നാവികസേനയുടെ കോപ്റ്റർ ക്ഷേത്രമൈതാനത്ത് അടിയന്തരമായി ഇറക്കി; തടിച്ചുകൂടി ആളുകൾ

chopper-complaint
SHARE

തുറവൂർ ∙ യന്ത്രത്തകരാറിനെ തുടർന്നു നാവിക സേനാ ഹെലികോപ്റ്റർ ചമ്മനാട് ക്ഷേത്രമൈതാനത്ത് അടിയന്തരമായി ഇറക്കി. കോപ്റ്ററിലുണ്ടായിരുന്ന 2 പൈലറ്റുമാർ ഉൾപ്പെടെ മൂന്നുപേരും സുരക്ഷിതർ. നന്നാക്കാൻ കഴിയാത്തതിനാൽ കോപ്റ്റർ ട്രക്കിൽ കയറ്റി കൊച്ചിയിലേക്കു കൊണ്ടുപോകാനുള്ള രാത്രിയും ശ്രമം നടക്കുകയാണ്. ദക്ഷിണ നാവിക കമാൻഡിന്റെ ഐഎൻ 429 ചേതക് എന്ന ഹെലികോപ്റ്ററാണ് ഇന്നലെ ഉച്ചയ്ക്ക് 1.30നു ദേശീയപാതയ്ക്കരികിൽ പടിഞ്ഞാറെ ചമ്മനാട് ദേവീക്ഷേത്ര മൈതാനത്ത് ഇറക്കിയത്

പിന്നാലെ മറ്റൊരു കോപ്റ്ററിൽ വിദഗ്ധർ എത്തിയെങ്കിലും നന്നാക്കാൻ കഴിഞ്ഞില്ല. ഇളക്കിമാറ്റിയ പങ്കകൾ കൊച്ചി നേവൽ ബേസിലേക്കു കൊണ്ടുപോയി. ആദ്യമെത്തിച്ച ട്രക്കിനു വീതി കുറവായതിനാൽ കൂടുതൽ വലുപ്പമുള്ള ട്രക്ക് എത്തിച്ചു കോപ്റ്റർ കൊണ്ടുപോകാൻ രാത്രിയിലും ശ്രമം നടക്കുകയാണ്. തീരദേശ നീരീക്ഷണത്തിനിടയിലാണ് കോപ്റ്റർ കേടായത്. യന്ത്രത്തകരാറുണ്ടായാൽ തൊട്ടടുത്തു സൗകര്യമുള്ള സ്ഥലത്ത് ഇറക്കണമെന്നാണു പൈലറ്റുമാർക്കുള്ള നിർദേശം

മൂന്നരയോടെയാണു 15 സാങ്കേതിക വിദഗ്ധർ മറ്റൊരു കോപ്റ്ററിൽ എത്തിയത്. സ്ഥലമില്ലാത്തതിനാൽ, കേടായ കോപ്റ്റർ നാട്ടുകാരും പൊലീസും പൈലറ്റുമാരും ചേർന്നു തള്ളി നീക്കിയ ശേഷമാണ് മെക്കാനിക്കൽ വിഭാഗത്തിന്റെ കോപ്റ്റർ മൈതാനത്തിറക്കിയത്. മറ്റൊരു കോപ്റ്റർ കൂടി എത്തിയെങ്കിലും ഇറങ്ങാൻ കഴിയാതെ മടങ്ങി.

പങ്കകൾ അഴിച്ചു ക്രെയിൻ ഉപയോഗിച്ചാണു വാഹനത്തിൽ കയറ്റാൻ ശ്രമം നടക്കുന്നത്. ഹെലികോപ്റ്റർ ഇറങ്ങിയതു കണ്ട് മൈതാനത്തു തടിച്ചുകൂടിയ ആളുകളെ നിയന്ത്രിക്കാൻ കുത്തിയതോട് പൊലീസും സ്ഥലത്തെത്തിയിരുന്നു. മൈതാനത്തു നിന്ന് നേവി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു തള്ളിയാണ് കോപ്റ്റർ ദേശീയപാതയിലെത്തിച്ചത്. കോപ്റ്റർ ട്രക്കിൽ കയറ്റാനുള്ള ശ്രമം കാരണം ദേശീയപാതയിൽ 2 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

കഴിഞ്ഞ വർഷം മുഹമ്മയിൽ

കഴിഞ്ഞ മാർച്ചിൽ നാവിക സേനയുടെ മറ്റൊരു കോപ്റ്റർ (ഐഎൻ 413 ചേതക്) യന്ത്രത്തകരാറിനെ തുടർന്നു മുഹമ്മ കാവുങ്കൽ വടക്കേക്കരി പാടത്ത് ഇറക്കിയിരുന്നു. മാർച്ച് 17നു രാവിലെയായിരുന്നു അത്. പരിശീലനപ്പറക്കലിന് ഇടയിലാണു തകരാറുണ്ടായത്. അന്നു 2 കോപ്റ്ററുകളിലായി 4 സാങ്കേതിക വിദഗ്ധരെത്തി തകരാർ പരിഹരിച്ചു കൊച്ചിയിലേക്കു പറന്നു.

MORE IN SPOTLIGHT
SHOW MORE