ലണ്ടന്‍ വിസ തരാമെന്ന് ഒരാള്‍; ആ ഡെലിവറി ബോയിയുടെ മറുപടി: ആ നന്‍മക്കഥയുടെ ബാക്കി

shamnas-flipkart
SHARE

തൊടുപുഴയിലെ ഒരു അമ്മൂമ്മയ്ക്കും കൊച്ചുമകനും ഒരു ഫ്ളിപ്കാർട്ട് ഡെലിവറി ബോയ് തുണയായ നന്മകഥ ഏറെ ആവേശത്തോടെയാണ് സോഷ്യൽലോകം ഏറ്റുപിടിച്ചത്. വലിയൊരു കൂട്ടം ആളുകള്‍ ആ നന്‍മയ്ക്ക് തുണപാടിയെത്തി. നിസഹയായ ഒരു അമ്മൂമ്മയുടെ കൊച്ചുമകൻ ആശുപത്രിയിൽ മരുന്ന് വാങ്ങാൻ ആവശ്യമായ തുക സംഘടിപ്പിച്ചു നൽകിയാണ് ഡെലിവറി ബോയ് ആയ ഷംനാസ് താരമായത്.  ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മനുഷ്യത്വം വെളിവാക്കുന്ന ആ സംഭവം പുറത്തുവന്നത്. എന്നാൽ ഇപ്പോൾ ചിലരെങ്കിലും ഷംനാസിന്റെ ഉദ്ദേശശുദ്ധിയെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇതിനെക്കുറിച്ചും ഏറെ ദുഖത്തോടെ ഷംനാസ് കുറിച്ചു. 

‘ലണ്ടനിൽ ഉള്ള ഒരു ചേട്ടൻ വിസ വരെ തരാമെന്നു മെസ്സേജ് ചെയ്തു. എല്ലാവര്‍ക്കും കൊടുത്ത മറുപടി ഒന്ന് തന്നെയാണ്. നിങ്ങളുടെ മുന്നിൽ ആദ്യം കാണുന്ന സഹായം അവശ്യമുള്ളവന് എന്ന് തോന്നുന്നവന് അത് നൽകുക. അല്ലാതെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചു ചെയ്യുന്നത് സഹായമല്ല. മറിച്ചു കടം നൽകുന്നതാണ്..’ ഷംനാസ് എഴുതുന്നു.

ഷംനാസിന്റെ പുതിയ പോസ്റ്റ് ഇങ്ങനെ: 

ഇടണമോ എന്ന് കുറെ ചിന്തിച്ചതിനു ശേഷമാണു എഴുതുന്നത്...

കഴിഞ്ഞ ദിവസം ഡെലിവറി പോയപ്പോൾ ഉണ്ടായ ഒരു അനുഭവം ഞാൻ ഫേസ്ബുക് വഴി കുറിച്ചിരുന്നു... സഹായം അഭ്യര്ഥിക്കുന്നവരുടെ മുന്നിൽ നിസ്വാർഥം സേവിക്കാൻ ഒരാൾ എങ്കിലും മുന്നോട്ടുവരണം എന്ന ആഗ്രഹത്തോടെ ഞാൻ ചെയ്ത പോസ്റ്റിനു പ്രതീക്ഷക്കുമപ്പുറമുള്ള റീച് ആണ് കിട്ടിയത്. അനേകായിരങ്ങൾ വായിച്ചു ഷെയർ ചെയ്തു ലൈക് ചെയ്തു. അനേകം ഗ്രൂപ്പുകളിൽ ചർച്ചകൾ വന്നു പല പേജുകളും അത് റീപോസ്റ് ചെയ്തു. അനേകായിരങ്ങൾ ഫേസ്ബുക് വഴി സ്നേഹം അറിയിച്ചു. മനസ്സിന് ഉണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു. എന്നാൽ ഇന്നലെയും ഇന്നുമായി എന്റെ പോസ്റ്റിനു കമന്റായും എനിക്ക് പേർസണൽ മെസ്സേജ് ആയും വന്ന ചില പരാമര്‍ശങ്ങള്‍ മനസ്സിന് വല്ലാതെ വിഷമം നൽകുന്നതാണ്.... എന്റെ പോസ്റ്റിനുള്ള ചോദ്യങ്ങൾക്കു മറുപടി തരാൻ ഞാൻ ബാധ്യസ്ഥനുമാണ്

1 ആ അമ്മയുടെ പ്രായം: 

എന്റെ മുന്നിൽ സഹായം ചോദിച്ച ആ അമ്മയുടെ പ്രായം എനിക്കറിയില്ല. ഒരു മധ്യവയസ്കയാകാം എന്ന് കരുതി എന്റെ അനുമാനത്തിനുള്ള ഒരു പ്രായമാണ് രണ്ടുപേർക്കും നൽകിയത്. ദുരുദ്ദേശപരമല്ലത്ത പോസ്റ്റ് ആയതിനാൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് psc question ചെയ്യുന്ന പോലെ മകന്റെ പ്രായവും അമ്മയുടെ പ്രായവുമൊന്നും ഞാൻ എഴുതി കൂട്ടിയില്ല

2 ) ഫോൺ വാങ്ങിയത്

തികച്ചും അഭിമാനിയാണ് അവർ എന്ന ഉത്തമ ബോധ്യം എനിക്കുള്ളത്കൊണ്ടാണ് ഞാൻ ആ ഫോൺ വാങ്ങിയത്. അല്ലാതെ അവർ ക്യാഷ് മേടിക്കില്ല. അവിടുണ്ടായിരുന്ന ഒരു മേലാളനും അവരെ തിരിഞ്ഞു നോക്കാതിരുന്ന സാഹചര്യത്തിലാണ് അവരെ ഞാൻ കണ്ടത്.

3 ) ഞാൻ നേട്ടമുണ്ടാക്കുന്നു

എന്റെ പോസ്റ്റ് വായിച്ച അനേകായിരങ്ങളിൽ ധാരാളം ആളുകൾ എന്റെ അക്കൗണ്ട് നമ്പർ ചോദിച്ചു. അനേകമാളുകൾ പണം ഓഫർ ചെയ്തു. ലണ്ടനിൽ ഉള്ള ഒരു ചേട്ടൻ വിസ വരെ തരാമെന്നു മെസ്സേജ് ചെയ്തു. എല്ലാവര്‍ക്കും കൊടുത്ത മറുപടി ഒന്ന് തന്നെയാണ്. നിങ്ങളുടെ മുന്നിൽ ആദ്യം കാണുന്ന സഹായം അവശ്യമുള്ളവന് എന്ന് തോന്നുന്നവന് അത് നൽകുക. അല്ലാതെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചു ചെയ്യുന്നത് സഹായമല്ല. മറിച്ചു കടം നൽകുന്നതാണ്

4) അമ്മയും കൊച്ചുമോനും എന്നെ പറ്റിച്ചു എന്നുപറയുന്നവരോട്:

സാരമില്ല ചേട്ടന്മാരെ അവർ എന്നെ കൊന്നിട്ടൊന്നുമില്ലല്ലോ. പിന്നെ 1500 രൂപയ്ക്കു തൊടുപുഴ ടൗണിൽ 5 സെന്റ് സ്ഥലമൊന്നും അവർ മേടിക്കാൻ പോകുന്നില്ല. അതിനുപുറമെ എനിക്കില്ലാത്ത വിഷമം നിങ്ങള്‍ക്ക് തോന്നേണ്ട ആവശ്യമുണ്ടോ..?

5) കെട്ടുകഥയും നോവലും കൊണ്ട് ഫേമസ് ആകാൻ ഇറങ്ങിയവൻ എന്ന് വിളിക്കുന്നവരോട്

ചേട്ടന്മാരെ അങ്ങിനെ നടന്നുവെന്ന് എനിക്കും ദൈവത്തിനുമറിയാം. പിന്നെ നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമുണ്ടോ. എന്നാലും നിങ്ങള്ക്ക് വേണമെങ്കിൽ നോക്കാൻ ഈ പോസ്റ്റിനു താഴെ എന്റെ sbi മെസ്സേജ് സ്ക്രീന്ഷോട് ഇട്ടിട്ടുണ്ട്... പിന്നെ പണ്ട് യാക്കോബിന്റെ കാലം മുതൽ ഉള്ളതാണല്ലോ ഈ സ്വന്തം കൂടയുള്ളവനെ ചവിട്ടുന്ന സ്വഭാവം. അതുകൊണ്ട് ഞാനത് കാര്യമാക്കുന്നില്ല..

എന്റെ കൂട്ടുകാരോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ നന്മ ചെയ്യുന്നോ ഇല്ലയോ എന്ന് കാര്യമാക്കണ്ട. ഒരാൾ അവനാൽ കഴിയുന്നത് ചെയ്യുമ്പോൾ അംഗീകരിക്കുകയും വേണ്ട. പക്ഷെ അവരെ അതിന്റെ പേരിൽ കുത്തി നോവിക്കരുത്. കാരണം ആ ഒരു അനുഭാവം മതി അവൻ പാടെ മാറാൻ.

എന്റെ പോസ്റ്റ് കൊണ്ട് ഞാൻ ബാബ അംതയെപോലെ മഹാൻ ആണെന്നോ എല്ലാവരും ഗാന്ധിജി പോലെ ആകണമെന്നൊന്നും ഞാൻ പറയുന്നില്ല. 20K വ്യൂവേഴ്‌സിൽ ഒരാൾ നല്ലതു ചെയ്യണമെന്ന് ചിന്തിച്ചാൽ അതുമതി.

കുറ്റം പറയുന്ന ചേട്ടന്മാർ ഇതൊരു ബ്ലാക്ക് ഹ്യുമർ ആയിക്കണ്ടാൽ മതി.

സ്നേഹത്തോടെ 

ഷംനാസ് തൊടുപുഴ

കഴിഞ്ഞ ദിവസത്തെ ഷംവാസിന്റെ കുറിപ്പും വാര്‍ത്തയും ഇവിടെ വായിക്കാം: 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.