ഈ തണുപ്പ് അസാധാരണം; 30 കൊല്ലത്തിനിടെ ആദ്യം; പകലും രാത്രിയും ‘അകലെ’

cold-moring-munnar
ഫോട്ടോ: റിജോ ജോസഫ്
SHARE

അസാധാരണമായ തണുപ്പിലാണ് കേരളം. മൂന്നാറിലും ഹൈറേഞ്ചിലെ പലയിടങ്ങളിലും താപനില പൂജ്യത്തിന് താഴെയാണ്. പുതുവര്‍ഷം പിറന്നത് കേരളത്തില്‍ അസാധാരണമായ തണുപ്പുമായാണ്. മൂന്നാറില്‍മാത്രമല്ല മലയോരത്താകെ കൊടും തണുപ്പാണ്. രാത്രിതാപനില പൂജ്യത്തിനും താഴെ , കൂടാതെ ചെടികളിലും മണ്ണിലും വെള്ളം ഖനീഭവിച്ച് ഐസും രൂപപ്പെടുന്നു. 

പര്‍വ്വതപ്രദേശങ്ങളില്‍ കാലാവസ്ഥാ വകുപ്പിന് നിരീക്ഷണ സംവിധാനങ്ങളില്ല. പക്ഷെ ലഭ്യമായ വിവരമനുസരിച്ച് മലയോരമാകെ കനത്ത തണുപ്പില്‍ വിറങ്ങലിക്കുകയാണ്. സമതലങ്ങളിലും കാലാവസ്ഥയിലെ മാറ്റം വ്യക്തമാണ്. കോട്ടയത്തും പുനലൂരിലും ഈയാഴ്ച 17 ഡിഗ്രിയാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. കൊച്ചിയില്‍ 20 വരെതാണു താപനില. 

സാധാരണ ഇക്കാലത്ത് രേഖപ്പെടുത്തുന്നതിനെക്കാള്‍ മൂന്ന് മുതല്‍ അ‍ഞ്ച് ഡിഗ്രിസെല്‍സ്യസ് വരെയാണ് രാത്രിതാപനില കുറഞ്ഞത്. കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടയില്‍ ഇത്രയും കഠിനമായ തണുപ്പ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത് ഈ വര്‍ഷമാണ്.  ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്ന അതിശൈത്യമാണ് ഒരുകാരണമായി പറയുന്നത്. അന്തരീക്ഷത്തില്‍മേഘങ്ങളില്ലാത്തതും തണുത്തകാറ്റ് തെക്കേയിന്ത്യയിലേക്ക് വീശുന്നതുമാണ് താപനിലതാഴുന്നതിന് ഇടയാക്കിയത്. അതോടൊപ്പം ഉത്തരധ്രുവത്തിന് മുകളില്‍ അന്തരീക്ഷ താപനില കൂടുന്നതും അവിടെ നിന്ന് തണുത്തവായു തെക്കുഭാഗത്തേക്ക് കടത്തിവിടുമെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. 

യൂറോപ്പില്‍നിന്നുള്ള അതിശൈത്യതരംഗങ്ങളും ഇത്തവണ മധ്യ ഇന്ത്യയിലേക്കും തെക്കേ ഇന്ത്യയിലേക്കും പ്രവഹിക്കുന്നതും തണുപ്പുകൂടാന്‍ ഇടവരുത്തി. പകല്‍ മുപ്പത് മുതല്‍ മുപ്പത്തി മൂന്ന് ഡിഗ്രിവരെയാണ് ചൂട്. പകല്‍താപനിലയും രാത്രിതാപനിലയും തമ്മില്‍ 12 ഡിഗ്രിസെല്‍സ്യസില്‍ കൂടുതല്‍ വ്യത്യാസമാണ് മിക്കജില്ലകളിലും അനുഭവപ്പെടുന്നത്.  പകലും രാത്രിയും താപനില തമ്മില്‍ പത്തു മുതല്‍ 12 ഡിഗ്രിസെല്‍സ്യസ് വരെ വ്യത്യാസവും അനുഭവപ്പെടുന്നു.    

MORE IN SPOTLIGHT
SHOW MORE