കാലിലെ എല്ലുകൾ ഒടിഞ്ഞു നുറുങ്ങിയിട്ടും അയ്യനെ കാണാനെത്തി ചെന്നയ്യൻ

chinnayan
SHARE

ഗുരുതരമായ അപകടത്തിൽ വലതു കാലിലെ എല്ലുകൾ ഒടിഞ്ഞു നുറുങ്ങിയിട്ടും അയ്യനെ കാണാതിരിക്കാൻ ചെന്നയ്യന് സാധിച്ചില്ല. പ്ളാസ്റ്ററിട്ട കാലിലെ വേദന അവഗണിച്ച്, ഒന്നര ദിവസത്തോളം യാത്ര ചെയ്ത് 110 പേരുടെ സംഘത്തോടൊപ്പം ചെന്നയ്യൻ സന്നിധാനത്തെത്തി. അയ്യപ്പനെ കണ്ടു, വണങ്ങി.

നിറഞ്ഞ മനസോടെ സോപാനത്തിനരികിലിട്ട കസേരയിലേക്ക് ചാരിയിരുന്ന ചെന്നയ്യൻ പറഞ്ഞു. ‘എനിക്കു തൃപ്തിയായി... ഈ വർഷം സ്വാമിയെ കാണാനാവില്ല എന്നൊരു പേടിയുണ്ടായിരുന്നു. അതു മാറി. ഇനി വിശ്രമിക്കണം. സംഘത്തിലെ ബാക്കിയുള്ളവർ പത്തു ദിവസത്തെ  തീർഥാടനത്തിനായി പോവുകയാണെങ്കിലും ഞാൻ നാട്ടിലേക്കു മടങ്ങുകയാണ്.’

തമിഴ്നാട് േസലത്തിനടുത്ത് കൃഷ്ണഗിരി സ്വദേശിയാണ് ചെന്നയ്യൻ (39). വസ്ത്രവ്യാപാരി. വ്രതമെടുത്ത് തീർഥാടനത്തിനായി ഒരുങ്ങുമ്പോഴാണ് കഴിഞ്ഞയാഴ്ച ചെന്നയ്യൻ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് മറ്റൊരു വാഹനം പാഞ്ഞു കയറിയത്. വലതു കണങ്കാൽ ഒടിഞ്ഞു നുറുങ്ങി. പ്ളാസ്റ്ററിട്ട് ഒന്നര മാസം വിശ്രമിക്കാൻ ഡോക്ടർമാർ പറഞ്ഞെങ്കിലും 9 വർഷമായി ശബരിമലയിലെത്തുന്ന പതിവു മുടക്കാൻ ചെന്നയ്യന് സാധിക്കുമായിരുന്നില്ല.

മൂന്നു ബസുകളിലായി തിരിച്ച സംഘത്തോടൊപ്പം ചെന്നയ്യനും ശബരിമലയിലേക്ക്. സാധാരണ നടന്നാണ് മലകയറ്റമെങ്കിലും ഇത്തവണ ഡോളിയെ ആശ്രയിക്കാതെ തരമില്ലായിരുന്നു. രണ്ടു കൂട്ടുകാരുടെ ചുമലിൽ താങ്ങി, ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിയും കയറി. കാലിന്റെ അവസ്ഥ കണ്ട് പൊലീസുകാർ ചെന്നയ്യനെ ക്യൂവിലേക്കു വിടാതെ ദർശനത്തിന് അനുവദിച്ചു. നിലത്തു കുത്താൻ പറ്റാത്ത വിധം വേദന കൊണ്ടു പുളയുമ്പോഴും അയ്യനെ കാണുന്നതിന്റെ ആനന്ദമായിരുന്നു ആ കണ്ണുകൾ നിറയെ.

MORE IN SPOTLIGHT
SHOW MORE