'വീട്ടിൽ നിന്ന് ആട്ടിയോടിച്ച അനാചാരത്തെ നാട്ടിലെ ആചാരമാക്കുന്നവരോട്; വൈറൽ കുറിപ്പ്

pm-athira-protest
SHARE

ആർപ്പോ ആർത്തവം ഫെയ്സ്ബുക്കിലെ ശ്രദ്ധേയമായ ഒരു മുന്നേറ്റമാണ്. ആർത്തവം സ്വഭാവികമായ ഒരു പ്രകിയ മാത്രമാണെന്നും അതിന്റെ പേരിൽ പെണ്ണ് അശുദ്ധിയുളളവളാണെന്ന് സ്ഥാപിക്കാനാകുന്നില്ലെന്നുമുളള തുറന്നു പറച്ചിൽ. നിരവധി സ്ത്രീകളാണ് തങ്ങളുടെ ആദ്യ ആർത്തവത്തിന്റെ അനുഭവങ്ങൾ ഫെയ്സ്ബുക്കിൽ കുറിച്ചിടുന്നതും. 

ശബരമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ കേരളത്തിൽ നടക്കുമ്പോഴാണ് തമിഴ്നാട്ടിൽ ആദ്യ ആർത്തവ സമയത്ത് ആചാരത്തിന്റെ പേരിൽ ഓലഷെഡിലേക്കു മാറ്റിപ്പാർപ്പിച്ച ബാലിക ഗജ ചുഴലിക്കാറ്റിൽ തെങ്ങു വീണു മരിച്ച വാർത്ത പുറത്തു വരുന്നതും. തഞ്ചാവൂർ ജില്ലയിലെ പട്ടുക്കോട്ട അനയ്ക്കാടു ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിനി എസ്. വിജയ(12)യ്ക്കാണു ദാരുണാന്ത്യം. ഓലക്കുടിലിൽ കഴിയുന്നവർ സുരക്ഷിത സ്ഥാനത്തേക്കു മാറണമെന്ന മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ആചാരം ലംഘിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം.

ആർത്തവത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെടണ്ടവരാണോ സ്ത്രീകൾ എന്നും വീട്ടിൽ നിന്ന് ആട്ടി ഓടിച്ച അനാചാരമാണ് ആർത്തവമെന്നും അതിനെ നാട്ടിലെ ആചാരമാക്കി മാറ്റാൻ ശ്രമിക്കുന്നവരോട് അവരുടെ വീട്ടിലെ തന്നെ പുതിയ തലമുറ കണക്ക് ചോദിക്കുമെന്നും അഭിഭാഷക പി.എം ആതിര പറയുന്നു. ആതിരയുടെ ഫെയ്സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. 

പുതുതലമുറക്കാരോട് ആര്‍ത്തവമായി ഇനി പഠനം അവസാനിപ്പിക്കാം എന്നു പറയാനുള്ള വിവരക്കേട് ഇന്ന് ബഹുഭൂരിപക്ഷം മലയാളികള്‍ക്കും ഇല്ല. അഥവാ അങ്ങനെ തള്ളിപ്പറയാന്‍ ഇന്നത്തെ ആര്‍ത്തവ അശുദ്ധി ടീമുകാര്‍ തയ്യാറായാല്‍ തന്നെ അവരെ വകഞ്ഞു മാറ്റി കാലം മുന്നോട്ട് തന്നെ പോകുമെന്നും ആതിര പറയുന്നു. 

പി.എം ആതിരയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 

വീട്ടിൽ നിന്നും ആട്ടി ഓടിച്ച ഒരു അനാചാരമാണ് ആർത്തവം അശുദ്ധി എന്നത് ..അതിനെ നാട്ടിലെ ആചാരമാക്കി മാറ്റാൻ ശ്രമിക്കുന്നവരോട് അവരുടെ വീട്ടിലെ തന്നെ പുതിയ തലമുറ കണക്ക് ചോദിക്കും......ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സ്നേഹിതന്റെ വീട്ടിൽ പോയ സമയത്താണ് ഈ പുറത്താവൽ എന്ന വാക്ക് ആദ്യായിട്ട് കേൾക്കുന്നത് ....മാഷ്ടെ മക്കൾ എന്ന പ്രിവില്ലേജ് ഒക്കെ ഉള്ളവരും നാട്ടുകാരുടെ സ്നേഹപാത്രങ്ങളായിട്ടും ആ വീട്ടിൽ ആദ്യമായി കയറി ചെന്നപ്പോൾ അവിടത്തെ അമ്മ അകന്നു മാറി നിൽക്കുന്നു .... അടുത്തേക്ക് വരുന്നേ ഇല്ല...

