യുഎസ് യുവാവിനെ അമ്പെയ്തുകൊന്ന ദ്വീപില്‍ ജീവിതം ഇങ്ങനെ: ഞെട്ടിക്കുന്ന വിഡിയോ

sentinels-the-world
SHARE

അമ്പെയ്ത് കൊലപ്പെടുത്തിയ അലന്റെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത് ഊർജിതമായി നടക്കുകയാണ്. ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ് ആണ് നോർത്ത് സെന്‍റിനൽ. അവിടെ മാത്രം ജനിച്ചു മരിച്ചു ജീവിക്കുന്ന ഗോത്രമനുഷ്യരാണ്  സെന്‍റിനൽസ് എന്നറിയപ്പെടുന്നത്. കാടിനെയും കടലിനെയും ആശ്രയിച്ചാണ് സെന്റിനെൽ ദ്വീപ് നിവാസികളുടെ ജീവിതം. പുറത്തുനിന്നുള്ള സന്ദർശകരെ ഇവർ അമ്പെയ്ത് പ്രതിരോധിക്കും. പുറത്തുനിന്നുള്ളവർ ദ്വീപിൽ പ്രവേശിക്കരുതെന്ന് ഇന്ത്യൻ നിയമവും വിലക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ സെന്റിനെൽ ഉൾപ്പെടുന്ന ദ്വീപുസമൂഹത്തെ കോളനിവത്ക്കരിക്കാൻ ശ്രമിക്കുമ്പോൾ 8000 പേരോളം ഇവിടെയുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ദീർഘനാളായുള്ള ഏകാന്തവാസത്തെത്തുടർന്ന് ഇവരുടെ പ്രതിരോധശക്തി ക്ഷയിച്ചു. അസുഖങ്ങള്‍ക്കും അണുക്കൾക്കുമെല്ലാം എളുപ്പം കീഴടങ്ങാനുള്ള സാധ്യതയുണ്ട്. 

കണക്കുകളിൽ 150 ആണ് നിലവിൽ ഇവിടുത്തെ ജനസംഖ്യ. എന്നാൽ ചിത്രങ്ങളും മറ്റും ആസ്പദമാക്കിയുള്ള ദേശീയ സെൻസസ് പ്രകാരം പതിന‍ഞ്ചോളം പേർ മാത്രമേ ഇപ്പോള്‍ ഈ ദ്വീപിലുള്ളൂ എന്നും കരുതപ്പെടുന്നു. ഗോത്രവിഭാഗത്തെപ്പറ്റി ഇന്ന് പുറംലോകത്തിനറിയാവുന്ന കാര്യങ്ങളെല്ലാം ചിത്രങ്ങളിലൂടെയോ ബോട്ടുകളിൽ ഒരു നിശ്ചിത അകലത്തിൽ നിന്ന് നോക്കി മനസ്സിലാക്കുകയോ ചെയ്തവയാണ്. നഗ്നരാണ് ഇവർ. സ്ത്രീകൾ നാരുകൾ കൊണ്ടുള്ള ചരടുകൾ അരയിലും തലയിലും കഴുത്തിലും ചുറ്റാറുണ്ട്. പുരുഷന്മാരും നെക്ക്‌ലേസുകളും തലയിൽകെട്ടുകളും അണിയാറുണ്ട്. ചിലർ മുഖത്ത് ചായം പൂശാറുമുണ്ട്. അമ്പും വില്ലും കുന്തവും ഇവർ സ്ഥിരമായി ഉപയോഗിക്കുന്ന ആയുധങ്ങളാണ്. ചില ചിത്രങ്ങളിൽ ഇത് കാണാം. 

അവസാനമായി ദ്വീപിലെത്തിയ അലന്‍ ഡയറിക്കുറിപ്പിൽ പറയുന്നതിങ്ങനെ: 'അഞ്ച് അടി 5 ഇഞ്ച് ഉയരമുള്ള മനുഷ്യർ, അവർ മുഖത്ത് മഞ്ഞ ചായം പൂശിയിരിക്കുന്നു'. ഗോത്രവർഗ്ഗക്കാരുടെ അവകാശങ്ങൾക്കായുള്ള അഭിഭാഷക സംഘമായ സർവൈവൽ ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത് ഇങ്ങനെ: 'കരുത്തുള്ള ആരോഗ്യമുള്ളവർ, നിരവധി കുട്ടികളും ഗർഭിണികളായ സ്ത്രീകളും ഇവർക്കിടയിലുണ്ട്.''

