ഇന്നും മാറ്റമില്ലാതെ പേട്ട സ്റ്റേഷനും മണിയണ്ണന്റെ ചായയും; മധുരവും കടുപ്പവുമുള്ള കുറിപ്പ്

peettah-railway-tea
SHARE

ഇൗ ചായക്കടയ്ക്കും ചായക്കടക്കാരന്റെ മുന്നിലൂടെയും ജീവിതങ്ങൾ ഇങ്ങനെ തലങ്ങും വിലങ്ങും പായാൻ തുടങ്ങിയിട്ട് കൊല്ലങ്ങളേറെയായി. അന്നും ഇന്നും ഇയാൾക്കും തിരുവനന്തപുരം പേട്ട റയിൽവെ സ്റ്റേഷനും വലിയ മാറ്റങ്ങളൊന്നുമില്ല. റയിൽവെ സ്റ്റേഷനിലെ  ഒരു ചായപ്പെരുമയുടെ കഥ  ഇപ്പോൾ സോഷ്യൽ ലോകത്തും രുചി പടർത്തുകയാണ്. അടുത്ത വരവിൽ പേട്ട സ്റ്റേഷനിലിറങ്ങി. ഇൗ രുചിയൊന്ന് അറിയുന്നുണ്ടെന്ന കമന്റുകളും സജീവമായി കഴിഞ്ഞു. മാധ്യമപ്രവർത്തകനായ ടി.ബി.ലാലാണ് ഫെയ്സ്ബുക്കില്‍  മണി എന്ന ചായക്കടക്കാരന്റെ ജീവിതം മധുരും കൂട്ടി പകർന്നത്.  

‘യാത്ര ചെയ്തു വരുന്നയാളാണെങ്കിൽ ക്ഷീണവും പരവേശവും കാണും. അവർക്കു ചായ പെട്ടന്നുവേണം. മധുരം പൊടിക്കു നീട്ടി കടുപ്പത്തിലൊരു ചായ കൊടുക്കും. തിരക്കില്ലാത്തവർക്കു നന്നായി പാലു ചേർത്തൊരു സൊയമ്പൻ ചായ രാഷ്ട്രീയക്കാർക്ക് കടുപ്പം വേണം. അവസാനതുള്ളി വരെ തൊണ്ടയ്ക്കു സുഖം പകർന്നു നിൽക്കുന്ന പ്രത്യേക ചൂടും ഈ ‘മുഖച്ചായ’യ്ക്കുണ്ട്.. മണിയന്റെ ചായ കുടിക്കാൻ തമ്പാനൂരിലേക്കു ടിക്കറ്റെടുത്ത ചില ചായ ഭ്രാന്തന്മാർ പേട്ടയിലിറങ്ങിയ കഥകളുമുണ്ട്. എത്ര ഓർഡറുണ്ടെങ്കിലും ഒരുമിച്ച് ചായ കൂട്ടില്ല. ഓരോരുത്തർക്കും പ്രത്യേകമായി തന്നെ തയാറാക്കും.’ കഥാകൃത്ത് കൂടിയായ ലാല്‍ എഴുതുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അമ്പതു കൊല്ലമായി തിരുവനന്തപുരത്തെ പേട്ട റെയിൽവേ സ്റ്റേഷനു വലിയ മാറ്റമൊന്നുമില്ല. പുരാതനമായ കെട്ടിടവും നീണ്ട പ്ലാറ്റ്ഫോമുമൊന്നും ഒട്ടും ന്യൂജെനായിട്ടില്ല. ഓടുമേഞ്ഞിരുന്ന കെട്ടിടത്തിന്റെ കുറച്ചുഭാഗം ഇപ്പോൾ തകരഷീറ്റിലാക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോമിൽ വൈകുന്നേരങ്ങളിൽ വന്നിരിക്കുന്ന സൗഹൃദക്കൂട്ടങ്ങളും തുടരുന്നു. അതിലെ ആളുകളുടെ മുഖങ്ങൾക്കു മാത്രമേ വ്യത്യാസമുള്ളൂ. പ്രായംചെന്നവരുടെയും ചെറുപ്പക്കാരുടെയുമൊക്കെ കൂട്ടങ്ങൾ. സ്റ്റേഷന്റെ മുറ്റത്തോടു ചേർന്നു ചെറിയ ചായത്തട്ടു നടത്തുന്ന മണിയന്റെ ചായക്കും മാറ്റമില്ലെന്നു പറയാം. 50 വർഷം മുമ്പത്തെ അതേ ചായ തന്നെ ! 

