‘നീ പറ പുഷ്കരാ... ബസിലെ സൗമ്യ ആരാ..’; കലക്ടർ ബ്രോയും അമ്പരന്ന വിഡിയോ

pushkara-viral-video
SHARE

വ്യത്യസ്തത ഇഷ്ടപ്പെടുന്ന മലയാളിക്ക് ഒട്ടേറെ വിഭവങ്ങളൊരുക്കിയിട്ടുണ്ട് സോഷ്യൽ ലോകം. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിഡിയോ ആയിരുന്നു ബാഹുബലിയിലെ ഗാനത്തിന് മലയാളം വരികളെഴുതി യുവാവ് ചെയ്ത ടിക് ടോക് വിഡിയോ. ഇൗ വിഡിയോ കലക്ടർ ബ്രോ പ്രശാന്ത് നായരും ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. 

ബാഹുബലിയിലെ ധീവരാ എന്ന ഗാനത്തെ ആധാരമാക്കിയാണ് ആല്‍വിന്‍ ‘നീ പറ പുഷ്കരാ... ബസിലെ സൗമ്യ ആരാ..പുഷ്ക്കരാ..നീ ഗംഭീരാ....നീ പറ’ എന്ന ടിക് ടോക് വിഡിയോ ചെയ്തത്. ആല്‍വിന്‍ ഇമ്മട്ടി ഫ്ലോളോറിഡയില്‍ കോറല്‍ സ്പ്രിങ്‌സിലാണ് താമസം, ഇരുപത്തിരണ്ടുകാരനായ ആല്‍വിന്‍ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാർഥിയാണ്. പ്രശാന്ത് നായർ ഐഎഎസ് തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെ ആൽവിൻ ചെയ്ത കമന്റും ശ്രദ്ധേയമാണ്. ‘കലക്‌ടർ സാറേ, മുകളിൽ കാണുന്ന വിഡിയോയിലെ കക്ഷി ഞാനാണ്. ഞാൻ ചെയ്ത ഈ വിഡിയോ ഷെയർ ചെയ്തതിൽ ഒരുപാട് നന്ദി. ഇതിന്റെ വരികൾ എഴുതിയ ഒറിജിനൽ കക്ഷി ആരാണെന്ന് അറിയില്ല. ടിക്ക് ടോക്കിൽ കണ്ടപ്പോൾ അതുപോലെ ചെയ്തെന്നെ ഉള്ളൂ, ആ വ്യക്തി ആരായാലും എന്റെ നന്ദി അറിയിക്കുന്നു’–  ആൽവിൻ കുറിച്ചു.  

വിഡിയോ പങ്കുവച്ചുകൊണ്ട് പ്രശാന്ത് നായർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:

വിളിച്ചതാരായാലും ഹർത്താൽ നന്നായാ മതി എന്ന ഉദാത്ത ചിന്തയാണ് പലർക്കും. ഏതാനും മാസങ്ങളായി കേരളം സഹിക്കാവുന്നതിനും അപ്പുറത്തെ കോപ്രായങ്ങൾ കാണുന്നു, സഹിക്കുന്നു. നിർബന്ധിതമായി കായികബലം ഉപയോഗിച്ച് അടിച്ചേൽപ്പിക്കുന്ന ബഹളങ്ങൾക്കും സമരങ്ങൾക്കുമിടയിൽ ചവിട്ടിമെതിക്കപ്പെടുന്നവൻ നമ്മുടെ കണ്ണിൽ പെടാത്തത് കൊണ്ടാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാവാത്തത്.

നിർബന്ധിത ഹർത്താലും ബന്ദും അന്നന്നത്തെ കഞ്ഞിക്ക് വകയുണ്ടാക്കുന്നവന്റെ, ദിവസക്കൂലിക്കാരന്റെ വയറ്റത്താണ് അടിക്കുന്നത്. അസംഘടിതനാണവൻ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ തൊഴിലാളികളും കച്ചവടക്കാരും സേവനമേഖലയിൽ പ്രവർത്തിക്കുന്നവരും അസംഘടിതരാണ്. അവർക്ക് ജീവൻ മരണ പ്രശ്നമാണ് തൊഴിലും അതില്ലാതാക്കുന്ന നിർബന്ധിത സമരങ്ങളും. സഹികെട്ട് അതൊന്ന് പറഞ്ഞ് പോയാലോ, ചിലരുടെ കർണ്ണപുടത്തിൽ ശബ്ദതരംഗമായി അത് പതിയുന്നത് വേറെന്തോ ആയിട്ടാണ്. കമ്മി-സംഘി-കോങ്ങി-സുടാപ്പി മുദ്രകുത്തൽ യോജന തുടങ്ങുകയായി. ഈ പാവങ്ങൾ പറയുന്നത് ജീവിക്കാൻ അനുവദിക്കണം എന്നാണ്. വേറൊന്നുമല്ല.

ആര് എന്ത് പറഞ്ഞാലും നമുക്ക് കേൾക്കാൻ ഇഷ്ടമുള്ളതേ ചിലർ കേൾക്കൂ. മനസ്സിലാക്കൂ. അതുകൊണ്ടാണ് ഈയിടെയായി ഒന്നും പറയാത്തത്. ഇത്രയും വലിയ ഫിലോസഫി ഇത്രയും ലളിതമായി പറഞ്ഞ് തന്ന Alvin Emmatty ക്ക് അഭിനന്ദനം.

ബ്രോസ്വാമി

MORE IN SPOTLIGHT
SHOW MORE