ഒരു നായയുടെ കണ്ണീരോര്‍മ; ആ സ്നേഹത്തില്‍ വിതുമ്പി നാട്; ദുഃഖാചരണം

dog-love-story
SHARE

‘കറ തീർന്ന സ്നേഹം പൊലിഞ്ഞിട്ട് ഇന്നേക്ക് അഞ്ചാം നാൾ. കുടുക്കിയുടെ പ്രിയങ്കരനായ കാവൽക്കാരനെ കൊന്ന കൊലയാളിയുടെ അടിയന്തിരം ഇന്ന് വൈകിട്ട് മൂന്നു മുതൽ ആറു വരെ. ഓർമ്മയ്ക്കായി ഒരു പിടി അന്നം പങ്കു വക്കുമ്പോൾ അതിൽ ഒരു പിടി കൊലയാളിക്കും...’ ഒരു നാട് ഒരുമനസോടെ എഴുതിയ വാചകമാണെന്ന് പറയാം ഇതിനെ. കാരണം അത്രത്തോളം വേദന അവന്റെ വിയോഗത്തിൽ കുടുക്കി അങ്ങാടിയിലെ ജനങ്ങൾ അനുഭവിക്കുന്നു. ഒരു നായയുടെ അടിയന്തരം നടത്തുകയോ? എന്ന ചോദ്യത്തിനുള്ള ഉത്തരം അറിയണമെങ്കിൽ ആ നാട്ടിൽ അവന്റെ വില എന്താണെന്ന് അറിയണം.

ബത്തേരി ചീരാലിനടുത്തുള്ള കുടുക്കി അങ്ങാടിയിലാണ് അഞ്ചുദിവസം മുൻപ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. കുടുക്കി അങ്ങാടിയുടെ കാവൽക്കാരനായിരുന്നു ഇൗ നായ. എല്ലാവർക്കും പ്രിയപ്പെട്ടവൻ. നാട്ടിൽ സ്നേഹം പടർത്തിയ നായയുടെ മരണാനന്തര ചടങ്ങുൾക്ക് സാക്ഷിയാകാനെത്തിയത് മുന്നൂറിലധികം പേർ. വന്ധ്യംകരണം നടത്തിയ, ചെവിയിൽ ടാഗുള്ള ഒരൂ തെരുവു നായയെ ഒരു വർഷം മുൻപാണ് ആരോ കുടുക്കിയിൽ ഇറക്കി വിട്ടത്.

അന്നു മുതൽ രണ്ടു വയസ്സുള്ള ആ നായ പ്രിയപ്പെട്ടവനായി. എന്നും വൃത്തിയിൽ നടക്കുന്ന നായ പരിചയമുള്ളവരോടെല്ലാം ഒട്ടിച്ചേർന്നു. പരിചയമില്ലാത്തവരിൽ നിന്ന് അകലം പാലിച്ചു. ഗ്രാമത്തിലെ സായാഹ്ന സദസ്സുകളിലെല്ലാം പങ്കാളിയും കേൾവിക്കാരനും കാഴ്ചക്കാരനുമായി. രാത്രിയിൽ കട പൂട്ടി പോകുന്നവരെ വീടു വരെ അനുഗമിച്ചും പുലർച്ചെ മദ്രസയിൽ പോകുന്ന കുട്ടികൾക്ക് കാവൽക്കാരനായും അവൻ ഒപ്പം കൂടി. പല പേരുകളിൽ അവൻ എല്ലാവർക്കും പ്രിയപ്പെട്ടവനായി.

അങ്ങാടിയിൽ രാത്രിയിൽ അപരിചിതര്‍ എത്തിയാൽ നാടിനെ കുരച്ചുണർത്തും. പുറത്ത് അവനുണ്ടെങ്കിൽ പേടിക്കാനൊന്നുമില്ലന്ന് ആ നാട് അടക്കം പറയാൻ തുടങ്ങി. അത്രഹൃദ്യമായ ബന്ധത്തെ പൊള്ളിച്ചുകൊണ്ടായിരുന്നു ദിവസങ്ങൾക്ക് മുൻപ് അവനെ ചത്ത നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ ആരോ കൊല്ലുകയായിരുന്നെന്നാണ് നിഗമനം. വിഷം അകത്തു ചെന്നാണ് നായ ചത്തതെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാർ മറവു ചെയ്തു. തമിഴ്നാട് അതിർത്തിയായതിനാൽ കള്ളക്കടത്തുകാരാരെങ്കിലും കൊന്നതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. ഏതായാലും മനുഷ്യനോളം സ്നേഹം മരിച്ചതിന് ശേഷവും സ്വന്തമാക്കിയാണ് ഇൗ നായ ഇന്നും ഹൃദയങ്ങളിൽ ജീവിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE