‘ഭാര്യവീട്ടിൽ പോകാമല്ല‌ോ..?’; സഖാവിന്‍റെ ആ ചോദ്യത്തില്‍ ‘പറന്നുയര്‍ന്ന’ വിമാനത്താവളം: ഓര്‍മ

nayanar-orma-airport
SHARE

കണ്ണൂരിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ വിടരാൻ ഇനി മൂന്നു നാൾ മാത്രം. പ്രതീക്ഷയിലും ആകാംക്ഷയിലും പറന്നുയരാൻ മനസ്സുകൊണ്ട് തയാറെടുത്തിരിക്കുകയാണ് ഒരോ മലയാളികളും. ഒരോ വികസന സംരഭങ്ങളും പേറുന്നത് ആ സ്ഥലത്തിന്റെ പൈത്യക-സാംസ്ക്കാരിക വൈവിധ്യങ്ങള്‍ കൂടിയാണ്. കണ്ണൂർ വിമാനത്താവളം എന്ന ആ സ്വപ്നത്തിനൊപ്പം നടന്നവരുടെ ആഹ്ളാദത്തിന്റെ നിമിഷങ്ങള്‍ കൂടിയാണ് ആദ്യ വിമാനം കണ്ണൂരിൽ നിന്ന് ടേക്ക്-ഒാഫ് ചെയ്യുമ്പോൾ സാക്ഷാത്കരിക്കുന്നത്. തന്റെ പ്രിയതമൻ കണ്ട സ്വപ്നം അദ്ദേഹത്തിന്റെ അഭാവത്തിൽ ഒറ്റയ്ക്ക് കണ്ടു തീർക്കാൻ ഒരുങ്ങുകയാണ് കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഇ.കെ നായനാരുടെ പത്നി ശാരദ ടീച്ചർ. ആ സ്വപ്നം സഫലമാകുന്ന നിമിഷത്തില്‍ ശാരദ ടീച്ചർ മനസ്സുതുറക്കുന്നു.

വര്‍ഷങ്ങൾക്ക് മുമ്പ് സഖാവിന്റെ ഡൽഹി യാത്രയിലാണ് കണ്ണൂർ വിമാനത്താവളം എന്ന ആശയം രൂപപ്പെടുന്നത്. അന്ന് വിമാനത്തിൽ ഒപ്പം ഉണ്ടായിരുന്ന ദേവഗൗഡ മന്ത്രിസഭയിലെ വ്യോമയാന വകുപ്പ് മന്ത്രിയായിരുന്ന സി.എം.ഇബ്രാഹീമുമായി നടത്തിയ സംഭാഷണം സഖാവ് എന്നോട് പറഞ്ഞു. സി.എം.ഇബ്രാഹിം കർണാടകയിൽ നിന്നുള്ള മന്ത്രി ആയിരുന്നെങ്കിലും കണ്ണൂർ കൂത്തുപറമ്പുകാരനായിരുന്നു. സഖാവ് എല്ലാം അദേഹത്തിന്റെ സ്വതസിദ്ധമായ നർമ്മത്തിലാണ് അവതരിപ്പിക്കുക, വിമാനത്താവളം ആയിരുന്നാലും അങ്ങനെ തന്നെ.

airport-kannur

'നമ്മക്ക് ഒരു വിമാനത്താവളം വേണ്ടേടോ, മട്ടന്നൂരിലായാലെന്താ കുഴപ്പം...? നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയുടെ വീട്ടിൽ പോകാൻ സൗകര്യമാകില്ലേ..?' ഇങ്ങനെയാണ് സഖാവ് മന്ത്രിയോട് വിമാനത്താവളത്തിന്റെ കാര്യം അവതരിപ്പിച്ചത്. പിന്നീട് അദേഹം മന്ത്രിസഭയിലും പ്രതിപക്ഷ കക്ഷികളോടും കൂടിയാലോചിച്ച് ഇങ്ങനെ ഒരു ആശയം മുന്നോട്ട് വയ്ക്കുകയായിരുന്നു. 

അദേഹത്തിന്റെ സ്വപ്ന പദ്ധതികളി‍ൽ ഒന്നായിരുന്നു കണ്ണൂർ വിമാനത്താവളം. എവിടെ സ്ഥലം കണ്ടെത്തുമെന്നത് ആദ്യം ഒരു വെല്ലുവിളിയായിരുന്നു. ആദ്യകാലത്ത് മാടായിപാറ എന്ന സ്ഥലം വിമാനത്താവളത്തിനായി ഉയർന്നു കേട്ടിരുന്നു. പിന്നീട് അത് മൂർഖൻ പറമ്പ് ആകുകയായിരുന്നു. അതിരുകളില്ലാതെ ഏക്കറുകണക്കിനു സ്ഥലമായിരുന്നു തരിശായി അവിടെ ഉണ്ടായിരുന്നത്. യാത്രാക്ലേശം അനുഭവിക്കുന്ന ഒരുപാട് പ്രവാസികൾക്ക് ആശ്വാസമാകും എന്ന നിലയ്ക്കാണ് സഖാവ് ഇത്തരം ഒരു ആശയം മുന്നോട്ട് വച്ചത്. പിന്നീട് മാറി മാറി വന്ന സർക്കാരുകൾ ഉമ്മൻ ചാണ്ടിയും വിഎസും പിണറായിയും ഈ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചു. സഖാവിന്റെ നൂറാം ജന്മദിനത്തിൽ ഈ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നതിൽ സന്തോഷമുണ്ട്.

kannur-airport

ശൈലജ ടീച്ചറുടെ മകന്റെ കല്യാണത്തിനു പോയപ്പോൾ ദൂരെ നിന്ന് വിമാനത്താവളം കണ്ടിരുന്നു. ഇനി ഞായറാഴ്ചയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പാണ്. ആരോഗ്യ പ്രശ്നങ്ങൾ നിരവധിയുണ്ട്. എങ്കിലും ഉദ്ഘാടനത്തിൽ പങ്കെടുക്കും. രണ്ട് വർഷമായി മകന്റെ തിരുവനന്തപുരത്തെ വീട്ടിൽ പോകാറില്ല, ആരോഗ്യ പ്രശ്നങ്ങളാണ് കാരണം. തിരക്കുകൾ എല്ലാം അല്പം ഒന്നു കുറയുമ്പോൾ, ഇത്തവണത്തെ എന്റെ തിരുവനന്തപുരം യാത്ര മൂർഖൻപറമ്പിൽ നിന്നുള്ള വിമാനത്തില്‍ ആയിരിക്കുമെന്ന് മനസ്സിലുറപ്പിച്ച കാര്യമാണ്.

തന്റെ പ്രിയ സഖാവ് അന്ന് കണ്ട ആ സ്വപ്നത്തിന് സാക്ഷിയാകാൻ സാധിച്ചതിന്റെ നിവൃതിയിലാണ് കല്ല്യാശ്ശേരിയിലെ വീട്ടിൽ ശാരദ ടീച്ചർ.

MORE IN SPOTLIGHT
SHOW MORE