അമ്മ വിളിച്ചു പറയുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് അവൻ അവന്റെ ജീവിതത്തിലെ ആദ്യ ചായ നിർമ്മിക്കുന്നു ....പൊട്ടത്തരങ്ങൾ കാണുന്നതിൽ കൗതുകം ഉണ്ടെങ്കിലും ഇവന്റെ അമ്മ എന്താണ് എന്നെ ഇത്രക്ക് അവഗണിക്കുന്നത് എന്ന സങ്കടം ഉള്ളിലും ...വീട്ടിലെ ഗ്ലാസ് പോലും എവിടെയാണിരിക്കുന്നത് എന്നറിയാത്ത അവനോട് അമ്മ കൊടുത്ത നിർദ്ദേശപ്രകാരം ഞാൻ പടിഞ്ഞാറ്റക്കകത്ത് കയറുന്നു.... കുപ്പി ഗ്ലാസ് എടുക്കുന്നു.... ഇതിനപ്പുറം ബോറാവാൻ കഴിയാത്ത ചായ കുടിച്ച് അവിടുന്നിറങ്ങുന്നു ...."എന്നാലും നിന്റെ അമ്മക്ക് എന്നോടെന്താ പ്രശ്നം ""ഒന്നൂല്ലെടോ അമ്മ പുറത്തായോണ്ടല്ലേ "

"അതെനിക്ക് മനസ്സിലായി;അവർക്ക് അകത്ത് വന്നാലെന്താ "എന്നെ പറഞ്ഞ് ബോധ്യപ്പെടുത്താനാവാതെ വിമ്മിഷ്ട്ടപ്പെട്ട് അവസാനം അവൻ പറഞ്ഞു സ്ത്രീകൾക്ക് മാസത്തിൽ ബ്ലഡ് ഒക്കെ വരുന്ന ദിവസം ഇല്ലേ... അതാണ്... അപ്പൊ അമ്മ വീട്ടിനകത്ത് കയറില്ല... "ഞാനൊന്ന് ഞെട്ടി!

അങ്ങനെയൊക്കെയുണ്ടോ...ഞങ്ങടെ പി ആന്റ് ടി ക്വാർട്ടേഴ്സിൽ പിരിയഡ്സ് ഡേ കളിൽ ആരും പുറത്താവുന്നത് ഞങ്ങളതു വരെ കണ്ടിരുന്നില്ല.,,,,,

ഞാനവനോട് പറഞ്ഞു "എനിക്കും പിരിയഡ്സ് ഡേ ആണ് ... ഞാൻ എന്നിട്ടകത്ത് കയറിയതോ..."അവൻ ചാടി എന്റെ കൈ പിടിച്ച് പറഞ്ഞു " പടച്ചോനെ ഓർത്ത് നീ അത് ഒരിക്കലും അമ്മയോട് പറയരുത് ....പടിഞ്ഞാറ്റയിൽ കയറിയത് ഒരിക്കലും പറയരുത് ...."എനിക്ക് ഒരിക്കലും പിടികിട്ടാതെ പോയ ഒരു ലോജിക് ആണത്......

എന്റെ അമ്മ കഴിഞ്ഞാൽ ഞാൻ ഏറെ സ്നേഹിച്ച മറ്റൊരമ്മയായി പിന്നീടവർ മാറിഒമ്പതാം ക്ലാസ്സ്കാരി പന്ത്രണ്ടാം ക്ലാസ്സിലെത്തിയപ്പോൾ വയറുവേദനയോടെ ഒരുദിവസം ആ വീട്ടിന്റെ വരാന്തയിലിരുന്നപ്പൊ അതേ അമ്മ വന്ന് പറഞ്ഞു " അകത്ത് വന്ന് കിടക്ക്, ഈ ചൂട് കാപ്പി കുടിക്ക് ....ഇതാണ് എന്ന് അവനോട് പറയണ്ട.. "

അമ്മക്ക് ഇങ്ങനെ മാറി നിൽക്കുമ്പോൾ ഇതൊക്കെ നാട്ട്കാരും ചുറ്റുവട്ടത്തുള്ളവരെയും അറിയിക്കുന്ന പോലെ തോന്നാറില്ലേ?

