ആദ്യമായി ഒരാൾ 500 രൂപ നീട്ടി; മരവിപ്പ്: സൗമ്യമായി നിരസിച്ച കൈക്കൂലി; കുറിപ്പ്

dr-shinu
SHARE

ചികിത്സക്കായെത്തിയ രോഗി കൈക്കൂലി നൽകാനൊരുങ്ങിയ സംഭവം പങ്കുവെച്ച് ഡോ.ഷിനു ശ്യാമളൻ. സൗമ്യമായിത്തിന്നെ അത് നിരസിച്ച അനുഭവമാണ് ഡോക്ടർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഡോക്ടർ എന്ന ജോലി സേവനം കൂടിയാണെന്നും ഡോ.ഷിനു ശ്യാമളൻ പറയുന്നു.

കുറിപ്പിന്‍റെ പൂർണരൂപം:

''ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി. ഒരു നിമിഷം പെരുവിരൽ മുതൽ നാക്ക് വരെ മരവിപ്പ് പടർന്നു. ശേഷം എന്റെ തലച്ചോർ പ്രവർത്തിച്ചു.

"എനിക്ക് വേണ്ട. ഞാൻ ആരുടെയും കൈയ്യിൽ നിന്ന് പൈസ വാങ്ങാറില്ല. എനിക്ക് ശമ്പളം കിട്ടുന്നുണ്ട്. അത് മാത്രമേ എനിക്ക് ആവശ്യമുള്ളൂ. " എന്നു പറഞ്ഞു കൊണ്ട് അയാൾ എന്റെ നേർക്ക് നീട്ടിയ കൈക്കൂലി ഞാൻ നിരസിച്ചു.

"എന്റെ സന്തോഷത്തിന് വേണ്ടിയാണ് സർ.." അയാൾ പറഞ്ഞു.

"നിങ്ങളുടെ ചികിത്സയിലായ ഭാര്യയ്ക്ക് സഹായങ്ങൾ ചെയ്യുവാൻ ഡോക്ടർ എന്ന നിലയ്ക്ക് ഞാൻ ബാധ്യസ്ഥയാണ്. കഴിയുന്നത് പോലെ എല്ലാം ചെയ്ത് തരും. പക്ഷെ അതിനെനിയ്ക്ക് കൈക്കൂലി ആവശ്യമില്ല." വീണ്ടും ഞാൻ ആവർത്തിച്ചു.
(നടന്നത് കഴിഞ്ഞയാഴ്ച്ച ഞാൻ ജോലി ചെയുന്ന സർക്കാർ ആശുപത്രിയിൽ വെച്ചു..)

2013 മുതൽ പല സർക്കാർ ആശുപത്രിയിൽ ജോലി ചെയ്ത് വരുന്നു. വൈകിട്ട് പ്രൈവറ്റ് പ്രാക്ടീസും ചെയ്തിരുന്നു. കാസർകോട് ജില്ലയിലും, വയനാടും ക്ലിനിക് നടത്തിയപ്പോൾ 100 രൂപ സാധാരണക്കാരിൽ നിന്നും പാവപ്പെട്ടവരിൽ നിന്നും 10 രൂപ വരെ ഫീസായി വാങ്ങിയിട്ടുണ്ട്. മരുന്ന് കൊടുത്തു കഴിയുമ്പോൾ "സാറേ, കാശില്ല നാളെ കൊണ്ടുതരാം" എന്നു പറഞ്ഞു പോയിട്ട് പിന്നീട് പൈസ തരാൻ വരാത്തവരും ഉണ്ട്. പക്ഷെ അതൊക്കെ അവരുടെ ഗതികേട് കൊണ്ടാവും. ഞാൻ പുറകെ പോയിട്ടില്ല.

കാശിനോട് ആർത്തി തോന്നിയിട്ടില്ല. ജീവിക്കാൻ ഒരു ജോലി മാത്രമല്ല എനിക്ക് ഈ ഡോക്ടർ എന്നത്. എനിക്കത് ഒരു സേവനം കൂടിയാണ്.

ഇപ്പോൾ എന്റെ ഡിഗ്രി Mbbs ആണ്. മകൾ കുറച്ചു വലുതായത്തിന് ശേഷം രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പി.ജി കൂടെ എഴുതി എടുക്കണം എന്നാണ് ആഗ്രഹം. അതിന് ശേഷവും ന്യായമായ ഫീസ് മാത്രമേ ഈടാക്കു. പാവപ്പെട്ടവർക്ക് അവരുടെ കൈയ്യിൽ ഉള്ളത് പോലെ 10 രൂപ തന്നാലും, അത് ഞാൻ സന്തോഷത്തോടെ വാങ്ങും. കണക്ക് പറഞ്ഞു ഫീസ് വാങ്ങില്ല. മരിക്കുന്നവരെ അത് അങ്ങനെയേ ഉണ്ടാകു.

ഒരുപാട് കാശു ഉണ്ടാക്കിയിട്ട് വലിയ വീട്ടിൽ കിടന്ന് ഉറങ്ങുന്നതിലും എനിക്ക് ഇഷ്ട്ടം പാവപ്പെട്ടവന്റെ മുഖത്തു വിരിയുന്ന പുഞ്ചിരി കണ്ട് ഉറങ്ങുവാനാണ്. ചാവുമ്പോൾ സന്തോഷത്തോടെ മരിക്കുക. കൂടെ ഒന്നും കൊണ്ടു പോകുന്നില്ലലോ. പിന്നെയെന്തിനാണ് കാശിനോട് ആർത്തി''.

MORE IN SPOTLIGHT
SHOW MORE