എങ്ങനെ അല്‍ത്താഫ് ഗുണ്ടയായി? ജയിലിലായി; ‘കക്കരിക്ക’യില്‍ തുടങ്ങിയ ആ ജീവിതം

althaf-life-story
SHARE

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരുടെ മര്‍ദനം മൂലം ശരീരം തളര്‍ന്ന അല്‍ത്താഫ് പ്രതീക്ഷ കൈവിട്ടിട്ടില്ല. പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും പരസഹായം വേണ്ട അവസ്ഥയില്‍ ഇനിയും ജയിലില്‍ തുടരേണ്ടി വരില്ലെന്നാണ് ഈ യുവാവിന്‍റെ പ്രതീക്ഷ. ചെറുപ്രായത്തില്‍ തന്നെ എങ്ങനെ അല്‍ത്താഫ് ജയിലിലെത്തി. എങ്ങനെ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തിപ്പെട്ടു..? എന്തുകൊണ്ട് ഇത്രയും കേസുകള്‍ സ്വന്തം പേരിലായി.  ഈ ചോദ്യങ്ങള്‍ക്ക് അല്‍ത്താഫ് മറുപടി പറഞ്ഞു. 

കൊയിലാണ്ടി സ്വദേശിയായ അല്‍ത്താഫ് ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. സാമ്പത്തികമായ പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നു. 2001ലാണ് ആ സംഭവം. വിശന്നു വലഞ്ഞ അല്‍ത്താഫ് സമീപത്തുള്ള പാടത്തിറങ്ങി കുറച്ച് കക്കരിക്ക പറിച്ചു. കുറച്ചല്ല, കുറച്ചധികം. കൂട്ടുകാരും ഉണ്ടായിരുന്നു കൂട്ടിന്. കഴിച്ച് വിശപ്പ് തീര്‍ന്നപ്പോള്‍ പറിച്ച കക്കരിക്ക ഉപേക്ഷിച്ചുപോരാന്‍ തോന്നിയില്ല. എല്ലാം പാഴ്സലാക്കി. അവിടെ എത്താത്ത കൂട്ടുകാര്‍ക്ക് കൊടുക്കാന്‍. പെട്ടന്നാണ് കൃഷിയുടമ അവിടെയെത്തിയത്. കൂട്ടുകാരെല്ലാം ഓടി രക്ഷപ്പെട്ടു. കക്കരിക്കയുമായി നില്‍ക്കുന്ന അല്‍ത്താഫിന് ഓടാനായില്ല. പിടിയിലായിപ്പോയി. ഇതോടെ ആ കുറ്റം മാത്രമല്ല, സമീപ കാലത്തുണ്ടായ കാര്‍ഷിക മോഷണമെല്ലാം അല്‍ത്താഫിന്‍റെ തലയിലായി. അത്യാവശ്യം നാട്ടില്‍ കുരുത്തക്കേടുകളെല്ലാം ഒപ്പിക്കുന്നതിനാല്‍ ആരോപണങ്ങള്‍ക്ക് കാര്യമായ തെളിവുകളൊന്നും വേണ്ടിയിരുന്നില്ല. നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടു തല്ലി. ഇതോടെ സ്ഥലത്തെ പ്രധാന കള്ളനും പ്രശ്നക്കാരനുമെന്ന പേര് അല്‍ത്താഫില്‍ വീണു. ഒരു കാലത്തും മോചനമില്ലാത്ത പേര്.  ഇതില്‍ നിന്ന് ഒന്നും രക്ഷ തേടിയാണ് നാടുവിട്ടത്. പോകാത്ത സ്ഥലമില്ല. എടുക്കാത്ത ജോലിയില്ല. ബെംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ മാറി മാറി ജോലി ചെയ്തു. 

