ആർത്ത് വിളിക്കാനുള്ളതോ ആർത്തവം? രൂക്ഷ ഭാഷയിൽ വീട്ടമ്മ; കുറിപ്പ്

arppo-arthavam-facebook-new
SHARE

ആർത്തവമെന്നത് അശുദ്ധ രക്തമാണെന്ന് സമ്മതിച്ചാലെന്തെന്ന് ചോദിച്ച് വീട്ടമ്മ. ആർപ്പോ ആര്‍ത്തവവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ സാഹചര്യത്തിലാണ് കുറിപ്പ്. ആർത്ത് വിളിക്കാനുള്ളതാണോ ആർത്തവം എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ ആര്‍ത്തവം അശുദ്ധമാണെന്നാണ് വാഹിദ സുബി പറയുന്നത്. 

ആര്‍ത്തവം അശുദ്ധമല്ല എന്നൊക്കെ സ്ഥാപിച്ചെടുക്കാന്‍ ബുദ്ധമുട്ടുന്നത് കാണുമ്പോള്‍ വലിയ തമാശ തോന്നുന്നു. ആര്‍ത്തവം ശുദ്ധമാണെന്ന് സമ്മതിച്ചാല്‍ മലവും മൂത്രവും ശുദ്ധമാണെന്ന് സമ്മതിക്കേണ്ടിവരും. ആർത്തവ വിഷയങ്ങളിലും മീടുവിലും മാത്രമായി പിന്തുണക്കുന്നതിൻറെ ഉദ്ദേശ ശുദ്ധി തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വനിതാ മതിലുകൊണ്ടും ആർപ്പോ ആർത്തവം കൊണ്ടൊന്നും നവോത്ഥാനം നടപ്പാകില്ല.മനസ്സുകളിലാണ് നവോത്ഥാനം കൊണ്ടു വരേണ്ടത്– കുറിപ്പില്‍ പറയുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം;

ആർത്ത് വിളിക്കാനുള്ളതാണോ ആർത്തവം...

ആർത്തവം അശുദ്ധമല്ല ആർത്തവകാരി അശുദ്ധയല്ല എന്നൊക്കെ സ്ഥാപിച്ചെടുക്കുവാന്‍ പെടാപാട് പെടുന്നത് കാണുമ്പോൾ വലിയ തമാശയാണ് തോന്നുന്നത് .

ആർത്തവമെന്നത് അശുദ്ധരക്തമാണെന്ന് സമ്മതിച്ചാലെന്താണ് പ്രശ്നം. അതിലെന്താണിത്ര കുറവ് കാണാനുള്ളതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല..

മല-മൂത്ര വിസർജനം പോലെ ദുർഗന്ധപൂരിതമായിക്കൊണ്ട് തന്നെ ശരീരം പുറന്തള്ളുന്ന രക്തം. അത് ശുദ്ധമാണെന്ന് സമ്മതിച്ചാല്‍ മലവും മൂത്രവും ശുദ്ധമാണെന്ന് സമ്മതിക്കേണ്ടിവരും.മല-മൂത്രവിസർജ്ജനമെന്നത് വൃത്തിയാക്കുന്നത് വരെ അശുദ്ധാവസ്ഥയിലാണ്.ആർത്തവമാണെങ്കിൽ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയ എന്ന നിലയില്‍ ശുദ്ധിയാവാൻ അത്രയും സമയമെടുക്കുന്നു.ആ സമയത്ത് അവൾ അശുദ്ധാവസ്ഥയിൽ തന്നെയല്ലെ. മല-മൂത്ര വിസർജനത്തെക്കുറിച്ച് പറയുമ്പോൾ ഉണ്ടാവുന്ന ലജ്ജ ആർത്തവത്തെക്കുറിച്ച് പറയുമ്പോഴും ഉണ്ടായിരിക്കണം.

വിശുദ്ധ ഖുർആൻ പറയുന്നു .. 

