‘ഞാൻ മരിച്ചെന്നു കരുതി’ ; ഹെയർഡൈ ഉപയോഗിച്ച പെൺകുട്ടിയ്ക്കു സംഭവിച്ചത്

haridye-allergy
Photo Credit: Youtube/Screengrab
SHARE

ഹെയർ ഡൈകളുടെ നിരവധി പരസ്യങ്ങൾ സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും ഇന്ന് കാണാനാകും. നിമിഷങ്ങൾക്കുള്ളിൽ മുടി കറുപ്പിക്കാമെന്ന വാഗ്ദാനം വരെ ചില കമ്പനികൾ നൽകുന്നു. അകാലനര വർധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഹെയർഡൈയ്ക്കു ആവശ്യക്കാരും ഏറിയിട്ടുണ്ട്.

എന്നാൽ സൗന്ദർവർധക വസ്തുക്കൾ ജീവനു തന്നെ ഭീഷണിയായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു അനുഭവമാണ് ഫ്രാൻസിലെ പാരീസിൽ എസ്റ്റെല്ല എന്ന പെൺകുട്ടിയ്ക്കുണ്ടായിരിക്കുന്നത്. ഒരു സൂപ്പർ മാർക്കറ്റിൽ നിന്നാണ് ഹെയർ ഡൈ വാങ്ങിയത്. മുടിയ്ക്കു നല്ല കറുപ്പ് നിറം ലഭിക്കാനാണ് ഇത് വാങ്ങിയത്. 

മുടി ഡൈ ചെയ്യുന്നതിനു മുന്നോടിയായി അലർജി ടെസ്റ്റ് നടത്തിയതായിരുന്നു . ഇങ്ങനെ ചെയ്യാൻ പാക്കറ്റിൽ എഴുതിയിട്ടുണ്ടായിരുന്നു. തലയോട്ടിയിലും മുഖത്തും ആദ്യം ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ ഡോക്ടറെ സമീപിച്ചു. ആന്റിബയോട്ടിക്കുകൾ കഴിച്ചു. പ്രയോജനമുണ്ടായില്ല. മുഖം നീരുവയ്ക്കാൻ തുടങ്ങി. പിറ്റേന്നു രാവിലെ മുഖം നീരുവച്ച് വീർത്തു. നാക്കിൽ പോലും നീര് വന്നു. ശ്വാസംമുട്ടലും അനുഭവപ്പെട്ടു. മുഖത്തിന്റെ ആകൃതി ബൾബ് പോലെയായി. 

ഇതോടെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ചു. വിദഗ്ധ ചികിത്സ ലഭിച്ചതോടെ നീര് കുറയാൻ തുടങ്ങി. താമസിയാതെ ആശുപത്രി വിടാനായി. ഒരു ഘട്ടത്തിൽ താൻ മരണത്തെ വരെ അഭിമുഖീകരിച്ചെന്നു ഒരു ഫ്രഞ്ച് മാധ്യമത്തോടു ഇവർ പറഞ്ഞു. തന്റെ അനുഭവം മറ്റാർക്കു ഉണ്ടാകാതിരിക്കാനാണ് ഇത് മറ്റുള്ളവരുമായി പങ്കിടുന്നതെന്നും എസ്റ്റേല്ല പറഞ്ഞു. 

ഹെയർഡൈയിൽ അടങ്ങിയിരിക്കുന്ന പാരഫെനലിൻഡയ്മിൻ എന്ന രാസവസ്തുവാണ് വില്ലനായത്. ഇത് മാംസപേശികളുടെ ശക്തിക്ഷയത്തിനും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും വൃക്കസംബന്ധമായ തകരാറുകൾക്കും കാരണമെന്നും എസ്റ്റെല്ല വിശദീകരിക്കുന്നു. 

MORE IN SPOTLIGHT
SHOW MORE