അമ്മേ, ആ വിഡിയോ കണ്ടപ്പോള്‍ ഉള്ളുപിടഞ്ഞുപോയി; സ്നേഹവിളികള്‍: പ്രതീക്ഷ

sethu-lakshmi-manju-help
SHARE

‘അമ്മേ..അമ്മ കരഞ്ഞ് പറഞ്ഞ ആ വിഡിയോ കണ്ടപ്പോൾ ഉള്ളുപിടഞ്ഞുപോയി. അമ്മയുടെ മകന് ഞാൻ തരാമമ്മേ കിഡ്നി. എനിക്ക് ജീവിക്കാൻ ഒരെണ്ണം മതിയല്ലോ. മാത്രമല്ല സിനിമയിൽ അമ്മയുടെ അഭിനയം എനിക്ക് അത്ര ഇഷ്ടമാണ്..’ പാലായിൽ നിന്നും വിളിച്ച ഒരു യുവതി സേതുലക്ഷ്മി അമ്മയോട് പറഞ്ഞ വാക്കുകളാണിത്. എങ്കിലും മുന്നിലുള്ളത് ഒരു കടലാണ്. ഏകദേശം 35 ലക്ഷത്തോളം രൂപയാണ് മകന്റെ ചികിൽസയ്ക്കായി വേണ്ടത്. ദിവസങ്ങൾക്ക് മുൻപാണ് മകന്റെ ജീവൻ രക്ഷിക്കാൻ സഹായം ചോദിച്ച് സിനിമാതാരം സേതുലക്ഷ്മി ഫെയ്സ്ബുക്കിൽ അപേക്ഷയുമായി എത്തിയത്. ദിവസങ്ങൾക്കിപ്പുറം സേതുലക്ഷ്മി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു, കേരളം കാണിച്ച സ്നേഹത്തെ കുറിച്ച്.

ഡയാലിസിലൂടെ അവന്റെ ജീവൻ നിലനിർത്തണം. ഉയിരോടെ എന്റെ കുഞ്ഞിനെ എനിക്ക് കാണണം. അത്രയേയുള്ളൂ മോഹം. വാടക വീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് അവന് കിഡ്നി സംബന്ധമായ അസുഖം പിടികൂടിയത്. ഇപ്പോൾ കാലിന്റെ അസ്ഥികൾക്ക് തേയ്മാനവും ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഞാൻ ആകെ തകർന്നുപോയി. കിഡ്നി മാറ്റി വയ്ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞപ്പോൾ ഒരു പയ്യനാ പറഞ്ഞേ അമ്മ.. നമുക്ക് ഫെയ്സ്ബുക്കിൽ ഒരു വിഡിയോ ചെയ്യാം എന്ന്. ഒടുവിൽ കിട്ടിയ കച്ചിതുരുമ്പായിരുന്നു അത്. ആ വിഡിയോ സോഷ്യൽ ലോകത്ത് ഒട്ടേറെ പേർ കണ്ടു. എന്നെ വിളിച്ചു. എന്നെ ഇഷ്ടപ്പെടുന്ന കുറേ േപർ എന്നെ സഹായിക്കാൻ മുന്നോട്ട് വന്നു. നന്ദിയുണ്ട് മക്കളെ ഒരുപാട്

സിനിമയിൽ നിന്നും ആരൊക്കെ വിളിച്ചു?

ഇൗ വിഡിയോ കണ്ടശേഷം മഞ്ജു വാരിയർ വിളിച്ചിരുന്നു. എന്താ മുൻപ് പറയാഞ്ഞത് എന്ന് ചോദിച്ചു. ധൈര്യമായിരിക്ക് ഒരുപാട് സംഘടനകളുണ്ട് എല്ലാവരും സഹായിക്കും. വേണ്ടതെല്ലാം ചെയ്യാം എന്ന് മഞ്ജു പറഞ്ഞു. പിന്നെ ഇന്ദ്രജിത്തും വിളിച്ച് അക്കൗണ്ട് നമ്പർ വാങ്ങിച്ചിട്ടുണ്ട്. എല്ലാവരും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഫോൺ വിളിച്ച് പറയുന്ന സാധാരണക്കാരുടെ സ്നേഹം ഇൗ ദിവസങ്ങളിൽ അടുത്തറിയുന്നുണ്ട്. സൗജന്യമായി കിഡ്നി തരാമെന്ന് പറഞ്ഞ് രണ്ടുേപർ വിളിച്ചിരുന്നു. നാളെ അവർ പരിശോധനയ്ക്ക് എത്തും. കേരളം കാണിക്കുന്ന ഇൗ സ്നേഹം കാണുമ്പോൾ എന്റെ കുഞ്ഞിന് ഒന്നും സംഭവിക്കില്ലെന്ന് ഇപ്പോൾ തോന്നുന്നു.

അമ്മ സംഘടനയിൽ എന്തുകൊണ്ടാണ് ഇൗ വിവരം പറയാഞ്ഞത്?

ഇതേ ചോദ്യമാണ് ഇന്ന് ഇടവേള ബാബുവും എന്നോട് ചേദിച്ചത്. ഒരു രൂപ പോലും വാങ്ങാതെയാണ് എനിക്ക് അമ്മയിൽ അവര്‍ അംഗത്വം നൽകിയത്. മോഹൻലാൽ അടക്കം അതിന് നല്ല പിന്തുണ തന്നിരുന്നു. ഇപ്പോ മാസം തോറും അയ്യായിരം രൂപ പെൻഷനും ഞാൻ അമ്മയിൽ നിന്നും വാങ്ങിക്കുന്നുണ്ട്. അവർ ഇത്രയൊക്കെ ചെയ്യുമ്പോൾ എന്റെ കയ്യിൽ ഒന്നുമില്ലാതെ ഞാനെങ്ങനെയാ സഹായം ചോദിക്കുന്നേ.. അതാ ഞാൻ അവരോട് ഒന്നും പറയാതിരുന്നേ... ഇപ്പോൾ ചെറിയ തുകകളൊക്കെ കുറേ േപർ തന്നു സഹായിക്കുന്നുണ്ട്. ഇനി എനിക്ക് അമ്മയോട് ചോദിക്കാ‌ന്‍ ഒരു ധൈര്യമുണ്ട്. പണം തികയാതെ വന്നാൽ ചോദിക്കണം. എന്റെ അവസ്ഥ അറിഞ്ഞ് ഇപ്പോൾ കുറേ അവസരങ്ങൾ വരുന്നുണ്ട്. ഒട്ടേറെ പേർ അവരുടെ ചിത്രത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളത്തിന്റെ ഇൗ സ്നേഹം മതി, എന്റെ മകൻ തിരിച്ചുവരും.  

സേതു ലക്ഷ്മിയുടെ ഫോൺ നമ്പർ: 9567621177

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.