ്യപ്പെട്ടു. ലഘുഭക്ഷണം വാങ്ങി സീറ്റില്‍ കൊണ്ടുപോയി കൊടുത്തു. എന്നാല്‍ ഇവിടിരുന്ന് കഴിച്ചോ മ‍ഞ്ജുവിനെ കാണാതെ പോവണ്ടയെന്ന് മറുപടി കൊടുത്തു. പെണ്ണമ്മയ്ക്ക് സന്തോഷം. 

പതിയെപ്പതിയെ കസേരകളെല്ലാം നിറഞ്ഞു. മഞ്ജു വാരിയര്‍ വേദിയിലേക്ക് വരികയാണ്. ആളുകള്‍ ഫോട്ടോയെടുക്കുന്നു, ചിരിക്കുന്നു, അല്‍ഭുതംതൂകുന്നു... മണിക്കൂറുകളായി മഞ്ജുവിനെ കാത്ത് ഒരു അമ്മൂമ്മ ഇരിപ്പുണ്ടെന്ന് അറിയിച്ചപ്പോള്‍ നടിക്കും കൗതുകം. അങ്ങിനെ വേദിയിലേക്കുള്ള വരവില്‍ പെണ്ണമ്മയെ മഞ്ജുവാരിയര്‍ അടുത്തുചെന്നു കണ്ടു. ഒറ്റച്ചിരിയില്‍ പെണ്ണമ്മ മഞ്ജുവാരിയരെ വശത്താക്കി... കൈപിടിച്ചു. കിട്ടിയനേരം കൊണ്ട് ജീവിതസായന്തനത്തിലെ ചില സങ്കടങ്ങളും പറഞ്ഞു. അങ്ങിെന ഉദ്ഘാടന സമ്മേളനത്തില്‍ വിളക്കുകൊളുത്താന്‍ അതിഥികള്‍ ചേര്‍ന്നുനിന്നു. 

ദീപം പകരവെ സദസില്‍നിന്ന് അപ്രതീക്ഷിതമായൊരു കുരവ. ഉദ്ഘാടകനായ കെ.സി. വേണുഗോപാല്‍ എം.പിയും മുഖ്യാതിഥിയായ മ‍ഞ്ജു വാരിയരുമെല്ലാം ആള്‍ക്കൂട്ടത്തിലേക്ക് കണ്ണെറിഞ്ഞു.. അത് പെണ്ണമ്മയാണ്, പ്രായത്തെ തോല്‍പ്പിക്കുന്ന ശബ്ദത്തില്‍ കുരവയിട്ടത്. സദസിലും വേദിയിലും സന്തോഷപ്പൂച്ചിരി... മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറിനെപോലും സന്തോഷിപ്പിച്ച പെണ്ണമ്മയുടെ പെര്‍ഫോമന്‍സ് പിന്നെയും കുറെനേരം അവിടങ്ങളില്‍ പ്രതിധ്വനിച്ചു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.