താരങ്ങളുടെ ചിത്രം പതിച്ച ബസുകൾക്കെതിരെ നടപടി; ഷാജി പാപ്പനും ഒടിയനും അടുത്ത സ്റ്റോപ്പിൽ ഇറങ്ങണം

actor-picture-bus
SHARE

പാമ്പാടി ∙ ഷാജി പാപ്പൻ മുതൽ‌ ഒടിയൻ  മാണിക്യൻ വരെ സിനിമ താരങ്ങളുടെ ഉൾപ്പെടെ കാരിക്കേച്ചറുകളുമായി നിരത്തുകളിൽ പാഞ്ഞിരുന്ന വിനോദ സഞ്ചാരബസുകളിലെ ‘വര’കൾ മായ്ക്കണം, സിനിമ താരങ്ങളുടെ പോസ്റ്ററുകളും ബഹുവർണ ചിത്രങ്ങളും നീക്കം ചെയ്യാൻ ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവിറങ്ങി. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കുന്ന ചിത്രങ്ങൾ വാഹനാപകടങ്ങളിലേക്കു നയിക്കുന്നതിനാലാണു നടപടി.

ഉത്തരവ് വന്നതോടെ ജില്ലയിലും ഒട്ടേറെ ബസുകളിലെ കാരിക്കേച്ചറുകൾ മാറ്റേണ്ടി വരും. പെയിന്റിങ് മാത്രമുണ്ടായിരുന്ന വിനോദ സ‍ഞ്ചാര ബസുകളെ 5 വർഷം മുൻപാണ് നവ  ഫാഷൻ തരംഗം പിടികൂടിയത്.  കോളജ് വിദ്യാർഥികളെ ഹരം പിടിപ്പിക്കുന്നതിനാണ് ബസുകളിലെ പെയിന്റിങുകളിൽ ആദ്യ മാറ്റം വന്നത്

ആഡംബരം കൂടിയതോടെ ബസുകൾക്കുള്ളിൽ ലേസർ ഷോകളും കാതടപ്പിക്കുന്ന ജെബിഎൽ സൗണ്ട് സിസ്റ്റവുമായി. ഇതിനു നേരത്തെ തന്നെ മോട്ടോർ വാഹനവകുപ്പ് നിയന്ത്രണം കൊണ്ടു വന്നിരുന്നു. തെക്കൻ ജില്ലയിലെ ഒരു വിനോദസഞ്ചാര ബസാകട്ടെ പരിഷ്കാരം കൂടി ബസിൽ സാധാരണ ഫ്ലോർ മാറ്റി ചില്ലുകൊണ്ടുള്ള ഡാൻസ് ഫ്ലോർ വരെ സൃഷ്ടിച്ചു വിസ്മയം തീർത്തിരുന്നു.

സാധാരണപെയിന്റിങിനു പുറത്ത്  സിനിമ താരങ്ങളുടെയും വിവിധ കാർട്ടൂൺ  കഥാപാത്രങ്ങളെയും വരച്ചാണ് ബസുകളിൽ ആദ്യ മാറ്റങ്ങൾ സൃഷ്ടിച്ചത്. പക്ഷേ 2 വർഷമായി കാരിക്കേച്ചറുകളിലേക്ക് ഇതു  മാറി. കാരിക്കേച്ചറുകളുടെ സ്റ്റിക്കർ ഒട്ടിക്കലാണ് ഇപ്പോൾ ബസുകളിൽ ചെയ്യുന്നത്. ഇതു  പൊളിച്ചുമാറ്റാവുന്നതാണ്.

തൃശൂരാണ് ബസുകളുടെ കാരിക്കേച്ചർ വരകളുടെ ആസ്ഥാനം.

ബസുകളിൽ സ്കെച്ച് വരച്ച ശേഷം ചെറിയ മെഷിൻ ഗൺ പോലുള്ള യന്ത്രത്തിലൂടെയാണ് വരകൾ. മോഹൻലാലിന്റെ കഥാപാത്രങ്ങൾക്കാണ് ബസുകളിൽ  കൂടുതൽ പ്രിയം.10,000 മുതൽ 25000 വരെയാണ് കാരിക്കേച്ചറുകൾ  ബസുകളിൽ തീർക്കുന്നതിനു ചെലവ്. ഒരു ബസിന്റെ പെയിന്റിങ്ങിന്  1.50 ലക്ഷം രൂപ വരെയാണ് ചെലവ്.

MORE IN SPOTLIGHT
SHOW MORE