56 ഇഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല ജനാധിപത്യം; മോദിക്കെതിരെ ആഞ്ഞടിച്ച് ബൽറാം

balram-modi-old
SHARE

റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവെച്ച സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് വി ടി ബല്‍റാം എംഎൽഎ. ജനാധിപത്യം നിലനിൽക്കുന്നത് വ്യക്തികളുടെ അമ്പത്തിയാറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല, ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തിലാണെന്ന് ബൽറാം കുറിച്ചു. 

തകർക്കപ്പെടാൻ ഡെമോക്രാറ്റിക് ഇൻസ്റ്റിറ്റ്യൂഷൻസ് വല്ലതും 'മോഡി'ഫൈഡ് ഇന്ത്യയിൽ അവശേഷിക്കുന്നുണ്ടോ എന്നും ബല്‍റാം ഫെയ്സ്ബുക്കിലൂടെ ചോദിക്കുന്നു. 

കുറിപ്പ് വായിക്കാം:

ജനാധിപത്യം നിലനിൽക്കുന്നത് വ്യക്തികളുടെ അമ്പത്താറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല, ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തിലാണ്, നിഷ്പക്ഷതയിലാണ്, കാര്യക്ഷമതയിലാണ്, വിശ്വാസ്യതയിലാണ്.

ജുഡീഷ്യറി, മാധ്യമങ്ങൾ, ഇലക്ഷൻ കമ്മീഷൻ, ആസൂത്രണ കമ്മീഷൻ, സിബിഐ, സർവ്വകലാശാലകൾ, ഇപ്പോഴിതാ റിസർവ്വ് ബാങ്കും!

തകർക്കപ്പെടാൻ ഡിമോക്രാറ്റിക് ഇൻസ്റ്റിറ്റ്യൂഷൻസ് വല്ലതും ഇനി അവശേഷിക്കുന്നുണ്ടോ 'മോഡി'ഫൈഡ് ഇന്ത്യയിൽ?

വിവാദങ്ങൾക്കൊടുവിൽ രാജി

ഭിന്നതകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉർജിത് പട്ടേല്‍ രാജിവച്ചു. രാജി വ്യക്തിപരമായ കാരണങ്ങളാലെന്നാണ് വിശദീകരണം. 2019 സെപ്തംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി രാജി സംഭവിച്ചത്.

കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായിടെയാണ്. ബാങ്കിന്റെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ്. ഇത് പ്രയോഗിച്ച് റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും നയങ്ങളിലും ഇടപെടുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ബാങ്ക് തലപ്പത്ത് കടുത്ത ഭിന്നതകളുയര്‍ന്നിരുന്നു. മുന്‍കാലങ്ങളിലൊരു സര്‍ക്കാരും ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് പ്രയോഗിച്ചിട്ടില്ല. 

ബാങ്കുകളുടെ കിട്ടാക്കടവും  കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയും റിസര്‍വ് ബാങ്കിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തിനെതിരെയും ആര്‍ബിഐയില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ബാങ്കുകളുടെ മൂലധനമുയര്‍ത്തുന്ന കാര്യത്തിലും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതും ആര്‍ബിഐ തലപ്പത്ത് വിയോജിപ്പുയര്‍ത്തി.

MORE IN SPOTLIGHT
SHOW MORE