1960കളിൽ നരവംശശാസ്ത്രജ്ഞർ ദ്വീപ് ഇടക്കിടെ സന്ദർശിച്ചിരുന്നു. ദ്വീപുവാസികൾക്ക് സമ്മാനങ്ങളും മറ്റും നൽകിയാണ് അവർ സന്ദർശനം സാധ്യമാക്കിയിരുന്നത്. എന്നാൽ പോകെപ്പോകെ ശാസ്ത്രജ്ഞരെയും ഇവർ ദ്വീപിലേക്ക് പ്രവേശിപ്പിക്കാതെയായി. എതിർപ്പിനെത്തുടർന്ന് ശാസ്ത്രജ്ഞരും പിൻവാങ്ങി. 2004ൽ സുനാമിയുണ്ടായപ്പോൾ ദ്വീപിന് മുകളിലൂടെ പറന്ന ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്ടറിനെ ഇവർ അമ്പെയ്ത് വീഴ്ത്താനൊരുങ്ങി. പിന്നാലെ സെന്റിനെൽ ദ്വീപിലേക്ക് സന്ദർശനം പാടില്ലെന്ന് അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുരക്ഷിത ദൂരത്തുനിന്ന് ഇവരുടെ ആരോഗ്യകാര്യങ്ങളും മറ്റും ഉദ്യോഗസ്ഥർ ഇടക്കിടെ നിരക്ഷീച്ചുപോരുന്നുണ്ട്. ഒരു ചെറിയ പനി പോലും ഇവരിൽ എളുപ്പം പടർന്നുപിടിക്കാനും അതുവഴി ഈ ഗോത്രത്തിന് വംശനാശം സംഭവിക്കാനും ഇടയാകുമെന്ന് കരുതപ്പെടുന്നു.

1981 -ൽ ഹോങ്കോങ്ങിൽ നിന്നുള്ള ഒരു കപ്പൽ ഈ ദ്വീപിനടുത്ത്  മണലിൽ ഉറച്ചുപോകാൻ ഇടയായി. പിറ്റേന്ന് രാവിലെ അൻപതോളം നഗ്നരായ മനുഷ്യർ അമ്പും വില്ലും മറ്റു ആയുധങ്ങളുമായി കരയിൽ നിൽക്കുന്നത് കപ്പലിൽ ഉള്ളവർ കണ്ടു. അവർ തടികൊണ്ടുള്ള ചങ്ങാടം നിർമിക്കാൻ ഒരുങ്ങുകയായിരുന്നു. കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ ക്യാപ്റ്റൻ  തുടർന്ന് അപകട സന്ദേശം അയക്കുകയും കപ്പൽ ജീവനക്കാരെ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് സെന്‍റിനൽസ് വാർത്തയിൽ നിറയുന്നത് 2006-ൽ ആണ്. ദിശതെറ്റി ദ്വീപിൽ അകപ്പെട്ട ഇന്ത്യക്കാരായ രണ്ട് മൽസ്യതൊഴിലാളികളെ ദ്വീപ് നിവാസികൾ കൊലപ്പെടുത്തി.

സെന്റിനൽ ദ്വീപിൽ തെങ്ങ് വളരുകയില്ല എങ്കിലും തേങ്ങകൾ ഇവർക്ക് പ്രിയങ്കരമാണ്.  ഇങ്ങനെ 1991 -ൽ ആണ് ആദ്യമായും അവസാനമായും സെന്‍റിനൽസുമായി ഇടപെഴകാൻ അവസരം ഉണ്ടായത്. ഈ പര്യവേഷണത്തിൽ ബോട്ടിനു ദ്വീപിന്‍റെ വളരെ അടുത്ത് എത്താനായി. മാത്രവുമല്ല ഇട്ടുകൊടുത്ത തേങ്ങകൾ സെന്‍റിനൽസ്  എടുത്തുകൊണ്ടുപോവുകയും ചെയ്തു. തേങ്ങ എന്ന്  അർത്ഥം വരുന്ന 'ഗാഗ ' എന്ന ജറാവ  ഗോത്രഭാഷ ഉച്ചരിക്കുകയും അത് മനസ്സിലാക്കാക്കി സെന്‍റിനൽസ് സൗഹാർദ്ദപരമായി ഇടപെടുകയും ചെയ്തു. ഇത് ചിത്രീകരിക്കുകയും ചെയ്തിരുന്നു.

Credits -Documentary- Sentinels-the world most isolated tribes by Geobrothers

MORE IN SPOTLIGHT
SHOW MORE