രക്തതന്ത്രം; മലയാളിയുടെ ‘ചോര’യ്ക്കു മുന്നിൽ നയതന്ത്രപ്രശ്നങ്ങളെല്ലാം മാറി

blood-donation
SHARE

മലയാളിയുടെ ‘ചോര’യ്ക്കു മുന്നിൽ, ഖത്തറിനുമേൽ ഏർപ്പെടുത്തിയ ഉപരോധം അറബ് രാജ്യങ്ങൾക്കു മാറ്റിവയ്ക്കേണ്ടിവന്നു! പായം കരിയാൽ സ്വദേശി നിധീഷ് രഘുനാഥാണ് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രപ്രശ്നങ്ങളെല്ലാം ഒരു നിമിഷത്തേക്കെങ്കിലും മാറ്റിവയ്ക്കാൻ കാരണക്കാരനായ ഈ ‘രക്തന്ത്രജ്ഞൻ’. 

അത്യപൂർവമായ ബോംബെ ഒ പോസിറ്റിവ് ആണു നിധീഷിന്റെ രക്തഗ്രൂപ്പ്. രാജ്യാതിർത്തികൾ കടന്നു ‘രക്തബന്ധങ്ങൾ’ സ്ഥാപിക്കാൻ ‍നിധീഷിനു നിയോഗമുണ്ടാകുന്നതും അതുകൊണ്ടുതന്നെ. ഖത്തറിൽ ടൂർ കോ ഓർഡിനേറ്ററാണു നിധീഷ്.   

പായം കരിയാലിലെ പുതിയവീട്ടിൽ രഘുനാഥന്റെയും കാർത്യായനിയുടെയും മകനാണ്. സോഹദരി നിമിഷ.

കഥ മാറിയത് ബഹ്റൈനിൽ

ബ്ലഡ് ഡോണേഴ്സ് ഫോറം കേരള ചാപ്റ്റർ അംഗമായ നിധീഷ് വൃക്ക രോഗിക്കു രക്തം നൽകാൻ 2 വർഷം മുൻപ് ബഹ്റൈനിലെ ഹമദ് ഇന്റർനാഷനൽ ആശുപത്രിയിൽ എത്തിയതോടെയാണു കഥ മാറുന്നത്. ഒ–പോസിറ്റിവ് ആണു തന്റെ രക്തഗ്രൂപ്പ് എന്നാണു നിധീഷ് കരുതിയിരുന്നത്. സാംപിൾ പരിശോധിച്ചപ്പോൾ സംശയം തോന്നി കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് അപൂർവ രക്ത ഗ്രൂപ്പായ ബോംബെ–ഒഎച്ച് ആണു രക്തഗ്രൂപ്പ് എന്നു തിരിച്ചറിഞ്ഞത്. ഖത്തറിൽ 2 പേർക്കു മാത്രമാണ് ഈ ഗ്രൂപ്പ് ഉള്ളത്. അതിൽ ഒരാളാണ് നിധീഷ്. 

ഉപരോധം മറികടന്ന രക്തദാനം

2017 ഡിസംബർ, ഖത്തറിനുമേൽ അറബ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം മറികടന്നു കുവൈത്തിൽ എത്തി 2 ജീവൻ രക്ഷിക്കാൻ നിധീഷിനു ഭാഗ്യം ലഭിച്ചത് അന്നാണ്. പ്രസവത്തെത്തുടർന്നുണ്ടായ രക്തസ്രാവത്തിൽ മരണത്തോടു മല്ലടിച്ചു കിടന്ന മംഗളൂരു സ്വദേശിനി വിനിത ദയാന്ദ് ഗൗഡയ്ക്കു രക്തം നൽകാനായിരുന്നു കുവൈത്തിലെ അദാൽ ആശുപത്രിയിലേക്കുള്ള ആ യാത്ര. 

