അച്ഛന്‍ കിടപ്പിലായി; ജീവിക്കാന്‍ ആണ്‍വേഷം കെട്ടിയ പെണ്‍കുട്ടികളുടെ കഥ: ഹൃദ്യം

deepak-raju
കടപ്പാട്- ദ ഗാർഡിയൻ, ദ ഹ്യൂമൺ ജംക്ഷൻ
SHARE

ജീവിക്കാൻ വേണ്ടി പല വേഷങ്ങൾ കെട്ടുന്നവരുണ്ട്. കുടുംബം പുലർത്താനായി സ്വന്തം ഗ്രാമത്തിൽ നാലുവർഷമായി ആൺവേഷം കെട്ടി ജീവിക്കുന്ന രണ്ട് പെൺകുട്ടികളുടെ ദയനീയ കഥയാണ് ഉത്തർപ്രദേശിൽ നിന്ന് വരുന്നത്. പതിനെട്ട് വയസുകാരി ജ്യോതികുമാരിയും പതിനാറ് വയസുള്ള അനിയത്തി നേഹയുമാണ് നാലുവർഷത്തോളം ഇങ്ങനെ ജീവിച്ചത്. 

ഇവരുടെ അച്ഛൻ ഗ്രാമത്തിൽ തലമുടിവെട്ടുന്ന കടയായിരുന്നു. 2014ൽ അച്ഛൻ രോഗബാധിതനായി കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. ദാരിദ്ര്യം മാത്രമായിരുന്നു ഇവർക്ക് കൂട്ടിനുണ്ടായിരുന്നത്. വിധിയ്ക്ക് മുമ്പിൽ പകച്ചുനിൽക്കില്ലെന്ന് രണ്ട് സഹോദരിമാരും തീരുമാനിച്ചു. അച്ഛന്റെ ബാർബർ ഷോപ്പ് ഏറ്റെടുത്ത് നടത്താമെന്ന് ഇരുവരും തീരുമാനിച്ചു. ആ സമയത്ത് ഇരുവർക്കും പ്രായം വെറും പതിനാലും പന്ത്രണ്ടുമായിരുന്നു. 

എന്നാൽ ഇവർ വിചാരിച്ചത് പോലെ സുഗമമായിരുന്നില്ല കാര്യങ്ങൾ. രണ്ട് കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ കട നടത്തുമ്പോൾ സമൂഹത്തിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ വളരെ മോശമായിരുന്നു. അപമര്യാദയായി പെരുമാറാൻ പലരും ശ്രമിച്ചു. ഇതോടെയാണ് ഇവർ പെൺവേഷം ഉപേക്ഷിച്ച് ആൺവേഷത്തിലേക്ക് മാറിയത്. തലമുടി മുറിച്ച് ആൺകുട്ടികളുടെ പോലെ വേഷം ധരിച്ച് ഇവർ കടയിലെത്തി. ദീപക്ക്, രാജു എന്നീ പേരുകളും ഇവർ സ്വീകരിച്ചു. ഗ്രാമത്തിലുള്ളവർക്ക് ഇവർ പെൺകുട്ടികളാണെന്ന് അറിയാമായിരുന്നു. പക്ഷെ ഈ രൂപമാറ്റം തുറിച്ചുനോട്ടങ്ങൾക്ക് ഒരുപരിധിവരെ അവസാനമുണ്ടാക്കി. പതിയെ പതിയെ പെൺകുട്ടികൾ നടത്തുന്ന കടയാണെന്ന് ഗ്രാമത്തിൽ പിന്നീട് വന്നവർക്ക് മനസിലാകാതെയായി. 

കട നല്ല രീതിയിൽ മുന്നോട്ടുപോയതോടെ ജീവിതവും മെച്ചപ്പെട്ടു. സ്കൂളിലെ ക്ലാസിന് ശേഷം വൈകുന്നേരങ്ങളിലാണ് ഇവർ കട തുറന്നു പ്രവർത്തിപ്പിക്കുന്നത്. ദിവസം 400 രൂപമുതൽ വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ അച്ഛന്റെ ചികിൽസാചെലവിനുള്ള വഴിയും തുറന്നു. ജ്യോതി ഇപ്പോൾ ബിരുദ വിദ്യാർഥിനിയാണ്, നേഹ സ്കൂളിൽ പഠിക്കുന്നു. ഒരു പ്രാദേശിക പത്രത്തിൽ ഇവരെക്കുറിച്ച് വന്നതോടെ സർക്കാർ ഇവർക്ക് സഹായവാഗ്ദാനം ചെയ്തു. ഗ്രാമവാസികൾക്ക് പെൺകുട്ടികൾ നടത്തുന്ന ബാർബർ ഷോപ്പെന്ന അകൽച്ച മാറിയതോടെ ജ്യോതി ആൺവേഷം ഉപേക്ഷിച്ചു. എന്നാൽ നേഹ ഇപ്പോഴും രാജുവായി തന്നെയാണ് തുടരുന്നത്. കട മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് ഇരുവരുടെയും തീരുമാനം. ഉൾനാട്ടിലുള്ള ഒരു ഗ്രാമത്തിൽ ഏറെ പ്രതിസന്ധികൾ നേരിട്ടാണ് കട ഈ നിലയിൽ അവർ എത്തിച്ചത്. 

MORE IN SPOTLIGHT
SHOW MORE