അമ്മയുടെ കൈപ്പത്തി ചിതറിയിട്ടും പതറിയില്ല; ഭീകരരുടെ തോക്കിൻ മുനയിലും കുലുങ്ങാതെ ഹിമ

himapriya-mother-1
അമ്മ പത്മാവതിക്കും അനുജത്തി ഹേമപ്രിയയ്ക്കുമൊപ്പം ഹിമ പ്രിയ.
SHARE

അമ്മയുടെ കൈപ്പത്തി ചിതറിപ്പോയിട്ടും പതറാതെ നിന്നവൾ. തലയിൽ തോക്കുചേ‍ർത്തു നിന്ന ഭീകരരെ മനുഷ്യത്വത്തെ കുറിച്ച് ഓർമപ്പെടുത്തിയവൾ. അതാണ് ഹിമയെന്ന ഒൻപതുകാരി. ധീരതയ്ക്കുള്ള കുട്ടികളുടെ പുരസ്കാരം നൽകി റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രം അവളെ ആദരിക്കും.

ആന്ധ്രപ്രദേശിൽ നിന്ന് ജമ്മുവിലെത്തിയ സൈനികന്റെ‍ മകളാണ് ഹിമപ്രിയ. ഉധംപുർ കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർഥിനി. ഇവർ താമസിച്ചിരുന്ന സുൻജ്വാൻ ഇൻഫന്ററി ക്യാംപിലേക്ക് കഴിഞ്ഞ ഫെബ്രുവരി 10ന് ഇരുട്ടിന്റെ മറപറ്റി ജയ്ഷെ ഭീകരർ ഇരച്ചുകയറി. ഇരുട്ടിൽ എവിടെയോ അച്ഛൻ നാടിനു വേണ്ടി പൊരുതുമ്പോൾ വീട്ടിൽ അമ്മ പത്മാവതിയും മക്കളായ ഹിമയും റിഷതയും ആവന്തികയും മാത്രം.

ഭീകരർ എറിഞ്ഞ ഗ്രനേഡ് പത്മാവതിയുടെ കൈപ്പത്തി തകർത്തു. പിന്നെ ഹിമ മടിച്ചുനിന്നില്ല, വാതിൽ തുറന്നു. അവളെ ഭീകരർ തോക്കുചൂണ്ടി ബന്ദിയാക്കി. അവൾ അവരോടു സംസാരിച്ചുകൊണ്ടേയിരുന്നു, 4 മണിക്കൂറോളം. അമ്മയെയും സഹോദരങ്ങളെയും കൂടുതൽ ഉപദ്രവിക്കാതെ കാക്കാൻ അതുവഴി കഴിഞ്ഞു. അമ്മയെ ആശുപത്രിയിലെത്തിക്കാൻ അനുവദിക്കണമെന്ന അവളുടെ അപേക്ഷ അവർ സ്വീകരിച്ചു. ഭീകരരുടെ കണ്ണിൽ നിന്നു മറഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം വിവരം അവൾ പട്ടാളക്കാരെ ധരിപ്പിച്ചു. അങ്ങനെ അക്രമികൾ പിടിയിലായി.

സ്വന്തം കുടുംബത്തെ രക്ഷിക്കാൻ മാത്രമല്ല, മരണസംഖ്യ കുറയ്ക്കാനും ഹിമയുടെ ഇടപെടൽ കാരണമായെന്നു സൈന്യം പറയുന്നു. അതുകൂടി മുൻനിർത്തിയാണ് ധീരതാ പുരസ്കാരം നൽകുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയറിന്റെ സംഘാടകർ പറഞ്ഞപ്പോൾ, നഷ്ടമായ വിരലുകളിലെ വേദന വകവയ്ക്കാതെ പത്മാവതി മകളെ ചേർത്തുപിടിച്ചു, അപ്പോൾ മാത്രം ഹിമയുടെ കണ്ണുനിറഞ്ഞു. സംസാരം മുറിഞ്ഞു. അമ്മയുടെ വേദനയെ കുറിച്ച് ഓർത്ത്...

MORE IN SPOTLIGHT
SHOW MORE