പേട്ടക്കാർ മണിയനണ്ണനെന്നു വിളിക്കുന്ന ചെന്നിലോട് കാവുവിള വീട്ടിൽ മണിയന്റെ ചായക്കാര്യം ചെറുതല്ല. പേട്ട സ്റ്റേഷന്റെ 50 വർഷത്തെ ഓർമ്മകളുണ്ട്. കെ.പങ്കജാക്ഷനും വക്കവും കെ.ബാലകൃഷ്ണനുമൊക്കെ മണിയന്റെ ചായകുടിച്ച് ഒന്നാന്തരമെന്നു സാക്ഷ്യപ്പെടുത്തിയവരാണ്. 

‘മുഖച്ഛായ’ നോക്കിയാണ് മണിയന്റെ ചായയടി. ചായക്കു പറഞ്ഞയാളെ മണിയനൊന്നു നോക്കും. 

യാത്ര ചെയ്തു വരുന്നയാളാണെങ്കിൽ ക്ഷീണവും പരവേശവും കാണും. അവർക്കു ചായ പെട്ടന്നുവേണം. മധുരം പൊടിക്കു നീട്ടി കടുപ്പത്തിലൊരു ചായ കൊടുക്കും. തിരക്കില്ലാത്തവർക്കു നന്നായി പാലു ചേർത്തൊരു സൊയമ്പൻ ചായ രാഷ്ട്രീയക്കാർക്ക് കടുപ്പം വേണം. അവസാനതുള്ളി വരെ തൊണ്ടയ്ക്കു സുഖം പകർന്നു നിൽക്കുന്ന പ്രത്യേക ചൂടും ഈ ‘മുഖച്ചായ’യ്ക്കുണ്ട്.. മണിയന്റെ ചായ കുടിക്കാൻ തമ്പാനൂരിലേക്കു ടിക്കറ്റെടുത്ത ചില ചായ ഭ്രാന്തന്മാർ പേട്ടയിലിറങ്ങിയ കഥകളുമുണ്ട്. എത്ര ഓർഡറുണ്ടെങ്കിലും ഒരുമിച്ച് ചായ കൂട്ടില്ല. ഓരോരുത്തർക്കും പ്രത്യേകമായി തന്നെ തയാറാക്കും. കടയുടെ ഐശ്വര്യമായി തൂത്തുതുടച്ചു തിളക്കിവച്ചിരിക്കുന്ന ഒരു സമോവർ കാണാം. 

മുമ്പൊക്കെ വണ്ടികളുടെ സമയം കൃത്യമായി അറിയാമായിരുന്നു. പേട്ടയിൽ നിറുത്തുന്നതിലേറെയും ഷട്ടിലുകളായിരുന്നു. തീവണ്ടികൾ കാഴ്ചയിൽ ഒരുപോലെ തോന്നും. പക്ഷേ ശ്രദ്ധിച്ചാലറിയാം ഓരോ വണ്ടിക്കും ഓരോ ശബ്ദമാണ്. പ്രായം 74 കടന്നു. ഭാര്യ സത്യഭാമയ്ക്ക് 69. കല്യാണപ്പിറ്റേന്നാണ് സ്റ്റേഷനു മുന്നിൽ കച്ചവടം തുടങ്ങിയതെന്നതു മധുരമുള്ള ഓർമ്മ. ആദ്യത്തെ ചായ വിറ്റതു 10 പൈസയ്ക്ക്. ആയുർവേദ കോളജിലെ കുക്കായിരുന്ന സത്യഭാമ ജോലിയിൽ നിന്നു വിരമിച്ച ശേഷം മണിയനൊപ്പമുണ്ട്. പുലർച്ചെ രണ്ടാളുമിറങ്ങും. ഉച്ചയ്ക്ക് ഒരു പൊതി ചോറു വാങ്ങി പങ്കിട്ടുകഴിക്കും. മകൾ ബിന്ദു ആറിൽ പഠിക്കുമ്പോൾ മരിച്ചതിന്റെ വേദന നെഞ്ചിലുണ്ട്. മകൻ സുരേഷ് ഓട്ടോഡ്രൈവറാണ്. 

‘പേരക്കുട്ടി എൻജിനീയറിങ്ങിനു പഠിക്കുകയാണ്. കുടുംബത്തെ ഒരു കരയാക്കിയത് ഈ ചായത്തട്ടാണ്. തീവണ്ടികളുടെ ഇരമ്പൽ കാതിൽനിന്നും മായരുത്. അതാണു അന്ത്യംവരെയുള്ള പ്രാർഥന.’ മുഖച്ചായയുടെ കട്ട ഫാനായി മാറിയ ഏതാനും ന്യൂജെൻ പയ്യന്മാരെയും മണിയനണ്ണന്റെ കടയിൽ കണ്ടു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.