ആര്‍ത്തവത്തെ സംബന്ധിച്ചും അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അത് മാലിന്യമാണ്. അതിനാല്‍ ആര്‍ത്തവ വേളയില്‍ നിങ്ങള്‍ സ്ത്രീകളില്‍നിന്നകന്നുനില്‍ക്കുക. ശുദ്ധിയാകുംവരെ അവരെ സമീപിക്കരുത്. അവര്‍ ശുദ്ധി നേടിയാല്‍ അല്ലാഹു നിങ്ങളോടാജ്ഞാപിച്ച പോലെ നിങ്ങളവരെ സമീപിക്കുക. അല്ലാഹു പശ്ചാത്തപിക്കുന്നവരെ സ്‌നേഹിക്കുന്നു. ശുചിത്വം പാലിക്കുന്നവരെയും അവനിഷ്ടപ്പെടുന്നു. (Sura 2 : Aya 222).

സൂക്തത്തിന്‍റെ അവസാനത്തിൽ പറയുന്നത് ശുചിത്വം പാലിക്കുന്നവരെ അവനിഷ്ടപ്പെടുന്നു എന്നാണ്.ശുദ്ധി ഈമാനിൻറെ(വിശ്വാസം) ഭാഗമാണ് എന്നാണ് ഇസ്ലാം പറയുന്നത്.അത് കൊണ്ട് വൃത്തിയാവുന്നത് വരെ അവരെ സമീപിക്കരുത് എന്ന് പറയുന്നത് നേരിട്ടുളള ലൈംഗികബന്ധത്തിനെ മാത്രം ഉദ്ദേശിച്ചാണെന്നാണ് അർത്ഥം.അല്ലാതെ ബാഹ്യമായ പ്രേമപ്രകടനങ്ങൾക്കോ കൂടെ കിടക്കുന്നതിനോ ഒന്നും ആർത്തവമൊരു തടസ്സമല്ല എന്നാണ്.

നിസ്കാരത്തിലും നോമ്പിലും അവൾക്ക് ഇളവ് തന്നത് ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്നതിനെ കുറക്കാനാണ് എന്ന് പറയാം.പ്രയാസപ്പെടുത്തുന്നത് എന്ന വാക്കിൽ നിന്നാണ് ആർത്തവത്തിൻറെ അറബിപദം വരുന്നതെന്ന് കേട്ടിട്ടും വായിച്ചിട്ടുമുണ്ട്.(ഖുർആൻ പാരായണം ചെയ്യാനല്ലാതെ അറബിയിൽ പിടിപാടില്ല).നിൽക്കാൻ കഴിയാത്തവൻ ഇരുന്നും അതിന് കഴിയാത്തവൻ കിടന്നും അതിനും കഴിയാത്തവൻ കണ്ണുകൊണ്ടോ മനസ്സുകൊണ്ടെങ്കിലും നമസ്കരിക്കാൻ കൽപ്പിക്കുന്നു.പിന്നെന്താ സ്ത്രീക്ക് നിസ്കരിച്ചാലെന്ന ഒരു ചോദ്യം മുമ്പാരോ ഉന്നയിച്ചത് കണ്ടിട്ടുണ്ട്..ഉത്തരം രണ്ടാണ്.

ഒന്ന്: എൻറെ റബ്ബ് സ്ത്രീ എന്ന നിലയില്‍ എന്നോട് കൂടുതല്‍ കാരുണ്യം കാണിക്കുന്നു. 

രണ്ട്:മാനുഷികവും ദൈവികവുമായത് രണ്ടും രണ്ടാണ്.ഒരു മനുഷ്യനെ സമീപിക്കുന്നത് പോലെ ദൈവത്തെ സമീപിക്കാന്‍ കഴിയില്ല. നമസ്കാരം, നോമ്പ് തുടങ്ങിയ ആരാധനാകർമ്മങ്ങൾക്ക് ദൈവത്തെ സമീപിക്കുമ്പോൾ 

പരിശുദ്ധിയോട് കൂടി തന്നെ സമീപിക്കണം.ശുദ്ധിയായ അവസ്ഥയില്‍ എത്തുന്നത് വരെ വിട്ടു നിൽക്കണം.ഒരു സാഹിത്യപുസ്തകം കയ്യിലെടുക്കുന്ന ലാഘവത്തോടെ എടുക്കേണ്ടതല്ല വിശുദ്ധ ഖുർആൻ.അപ്പോള്‍ അതിൽ നിന്നും വിട്ടു നിൽക്കണം.(എൻറെ അഭിപ്രായം മാത്രമാണ്) .

