അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? ലിങ്കുകൾ തുറക്കുന്നവർ സൂക്ഷിക്കുക !

facebook-hackers
SHARE

അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? നിങ്ങളുടെ മുഖവുമായി സാമ്യമുള്ള സെലിബ്രിറ്റി ആര്? തുടങ്ങിയ പ്രവചനങ്ങളുമായി മുന്നിൽ വരുന്ന ലിങ്കുകൾ തുറക്കുന്നവർ സൂക്ഷിക്കുക. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുമെന്നു പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിൽ കേരളത്തിൽ 983 പേരുടെ ഫെയ്സ്ബുക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി പൊലീസ് കണ്ടെത്തി. 83 പേർ സൈബർ പൊലീസിനു പരാതി നൽകി. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ സ്വാഭാവികമായി മൊബൈലിലോ കംപ്യൂട്ടറിലോ കയറിപ്പറ്റുന്ന ചില ആപ്ലിക്കേഷനുകളാണു വിവരങ്ങൾ ചോർത്തുന്നതെന്നു സൈബർ വിദഗ്ധർ കണ്ടെത്തി.

ഹോം പേജിൽ ഈ ആപ്ലിക്കേഷൻ കാണാനാകില്ല. ചാറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തുന്നുണ്ടത്രേ. നിങ്ങളുടെ ഫെയ്സ്ബുക് പ്രൊഫൈൽ സന്ദർശിച്ചവരെ അറിയാം എന്ന ലിങ്ക് വഴി ഒട്ടേറെ പേരുടെ അക്കൗണ്ട് ചോർത്തിയതായി സൈബർ സെല്ലിനു വിവരം ലഭിച്ചു. മൊബൈൽ ഫോണിലെ വിവരങ്ങൾ ചോർത്തുന്ന ചില ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലും കടന്നുകൂടിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു

ശ്രദ്ധിക്കാം

∙ സെക്യൂരിറ്റി സെറ്റിങ്സിൽ ആപ്സ് ആൻഡ് വെബ്സൈറ്റ്സ് എന്ന മെനുവിലൂടെ നിങ്ങൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ കാണാം. അനാവശ്യമായവ നീക്കം ചെയ്യുക

∙ ഡേറ്റാ ഷെയറിങ് ഓപ്ഷനിലൂടെ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ആപ്സ്, വെബ്സൈറ്റ്സ് എന്നിവയുടെ സെറ്റിങ് ഓഫ് ചെയ്യുക

∙ ഫെയ്സ്ബുക് സെറ്റിങ്സിൽ സെക്യൂരിറ്റി ആൻ‍ഡ് ലോഗിൻ തിരഞ്ഞെടുത്ത് ടൂ ഫാക്ടർ ഒതന്റിക്കേഷൻ സെറ്റ് ചെയ്തു സുരക്ഷ ഉറപ്പാക്കാം

∙ മൊബൈൽ ഫോണിൽ ആണെങ്കിലും ഫെയ്സ്ബുക് ഉപയോഗശേഷം ലോഗൗട്ട് ചെയ്യുക

∙ വ്യത്യസ്തവും സങ്കീർണവുമായ പാസ്‌വേഡ് ഉപയോഗിക്കാം. അക്ഷരങ്ങൾ മാത്രമാക്കാതെ അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കാം

∙ പാസ്‍വേഡ് ഇടയ്ക്കിടെ മാറ്റാം

∙ ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ സ്വകാര്യത നഷ്ടമാകുന്ന കാര്യങ്ങൾക്ക് അനുമതി നൽകാതിരിക്കുക. മൊബൈൽ ഫോണിൽ വിവിധ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോഴും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. ഫോൺ ഗ്യാലറി, കോൺടാക്ട് ലിസ്റ്റ് എന്നിവ പരിശോധിക്കാനുള്ള അനുമതി നൽകരുത്

MORE IN SPOTLIGHT
SHOW MORE