50 ജീവനുകൾക്കു കാവലായി മമ്മൂട്ടിയുടെ ‘സുകൃതം’; ബിഷപ്പിനു നന്ദി പറഞ്ഞ് സുരേഷും കുടുംബവും

care-and-share-father
SHARE

നടൻ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ കീഴിൽ നിർധനരായ വൃക്ക രോഗികൾക്ക് ശസ്ത്രക്രിയ സഹായം ലഭ്യമാക്കുന്ന ‘സുകൃതം’ പദ്ധതിയിലൂടെ ജീവന്റെ പാതയിൽ തിരിച്ചെത്തിയവരുടെ എണ്ണം അൻപതു കടന്നു. കോട്ടയം ജില്ലയിലെ പള്ളിക്കത്തോടിനു സമീപം തറക്കുന്ന് പടന്നമാക്കൽ സുരേഷ് ആയിരുന്നു അന്‍പതാമത്തെ ഗുണഭോക്താവ്. സുരേഷിന് വൃക്ക ദാനം ചെയ്തത് ഭാര്യ ശ്രീകലയും. ജീവതത്തിലേക്കു തിരിച്ചു വന്ന സുരേഷും കുടുംബവും നന്ദി സൂചകമായി പഴവർഗങ്ങൾ  സമ്മാനമായി നൽകാന്‍ പിതാവിന്റെ അടുക്കൽ എത്തി.  മകൻ അഭിനവും ഒപ്പമുണ്ടായിരുന്നു. പദ്ധതിയിലൂടെ തന്നെ വൃക്ക മാറ്റിവയ്ക്കൽ നടത്തിയ കുമ്മനം മാടപ്പാട്ട്തറ നസീറും ചടങ്ങിലെത്തി. വേദനസംഹാരി ഗുളികകൾ കഴിച്ചപ്പോൾ ഉണ്ടായ റിയാക്ഷൻ ആണ് നസീറിന്റെ ജീവിതത്തിൽ വില്ലനായി എത്തിയത്. ഭാര്യ ബീമാ ആയിരുന്നു നസീറിന് വൃക്ക പകുത്ത് നൽകിയത്. 

കൊല്ലത്തെ ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പാലാ രൂപതയുടെ സഹായ മെത്രാൻ ജേക്കബ് മുരിക്കൻ സ്വന്തം വൃക്ക മറ്റൊരാൾക്ക്‌ ദാനം ചെയ്ത മഹാനന്‍മയിലാണ് ഇത്തരം ഒരു പദ്ധതി തുടങ്ങാൻ മമ്മൂട്ടിയെയും സഹപ്രവർത്തകരെയും പ്രേരിപ്പിച്ചത്. പദ്ധതി ഉദ്ഘാടനം ചെയ്തതും ഈ പിതാവ് തന്നെ. 

ജീവിത ചര്യകളിലെ പാളിച്ചകളാണ് വൃക്ക രോഗങ്ങളിലേക്കു നയിക്കുന്ന പ്രധാന ഘടകമെന്നു ബിഷപ്പ് ജേക്കബ് മുരിക്കൻ അഭിപ്രായപ്പെട്ടു. കുട്ടികളിൽ തുടങ്ങി ഇതിന് ബോധവൽക്കരണം നടത്തുകയാണെങ്കിൽ ഭാവിയിൽ ഈ വിപത്ത് തടയാൻ സാധിക്കും. വൃക്ക ദാനം ചെയ്ത ശേഷം തനിക്ക് പഴയതിലും സജീവമായി കാര്യങ്ങൾ ചെയ്യാനുള്ള ഉണർവ്വുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. കൂടുതൽ ആളുകൾക്ക് ഇതൊരു പ്രചോദനം ആകുന്നതിൽ സന്തോഷിക്കുന്നതായും ബിഷപ് പറഞ്ഞു. 

വൃക്ക രോഗ ബാധിതനായി  ജീവിതം വഴിമുട്ടി നിന്ന സാഹചര്യത്തിൽ നാട്ടുകാരനായ ജോമോൻ മണിയങ്ങാട് ആണ് സുരേഷിന്റെ അവസ്ഥ അധികൃതരെ അറിയിക്കുന്നത്. സാഹചര്യം അറിഞ്ഞ മമ്മൂട്ടി ഉടനെ ഇടപെടുകയായിരുന്നു. രക്‌ത ബന്ധുക്കൾ വൃക്ക ദാനം ചെയ്യുന്ന കേസുകളിൽ ആണ് കെയർ ആൻഡ് ഷെയർ സഹായം ലഭ്യമാക്കാൻ സാധിക്കുന്നത്.

father-murikkan

കോട്ടയം ജില്ലയിൽ നിന്ന് മാത്രം ആറു പേർ ഇതിനോടകം ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആയിട്ടുണ്ടന്നു കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ പറഞ്ഞു. മുപ്പത്തിയഞ്ച് പേർക്കു സഹായം ലഭ്യമാക്കാനായിരുന്നു  പദ്ധതി ലക്ഷ്യമിട്ടതെങ്കിലും അൻപതു പിന്നിട്ടതിൽ ചാരിതാർഥ്യം ഉണ്ടന്ന് മെഡിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റമീസ് സലാം പറഞ്ഞു. മമ്മൂട്ടിയുടെ പി.ആർ. യും കെയർ ആൻഡ് ഷെയർ ഡയറക്ടറുമായ റോബർട്ട്‌ കുര്യാക്കോസും ചടങ്ങിൽ പങ്കെടുത്തു.

തന്നെ സന്ദർശിച്ച സുരേഷിനും നസീറിനും ഭാവി ചികിത്സക്കായി ‘പോക്കറ്റ് മണി’ കൂടി പിതാവ് സമ്മാനിച്ചപ്പോൾ അത് അപൂര്‍വ്വ നിമിഷമായി. തിരികെ പോകുമ്പോൾ സുരേഷും നസീറും അവരുടെ ഒരു പ്രധാന ആവശ്യം കൂടി മുന്നോട്ടു വച്ചു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ പ്രിയപ്പെട്ട മമ്മൂക്കയെ ഒന്ന് നേരിൽ കാണണം. കൈ പിടിച്ചു നന്ദി പറയണം. അത്രമാത്രം. 

MORE IN SPOTLIGHT
SHOW MORE