സാധാരണക്കാരന്റെ യു ട്യൂബ് ചാനലിന് പത്തുലക്ഷം വരിക്കാർ; മാസവരുമാനം രണ്ടുലക്ഷം

youth-youtube-sucess
SHARE

നാട്ടിന്‍പുറത്തു ജനിച്ചു വളര്‍ന്ന സാധാരണക്കാരായ രണ്ടു യുവാക്കള്‍ തുടങ്ങിയ യു ട്യൂബില്‍ ചാനലിന് പത്തു ലക്ഷം വരിക്കാര്‍. തനി നാടന്‍ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന എം ഫോര്‍ ടെക് യു ട്യൂബ് ചാനലാണ് വിജയം കൊയ്തത്. തൃശൂര്‍ പൊയ്യ സ്വദേശികളായ ഈ യുവാക്കളുടെ വരുമാനം പ്രതിമാസം രണ്ടു ലക്ഷം രൂപയാണ്.

ലോകം മുഴുവന്‍ മലയാളി ആസ്വാദകരുള്ള എം ഫോര്‍ ടെക് യു ട്യൂബ് ചാനല്‍ പിറന്നത് തൃശൂര്‍ പൊയ്യയെന്ന സാധാരണ ഗ്രാമത്തിലാണ്. ഉറ്റചങ്ങാതിമാരായ ജിയോ ജോസഫും പ്രവീണ്‍ ജോസഫുമാണ് യു ട്യൂബ് ചാനലിന്റെ പിന്നണിക്കാര്‍. തട്ടിന്‍പുറത്തെ ടാങ്കിലെ ചെളി നീക്കാന്‍ സ്വന്തമായി വികസിപ്പെടുത്ത വിദ്യ ഉള്‍പ്പെടെ നിരവധി സാങ്കേതിക വിദ്യകള്‍ തനിനാടനായി അവതരിപ്പിക്കുന്നതാണ് ഈ കൂട്ടുകെട്ടിന്റെ വിജയം. പോളിടെക്നിക് വിദ്യാഭ്യാസത്തിനു ശേഷം ഖത്തറിലായിരുന്ന ജിയോ ജോസഫ് യു ട്യൂബ് ചാനല്‍ സജീവമാക്കാന്‍ ജോലി രാജിവച്ചു നാട്ടിലേക്കു മടങ്ങിയ വ്യക്തിയാണ്. 

പോളിടെക്നിക് കോളജില്‍ പഠിച്ചത് ജിയോ ജോസഫ് ആണെങ്കിലും ചാനല്‍ തുടങ്ങിയത് കൂട്ടുകാരനായ പ്രവീണ്‍ ജോസഫാണ്. ഒരേപ്രായക്കാര്‍. ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍. പ്രവീണിന് കമ്പം കാമറയിലാണ്. ജിയോ അവതരിപ്പിക്കും. പ്രവീണ്‍ പകര്‍ത്തും. പിന്നെ , യു ട്യൂബില്‍ അപ്്ലോഡ് ചെയ്യും. 

യു ട്യൂബില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് വീടു നിര്‍മിക്കുകയാണ് ജിയോ ജോസഫ്. ഇരുവരും സാധാരണ വീട്ടില്‍ നിന്ന് വരുന്നവര്‍. യു ട്യൂബ് ചാനല്‍ വഴി പ്രശസ്തരായതോടെ നിരവധി കമ്പനികള്‍ പല ഉല്‍പന്നങ്ങളുടേയും പ്രചാരണത്തിനു വേണ്ടി ഇവരെ സമീപിച്ചു. വന്‍ തുകയും വാഗ്ദാനം ചെയ്തു. പക്ഷേ, സ്വന്തമായി കണ്ടെത്തി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ മാത്രം അവതരിപ്പിച്ചാല്‍ മതിയെന്ന ഉറച്ച നിലപാടിലാണ് ഇവര്‍. ഇതിനു കാരണമായി പറയുന്നത് പ്രേക്ഷകരുടെ വിശ്വാസ്യത നിലനിര്‍ത്തണമെന്ന ഒറ്റലക്ഷ്യവും.

MORE IN SPOTLIGHT
SHOW MORE