ബ്ലഡ് ബാങ്കിന്റെ കുവൈത്ത് ചാപ്റ്ററിൽ ബോംബെ–ഒഎച്ച് ഗ്രൂപ്പ് രക്തം ലഭ്യമല്ലാത്തതിനാൽ 7 ദിവസമായി അമ്മയും കുഞ്ഞും മരണത്തിന്റെ വക്കിലായിരുന്നു. രാജ്യാതിർത്തികൾ കടന്നുള്ള അന്വേഷണം ഖത്തറിലുള്ള നിധീഷിൽ അവസാനിച്ചെങ്കിലും കടമ്പകൾ പലതായിരുന്നു. ഖത്തറിനുള്ള ഉപരോധവും കുവൈത്തിൽ 3 വർഷമായി താമസിക്കുന്നവർക്കേ രക്തദാനം നടത്താൻ സാധിക്കൂ എന്ന നിബന്ധനയുമായിരുന്നു വില്ലൻ. മണിക്കൂറുകൾ കൊണ്ട് കുവൈത്ത് സർക്കാർ നിയമത്തിൽ ഇളവു വരുത്തി. നയതന്ത്ര തലത്തിൽ ഇടപെട്ട് ഉപരോധത്തിലും ഇളവു നേടി നിധീഷിനെ ആശുപത്രിയിലെത്തിച്ചു.  

ഖത്തറിലെ ഹമദ് ഇന്റർനാഷനൽ ആശുപത്രി 6 മാസത്തിലൊരിക്കൽ നിധീഷിന്റെ രക്തം ശേഖരിച്ച് അവരുടെ ബ്ലഡ് ബാങ്കിൽ സൂക്ഷിക്കുന്നുണ്ട്. ദാനം ചെയ്യാനല്ല, നിധീഷിനു തന്നെയുള്ള കരുതലായാണു ഈ സൗജന്യ സേവനം.

നാട്ടിലും 

സഹോദരിയുടെ വിവാഹ നിശ്ചയത്തിനു കഴിഞ്ഞ ഡിസംബർ 20നാണു നിധീഷ് നാട്ടിലെത്തിയത്. ഇതിനായി സാധനങ്ങൾ വാങ്ങാൻ ഇരിട്ടിയിൽ എത്തിയ നിധീഷിനു ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ ഫോൺ വരുന്നു, ചെന്നൈ അപ്പോളോ ആശുപത്രയിൽ ഗുരുതരാവസ്ഥയിലുള്ള അലമേലു അമ്മ എന്ന രോഗിക്കു രക്തം വേണം. പിന്നീടൊന്നും ചിന്തിച്ചില്ല, ചെന്നൈക്കു പറന്നു.  

എന്താണ്‌ ബോംബെ ഗ്രൂപ്പ്‌?

ഒ പോസിറ്റീവ്‌ രക്‌തമുള്ളവരിൽ അത്യപൂർവമായി കാണുന്ന രക്‌തഗ്രൂപ്പാണ്‌ ബോംബെ ഒ പോസിറ്റീവ്‌.  ഇവരുടെ രക്‌തത്തിൽ ആന്റിജൻ എയും ബിയും എബിയ‍ും ഉണ്ടാവില്ല. ഒ പോസിറ്റീവ്‌ രക്‌തമുള്ളവരിൽ കാണുന്ന എച്ച​‍്‌ ആന്റിജനു പകരം എച്ച​‍്‌ ആന്റിബോഡിയാണ്‌ ബോംബെ ഒ പോസിറ്റീവ്‌ രക്‌തമുള്ളവരിൽ. സാധാരണ രക്‌തഗ്രൂപ്പ്‌ നിർണയ പരിശോധനയിൽ ഇവരെ തിരിച്ചറിയാൻ കഴിയില്ല. വിശദപരിശോധനയിലേ എച്ച​‍് ആന്റിബോഡി സാന്നിധ്യം മനസ്സിലാവൂ.  

1952ൽ മുംബെയിൽ ഡോ.ഭെൻഡേയാണ്‌ ഈ രക്‌തഗ്രൂപ്പ്‌ ആദ്യമായി തിരിച്ചറിയുന്നത്‌. ബോംബെ ഒ എച്ച് ഗ്രൂപ്പ്‌ എന്ന പേരുലഭിക്കാനുള്ള കാരണവും ഇതാണ്‌. 10 ലക്ഷത്തിൽ 2 പേരിൽ മാത്രം കാണുന്ന ഗ്രൂപ്പാണ് ഇത്. ഇന്ത്യയിൽ ഇരുന്നൂറോളം പേരാണ് ഈ ഗ്രൂപ്പിലുള്ളതായി തിരിച്ചറിഞ്ഞിട്ടുള്ളത്.

MORE IN SPOTLIGHT
SHOW MORE