അമലിന്റെ അമ്മയ്ക്ക് ഇനി ‘മുപ്പതിനായിരം’ മക്കള്‍; മഹാനന്‍മയെ ഏറ്റെടുത്ത് ഡോക്ടര്‍മാര്‍

amal-organ-doner
SHARE

ഒരു നിമിഷം കൊണ്ട് ജീവിതത്തിലേക്ക് ഇരുട്ട് ഇരച്ചുകയറിയിട്ടും തളരാതെ നിന്ന ഇൗ അമ്മയ്ക്ക് ഇനി മുപ്പതിനായിരം മക്കൾ. വാഹനാപകടത്തിൽ ഭർത്താവിന് പിന്നാലെ മകനും  പോയിട്ടും അവന്റെ അവയവങ്ങൾ ഇൗ അമ്മ ദാനം ചെയ്തു. ഇതോടെ ജീവിതത്തിൽ പ്രതീക്ഷ മാത്രം കൂട്ടായ നാലുപേർക്കാണ് പുതുജീവൻ ലഭിക്കുന്നത്. തകർന്ന് നിൽക്കുന്ന ഘട്ടത്തിൽ പോലും ഇങ്ങനെയൊരു തീരുമാനമെടുക്കാൻ മനക്കരുത്ത് കാണിച്ച് അമ്മയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.എൻ.സുൾഫി.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അച്ഛനെ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുവരുന്ന വഴിക്കാണ് അപകടം നടന്നത്. കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭർത്താവ് രാജൻപിള്ള സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ഏകമകൻ അമലിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജീവിതം തന്നെ കൈവിട്ടുപോയ അവസ്ഥയിലും വിജയശ്രീ തളർന്നില്ല.

പ്രാർഥനയും ചികിൽസയും എല്ലാം നിഷ്ഫലമാക്കി അമിലിന് മസ്തിഷ്കമരണം സംഭവിച്ചതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഈ അമ്മ സമ്മതം അറിയിച്ചത്. അമലിന്റെ അവയവങ്ങൾ നാലുപേർക്കാണ് മാറ്റിവയ്ക്കുന്നത്. വേറിട്ട മാതൃക കാട്ടിയ ഇൗ അമ്മയുടെ ആരോഗ്യ പരിരക്ഷയും ചികിത്സയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏറ്റെടുത്തിരിക്കുകയാണ്. 

‘രണ്ടായിരത്തിൽ പരം രോഗികൾ അവയവദാനം പ്രതീക്ഷിച്ചു ജീവിതം തള്ളി നീക്കുമ്പോൾ അവരിൽ പ്രതീക്ഷ നൽകുന്നതാണ് വിജയശ്രീ എന്ന അമ്മയുടെ നിലപാട്. അവയവദാനത്തെക്കുറിച്ച് നിരവധി സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന അവസരത്തിലാണ് ഈ അമ്മയുടെ കാരുണ്യം നിറഞ്ഞ നിലപാട്. ഇനി വിജയശ്രീ കേരളത്തിലെ മുപ്പതിനായിരം ഡോക്ടർമാരുടെ അമ്മ’. ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.എൻ.സുൾഫി ഫെയ്സ്ബുക്കിൽ കുറിച്ചു.  

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇനി വിജയശ്രീ ഞങ്ങളുടെ അമ്മ !

അവയവ ദാതാവിന്റെ അമ്മയുടെ ആരോഗ്യപരിരക്ഷയും ചികിത്സയും ഐഎംഎ ഏറ്റെടുക്കുന്നു

അങ്ങനെ തുടങ്ങട്ടെ 2019 

കഴിഞ്ഞകൊല്ലം ഏതാണ്ട് പരിപൂർണമായും നിലച്ചുപോയ അവയവദാന പ്രക്രിയ പുതുവത്സരത്തിൽ തുടക്കമിടുന്നത് ഒരു അമ്മയുടെ കാരുണ്യം മൂലം. അപകടത്തിൽ മരിച്ച അമൽ എന്ന മകന്റെ  അവയവങ്ങൾ ദാനം നൽകാൻ സമ്മതം മൂളിയ  കൊല്ലംകാരിയായ വിജയശ്രീയുടെ എല്ലാവിധ ആരോഗ്യപരിരക്ഷയും ചികിത്സയും ഞങ്ങൾ ഏറ്റെടുക്കുന്നു. കഴിഞ്ഞകൊല്ലം കേരളത്തിൽ ഏതാണ്ട് അഞ്ചിൽ താഴെ  മാത്രം അവയവദാനം  നടന്നു എങ്കിൽ 2019-ലെ ആദ്യദിവസങ്ങളിൽ തന്നെ ആദ്യ അവയവദാനം നടന്നത് അത്യന്തം ഊർജ്ജം നൽകുന്നു.

രണ്ടായിരത്തിൽ പരം രോഗികൾ അവയവദാനം പ്രതീക്ഷിച്ചു ജീവിതം തള്ളി നീക്കുമ്പോൾ അവരിൽ പ്രതീക്ഷ നൽകുന്നതാണ് വിജയശ്രീ എന്ന അമ്മയുടെ നിലപാട്. അവയവദാനത്തെക്കുറിച്ച് നിരവധി സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന അവസരത്തിലാണ് ഈ അമ്മയുടെ കാരുണ്യം നിറഞ്ഞ നിലപാട്. ഇനി വിജയശ്രീ കേരളത്തിലെ മുപ്പതിനായിരം ഡോക്ടർമാരുടെ അമ്മ. വിജയശ്രീയുടെ തീരുമാനം ആ രണ്ടായിരം ജീവനുകൾക്ക് പുനർജന്മം നൽകാൻ ഇടയാക്കട്ടെ. ഒന്നും നഷ്ടപ്പെട്ട അമലിന് പകരമാകില്ല. എങ്കിലും ഞങ്ങൾ കൂടെയുണ്ട്.

ഡോ സുൽഫി നൂഹു 

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.