മടക്കം ഗുണ്ടയായി

വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് തിരിച്ചുവരുന്നത് ഗുണ്ടയായിട്ടാണ്. കാരണം മെട്രോ നഗരങ്ങളിലെ ജോലിഭാരം അല്ത്താഫിനെ തളര്‍ത്തിയിരുന്നു. എത്ര ആത്മാര്‍ഥത കാണിച്ചിട്ടും ആട്ടും തുപ്പുമായിരുന്നു ഫലം. ഹോട്ടലിലെ ജോലിയാണ് ഏറെയും ചെയ്തത്. പലയിടത്ത് നിന്ന് കൃത്യമായി കൂലിയും കിട്ടാതായതോടെ ജോലിക്ക് പോകാതെയായി. വരുമാനത്തിനായി ചില്ലറ ലഹരിവില്‍പ്പനക്കാരൊപ്പം കൂടി. അങ്ങനെ പതുക്കെ ഗുണ്ടാ, ക്വട്ടേഷന്‍ സംഘത്തിലേയ്ക്കും എത്തി. എന്നാല്‍ ഇതുവരെ ഒരു ക്വട്ടേഷന്‍ പോലും ഏറ്റെടുക്കാനോ നടപ്പിലാക്കാനോ അല്‍ത്താഫിനായിട്ടില്ല. കൂട്ടുപോകാന്‍ മാത്രമായിരുന്നു അല്‍ത്താഫിനെ വിളിച്ചത്. ഇതും മടുത്തതോടെയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. മെട്രോ നഗരങ്ങളെ പരിചയമുള്ള വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന അല്‍ത്താഫിന് നാട്ടിലെ ക്രിമിനല്‍ സംഘം വരവേറ്റു. 

19 കേസുകള്‍

നാട്ടിലെത്തിയതിന് പിന്നാലെ തലങ്ങും വിലങ്ങും പ്രശ്നങ്ങളായി. മിക്കതും അടിപിടി കേസുകളാണ്. വലിയ ഗുണ്ടയായിട്ടാണ് മെട്രോ നഗരങ്ങളില്‍ നിന്ന് എത്തിയതെങ്കിലും നാട്ടില്‍ ലഭിച്ചത് ചെറിയ ചെറിയ കേസുകള്‍ മാത്രം. സ്കൂള്‍ വിദ്യാര്‍ഥികളുടേയും മറ്റും അടിപിടി കേസുകളില്‍ പകരം തല്ലാന്‍ പോകുന്നത് സ്ഥിരമാക്കി. അങ്ങനെയാണ് ഇത്രയും കേസുകള്‍ ഒറ്റയടിക്ക് ലഭിച്ചത്. 

ഒടുവില്‍ ജയിലില്‍

ചെറിയ ഗുണ്ടാപ്പണിയും കാര്യമായി ചിലവാകാതെ വന്നതോടെ എന്തുചെയ്യുമെന്ന ആലോചനയായി. അപ്പോഴാണ് പുതിയൊരാശയം തലയില്‍ കത്തിയത്. റെയില്‍വേ  നിര്‍മാണ ജോലികള്‍ നടക്കുന്നയിടങ്ങളില്‍ പോയി ഇരുമ്പ് മോഷ്ടിച്ച് വില്‍ക്കുക. ഒരു പരീക്ഷണം എന്ന നിലയിലാണ് ഇത് തുടങ്ങിയതെങ്കിലും പിന്നീട് ഇത് സ്ഥിരമാക്കി. പക്ഷെ ഇതും അധിക കാലം നീണ്ടു നിന്നില്ല. റെയില്‍വെ പൊലിസ് പൊക്കി. കേസായി. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്. ഇതിനൊപ്പം മറ്റു കേസുകള്‍ കേരള പൊലിസും ചുമത്തി.  എല്ലാ കേസുകളിലുമായി രണ്ടു വര്‍ഷം തടവാണ് ശിക്ഷ വിധിച്ചത്. 