അടുക്കളയില്‍ നിന്നും തീണ്ടാപാട് അകലത്തിലൊക്കെ മാറിനിൽക്കണമെന്നതൊന്നും ഇസ്ലാമിന്‍റെ കാഴ്ചപ്പാടിലുള്ളതല്ല.മാത്രമല്ല ഇത്തരം കാര്യങ്ങളില്‍ കർക്കശ നിലപാട് ഇപ്പോഴും എടുക്കുന്നത് സ്ത്രീകള്‍ തന്നെയാണ് എന്നതാണ് വേറെ കാര്യം.( വീട്ടില്‍ കറിവേപ്പില എടുക്കാന്‍ ആരെങ്കിലും വന്നാല്‍ ആർത്തവസമയമാണെങ്കിൽ ഉമ്മയോട് എടുത്തു കൊടുക്കാന്‍ പറയുന്നത് കേൾക്കാം.അത്തരം സന്ദർഭങ്ങളിൽ എൻറെ ഉമ്മ നിർബന്ധപൂർവ്വം അവരെക്കൊണ്ട് തന്നെ എടുപ്പിക്കുന്നത് കണ്ടിട്ടുണ്ട്. എന്ന് കരുതി വീട്ടിലെ കറിവേപ്പില മരം നശിച്ചിട്ടില്ല .)

മറ്റൊരു തമാശ

***************

ആർത്തവ സമയത്ത് സ്ത്രീ ശുദ്ധയാണ് എന്ന് സമ്മതിച്ചതുകൊണ്ട് മാത്രം കേരളത്തിലെ സ്ത്രീകൾക്കൊന്നും

ഇതിനെ പിന്തുണച്ചുകൊണ്ട് നടക്കുന്ന പുരുഷന്മാരിൽ നിന്ന് അത്ര വലിയ പരിഗണനയൊന്നും കിട്ടുമെന്ന് തോന്നുന്നില്ല. സ്ത്രീയോടുള്ള സമീപനം വീട്ടിനകത്തും പുറത്തുമൊക്കെ ഒരുപോലെയാവണം.വലിയ സ്ത്രീപക്ഷം പറഞ്ഞു നടക്കുന്നവരുടെയൊക്കെ യഥാര്‍ത്ഥ മുഖങ്ങള്‍ പല സ്ത്രീകളിലൂടെയൊക്കെ തന്നെ പുറത്തു വരുന്നത് കാണുന്നുണ്ട്.

ആർപ്പോ ആർത്തവത്തിനെതിരെ സംസാരിച്ച വനിതാലീഗിൻറെ സാരഥി ഷാഹിനയെ വിളിച്ച നാറിയ തെറികൾ കേട്ട് ഞെട്ടിപ്പോയി.ഇപ്പോള്‍ മാത്രമല്ല ഞെട്ടുന്നത്.അന്ധമായ മത- രാഷ്ട്രീയ വിരോധം കാരണം ഏത് സ്ത്രീയെയും കേൾക്കാനറക്കുന്ന തെറികൾ വിളിക്കുന്നവരാണ് കൂടുതല്‍ പേരും.ഏതൊരു സ്ത്രീയും അമ്മയാണ്,സഹോദരിയാണ്,മകളാണ് .എന്നിട്ട് നാവ് പുഴുത്തപോകുന്ന തെറികൾ വിളിച്ച് സ്ത്രീപക്ഷം പറയുന്നത് കാപട്യമാണ്.ആർത്തവ വിഷയങ്ങളിലും മീടുവിലും മാത്രമായി പിന്തുണക്കുന്നതിൻറെ ഉദ്ദേശ ശുദ്ധി തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.(മീ ടു വ്യാപകമായ സമയത്ത് നീയെന്താ അതൊന്നും എഴുതാത്തതെന്ന് ചോദിച്ചയാളോട് എഴുതിയിട്ടെന്തിനാണെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി വായിക്കുമ്പോ ഒരു സുഖം എന്നതായിരുന്നു.എല്ലാവരും അങ്ങനെ ആണെന്നൊന്നും അഭിപ്രായമില്ല)

വനിതാ മതിലുകൊണ്ടും ആർപ്പോ ആർത്തവം കൊണ്ടൊന്നും നവോത്ഥാനം നടപ്പാകില്ല.മനസ്സുകളിലാണ് നവോത്ഥാനം കൊണ്ടു വരേണ്ടത്.

MORE IN SPOTLIGHT
SHOW MORE