‘എലിമട’യിലേക്ക് നദി ഇരച്ചെത്തി; 370 അടി താഴ്ചയുള്ള ഖനിയിൽ 13 പേര്‍ കുടുങ്ങി, ആശങ്ക

mine-accident
SHARE

‘എലിമട’യിലേക്ക് നദി ഇരച്ചെത്തിയപ്പോള്‍ 370 അടി താഴ്ചയുള്ള ഖനിയിൽ 13 തൊഴിലാളികൾ കുടുങ്ങി. മേഘാലയയുടെ കിഴക്കുള്ള ജെയ്ൻതിയ പർവതമേഖലയ്ക്ക് സമീപമുള്ള ആഴമേറിയ ഖനിയിൽ കുടുങ്ങിയ 13 തൊഴിലാളികളെക്കുറിച്ച് ഒരു വിവരവുമില്ല. രണ്ടു ദിവസം മുമ്പാണ് കനത്ത മഴയിൽ സമീപത്തുള്ള നദി കരകവിഞ്ഞൊഴുകി വെള്ളം ഖനിയിലേക്ക് ഇരച്ചെത്തിയത്. 

പിന്നാലെ ഇടിഞ്ഞുതകരുകയും ചെയ്തു. കൊടുംകാടിനു സമീപത്താണ് ഖനി. കൽക്കരിയാൽ സമ്പന്നമാണു ജെയ്ൻതിയ പർവതമേഖല. ബംഗ്ലദേശ് അതിർത്തിയോടു ചേർന്ന ഈ മേഖലയിലെ ഖനികളെല്ലാം നിയമവിരുദ്ധവും സുരക്ഷാസംവിധാനങ്ങളില്ലാത്തതുമാണ്.

'എലിമടകൾ' എന്നറിയപ്പെടുന്ന ഇത്തരം ഖനികളിൽ കുട്ടികൾ അടക്കമുള്ള തൊഴിലാളികൾ നൂറുകണക്കിനു അടി ആഴത്തിലേക്ക് മുള ഏണി വച്ചിറങ്ങിയാണു കൽക്കരി ശേഖരിക്കുക. ഭൂഗർഭജലം മലിനമാക്കുന്നുവെന്നു കാണിച്ച് 2014ൽ ഇത്തരം ഖനികളുടെ പ്രവർത്തനം ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചതാണ്. ഉപേക്ഷിക്കപ്പെട്ട ഖനികളിൽ പലതും പക്ഷേ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അത്തരമൊരു അനധികൃത ഖനിയിൽ ഇറങ്ങിയ ഗ്രാമീണരാണ് കുടുങ്ങിയത്.

വ്യാഴാഴ്ച രാവിലെയാണ് ഇക്കാര്യം പൊലീസ് അറിഞ്ഞത്. ഒരാഴ്ച മുൻപു മാത്രമാണ് ഇവിടെ അനധികൃത ഖനനം ആരംഭിച്ചതെന്നും പൊലീസ് പറഞ്ഞു. അസമിൽ നിന്നും മേഘാലയയിൽ നിന്നുമുള്ളവരാണ് കുടുങ്ങിയവരെല്ലാം. 2012ൽ സമാനമായ മറ്റൊരു സംഭവത്തിൽ മേഘാലയയിൽ 15 പേർ മരിച്ചിരുന്നു.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ 2 സംഘവും സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെ സംഘവും ഉൾപ്പെടെ നൂറിലേരെ പേർ ചേർന്നാണു രക്ഷാപ്രവർത്തനം. ഖനിയിൽ ബോട്ടിൽ എത്തിച്ചേരാവുന്നിടത്തോളം ഭാഗത്തേക്കു പോയെങ്കിലും ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ല. അറുപതാൾ ആഴത്തില്‍, 370 അടി താഴെയാണ് 13 പേരും കുടുങ്ങിക്കിടക്കുന്നത്. 

മഴ മാറിയെങ്കിലും ചെളിയും കൽക്കരിപ്പൊടിയും കലങ്ങിയ വെള്ളത്തിലൂടെ തിരച്ചിൽ ദുഷ്കരമാക്കുകയാണ്. ഖനിയ്ക്കകത്ത് വെളിച്ചവും കുറവാണെന്നത് ആശങ്കയേറ്റുന്നു. വെള്ളം വറ്റിച്ചുകളയാനുള്ള ശ്രമങ്ങളും തുടരുകയാണ്. നിലവിൽ 70 അടി ഉയരത്തിൽ വെള്ളം കയറിയിട്ടുണ്ട്. ഖനിക്കുള്ളിൽ പല വഴികളായി പിരിയുന്ന അറകളുള്ളതും അന്വേഷണം തടസ്സപ്പെടുത്തുന്നു. ഖനിയുടെ ഉള്ളറയുടെ മാപ്പില്ലാത്തതും തിരിച്ചടിയായി. അനധികൃത ഖനിയുടെ ഉടമയ്ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്നതിനു പിന്നാലെ ഇയാൾ ഒളിവിലാണ്.

MORE IN SPOTLIGHT
SHOW MORE