അപ്രതീക്ഷിത മര്‍ദനം 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചത്. തടവുകാര്‍ പലരും ഉദ്യോഗസ്ഥരോട് സൗഹൃദ മനോഭാവത്തിലായിരുന്നുവെങ്കിലും അല്‍പം കടുപ്പക്കാരനായ അല്‍ത്താഫിനോട് പൊലിസും പൊലിസിനോട് അല്‍ത്താഫും  അകലം പാലിച്ചു പോന്നു. ഇതിനിടയില്‍ കണ്ട ചില നീതികേടുകള്‍ അല്‍ത്താഫിന്‍റെ രക്തം തിളപ്പിച്ചു. ചില തടവുകാര്‍ക്ക് ചില പ്രത്യേക തരം ഭക്ഷണം ജയിലില്‍ കിട്ടുന്നതിനെയടക്കം അല്‍ത്താഫ് ചോദ്യം ചെയ്തു. ഇതോടെ ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടായി അല്‍ത്താഫ് മാറി. അവസരം കിട്ടിയപ്പോള്‍ ഈ കരടിനെ നീക്കാനും അവര്‍ ശ്രമിച്ചു. ഏല്‍പ്പിച്ച ജോലി ചെയ്യാനാകില്ലെന്ന് പറഞ്ഞ ദിവസം അച്ചടക്കലംഘനത്തിന്‍റെ പേരില്‍ ക്രൂര മര്‍ദനമാണ് ഏറ്റത്. കാല് കഴുത്തില്‍ ചുറ്റി മര്‍ദിച്ചു. ബൂട്ടിട്ട് ചവിട്ടി. കരഞ്ഞ് കാലുപിടിച്ചിട്ടും വെറുതെ വിട്ടില്ല. ഇതോടെ ഒന്നിനും കഴിയാത്ത രിതിയിലായി അല്‍ത്താഫ്. സംഭവം  പുറത്തറിയാതിരിക്കാന്‍ ചികില്‍സ പോലും നിഷേധിച്ചു. ഇതോടെയാണ് ശരീരം തളര്‍ന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജില്ലാ ജയിലിലേയ്ക്ക് മാറ്റിയപ്പോഴാണ് ചികില്‍സയ്ക്കുള്ള വഴിയൊരുങ്ങിയത്. 

പരാതിയുമായി ബന്ധുക്കള്‍

പതിനാറാം വയസിലെ ആ സംഭവത്തോടെ ഉപേക്ഷിച്ചതായിരുന്നു വീട്ടുകാര്‍. അല്‍ത്താഫിന്‍റെ ശരീരം തളര്‍ന്നെന്ന് കേട്ടതോടെയാണ് ഉമ്മ ആയിഷയും സഹോദരന്‍ ഷാഹിദും രക്ഷക്കെത്തിയത്. ഇവരാണ് ഇപ്പോള്‍ അല്‍ത്താഫിനെ ആശുപത്രിയില്‍ നോക്കുന്നത്. ക്രൂരമായ മര്‍ദനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും നേരിട്ട് പരാതി നല്‍കാനൊരുങ്ങുകയാണ് ഇവര്‍. ശരീരം തളര്‍ന്ന സാഹചര്യത്തില്‍ അല്‍ത്താഫിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ജയില്‍ സൂപ്രണ്ടും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ശുപാര്‍ശയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ബന്ധുക്കളുടേയും അല്‍ത്താഫിന്‍റെയും പ്രതീക്ഷ. 

എല്ലാം മറക്കാന്‍ ശ്രമിക്കുകയാണ് ഈ യുവാവ്. തീര്‍ത്തും നിയമങ്ങള്‍ക്ക് വിധേയനായി കുറ്റകൃത്യങ്ങളും തെറ്റുകളും ഇല്ലാത്ത ജീവിതം നയിക്കാന്‍ അവസരം തേടുകയും ശ്രമിക്കുകയും ചെയ്യുന്നു അല്‍ത്താഫ്.

MORE IN SPOTLIGHT
SHOW MORE