കാൻസർ തോൽക്കുന്നു; വിധിയോട് പൊരുതി ജയിച്ച് നന്ദുവിന്റെ ചാലഞ്ച്; കുറിപ്പ്

nandu-mahadeva-cancer
SHARE

പിറന്നാൾ ദിനത്തിൽ കാൻസറിനെ കുറിച്ച് സരസമായി പറഞ്ഞു വയ്ക്കുന്ന, പ്രതീക്ഷയോടെ മുന്നോട്ടു നോക്കിയിരുന്ന നന്ദു മഹാദേവ എന്ന യുവാവ് അത്ഭുതമാണ് പലർക്കും സമ്മാനിച്ചുണ്ടാകുക. പൊരുതാനുളള നിശ്ചയദാർഢ്യം മാത്രമായിരുന്നു നന്ദുവിന്റെ കൈമുതൽ. ഒരിടത്തും താൻ തോറ്റു പോകില്ലെന്ന് ആ യുവാവിന് നിർബന്ധമുണ്ടായിരുന്നു. ഒരു മാരക രോഗത്തിനും തന്റെ നിശ്ചയദാർഡ്യത്തെ തോൽപ്പിക്കാനാകില്ലെന്ന നന്ദുവിന്റെ ആത്മവിശ്വാസം തന്നെ ഒടുവിൽ വിജയിച്ചിരിക്കുന്നു.

താൻ കാൻസറിൽ നിന്ന് മോചിതനായ വിവരം നന്ദു തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്.അത്ഭുതം സംഭവിച്ചിരിക്കുന്നു...

മഹാദേവൻ കനിഞ്ഞിരിക്കുന്നു...പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു...മനസ്സും മഹാദേവനും ഒന്നിച്ചപ്പോൾ ഞാൻ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു– നന്ദു ഫെയ്സ്ബുക്കിൽ കുറിച്ചു.  ഇതുവരെയുള്ള യുദ്ധത്തിൽ ഞാൻ ജയിച്ചിരിക്കുന്നു..യുദ്ധം തുടരും..!! ഞാൻ അങ്ങനെ പെട്ടെന്നൊന്നും ഇഡ്ഡലിയും സാമ്പാറും ആകില്ലെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു..!!– നന്ദു കുറിച്ചു. 

ചങ്കിൽ ചേർത്തു നിർത്തിയ സൗഹൃദം, പൊന്നു പോലെ നോക്കുന്ന കുടുംബം ഇതൊക്കെയുള്ളപ്പോൾ ഞാനെന്തിന് കരയണമെന്ന് ലോകത്തോട് ചോദിച്ചു കൊണ്ടാണ് നന്ദു അതിദാരുണമായ വേദനകളെ നേരിട്ടത്. ഫെയ്സ്ബുക്കിലൂടെ നിരവധിപേർക്ക് ഊർജ്ജം പകരുന്ന നന്ദുവിന്റെ രോഗവിമുക്തി അനേകായിരം ആളുകൾക്കാണ് പ്രചോദനം നൽകുന്നത്. 

തനിക്കു കാൻസർ ആണെന്നും എന്നാൽ താൻ അതിനെ ഭയക്കുന്നില്ല എന്നും വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തും എന്നും നന്ദു എല്ലാവർക്ക് ഉറപ്പു നൽകിയിരുന്നു.  രോഗം മൂർച്ഛിച്ച അവസ്ഥയിൽ നന്ദുവിന്റെ ഇടത്തെകാൽ മുറിച്ചു മാറ്റേണ്ടതായി പോലും വന്നു. എന്നാൽ നന്ദു തളർന്നില്ല. പകരം ഇങ്ങനെ കുറിച്ചു..''അതെ എന്റെ ഒരു കാൽ നഷ്ടപ്പെട്ടിരിക്കുന്നു...എനിക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല ട്ടോ...പക്ഷെ എനിക്കതിൽ ദുഃഖമൊന്നും ഇല്ല..ഞാൻ വളരെ സന്തോഷവനാണ്...ഡോക്ടർ എന്നോടു ചോദിച്ചു കാൽ വേണോ അതോ ജീവൻ വേണോ എന്ന് ഞാൻ സന്തോഷത്തോടെ പറഞ്ഞു ജീവൻ മതിയെന്ന്.. ഈ യുദ്ധത്തിൽ ഞാൻ വിജയിക്കുക തന്നെ ചെയ്യും...ട്രീറ്റ്മെന്റ് കഴിഞ്ഞിട്ടില്ല...ഈ സുന്ദരമായ ഭൂമിയിൽ വീണ്ടും ജീവിക്കാൻ അനുവാദം തന്ന ദൈവത്തിന് ഒത്തിരി നന്ദി...എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ഒരുപാടു നന്ദി.. ഒടുവിൽ പറഞ്ഞതു പറഞ്ഞതു പോലെ ചെയ്ത് യുദ്ധത്തിൽ നന്ദു ജയിച്ചിരിക്കുന്നു. അനേകായിരങ്ങളെ പ്രചോദിപ്പിക്കുന്നതിനു വേണ്ടി.

MORE IN SPOTLIGHT
SHOW MORE