ഈ സമയത്ത് പുറത്ത് നിൽക്കുമ്പൊ ഇതുപോലെ കിടക്കണംന്ന് തോന്നാറില്ലേ എന്നൊക്കെ എന്നെ തടവിക്കൊണ്ടിരിക്കുന്ന അവരോട് ചോദിച്ചു...

ആദ്യായിട്ടാണ് അങ്ങനെ ഒരാൾ ചോദിക്കുന്നത്;ഞാനത് ഇതുവരെ ആലോചിച്ചിട്ടില്ല എന്ന് അന്ന് ആ അമ്മ പറഞ്ഞു.,,,,,അത് അവരിൽ അവസാനിപ്പിക്കേണ്ട ദുരാചാരം എന്ന ഉറപ്പായിരുന്നു അടുപ്പിൽ ഓല കത്തിച്ചുണ്ടാക്കിയ ആ കട്ടൻ കാപ്പിയുടെ കടും മധുരം പ്രഖ്യാപിച്ചത് ......പറഞ്ഞ് വന്നത് ആർത്തവം അശുദ്ധി എന്നതൊക്കെ മറികടന്ന് മാറി നിൽക്കലുകൾ അവസാനിപ്പിച്ച് സ്വാഭാവികമായി അതിനെ കാണാൻ വീട്ടിനകത്ത് കഴിയുന്ന അവസ്ഥ വന്നു.,,,

വീട്ടിലെ സ്ത്രീകളുടെ സാനിറ്ററി പാഡ് ഡിസ്പോസൽ വരെ അവരുടെ ഉത്തരവാദിത്തത്തിൽ നിന്നും കൂട്ട് ഉത്തരവാദിത്തമായി മാറി.,,,,,

മെനിസ്റ്റുറൽ കപ്പിലേക്കെത്തുമ്പോൾ അത് പോലും അനായാസമായ കാര്യമായി മാറി കഴിഞ്ഞു ഇന്ന്....ഋതുമതിക്കെന്താ പഠിച്ചാല് എന്ന് ചോദിച്ചിട്ട് നാളേറെ കഴിഞ്ഞിട്ടും ഒട്ടേറെ മിടുക്കരായ സതീർത്ഥ്യർ സഹപാഠികൾ മിടുക്കത്തികളായിരുന്നവർ ആർത്തവാനന്തരം ക്ലാസ് മുറികളിൽ നിന്നും കൊഴിഞ്ഞു പോവുന്നതിന് ഇന്ന് നാൽപ്പതാം വയസ്സിലേക്ക് എത്തി നിൽക്കുന്ന എനിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു.,,,

അവരുടെ കണ്ണീര് വീണ് നനഞ്ഞിടംഅവരുടെ ദീർഘനിശ്വാസങ്ങളുടെ പൊള്ളലറിഞ്ഞ പുതു തലമുറക്കാരോട് ആർത്തവമായി ഇനി പഠനം അവസാനിപ്പിക്കാം എന്നു പറയാനുള്ള വിവരക്കേട് ഇന്ന് ബഹുഭൂരിപക്ഷം മലയാളികൾക്കും ഇല്ല...അഥവാ അങ്ങനെ തള്ളിപ്പറയാൻ ഇന്നത്തെ ആർത്തവ അശുദ്ധി ടീമുകാർ തയ്യാറായാൽ തന്നെ അവരെ വകഞ്ഞു മാറ്റി കാലം മുന്നോട്ട് തന്നെ പോകും.,...ഒളിമ്പിക്സിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയത് മെഡൽ ജേതാക്കളായ വനിതാ കായിക താരങ്ങളാണ്..അവർ സാനിറ്ററി നാപ്കിൻ പരസ്യത്തിൽ വന്ന് ഇതൊന്നും ഒന്നിനും തടസ്സമല്ല എന്ന് പറയുന്നു..ഇന്നത്തെ തലമുറ ഒട്ടേറെ മുന്നോട്ട് പോയി അവരെ പിന്നോട്ട് വലിക്കുന്ന കെണികളെ അവർ തിരിച്ചറിയും.... ആർത്തവം അശുദ്ധി ക്കാരോട് നിങ്ങൾ എന്ത് പോക്രിത്തരമാണ് കാണിച്ചത് എന്ന് ചോദിക്കും....വീട്ടിൽ നിന്നും ഇറക്കിവിട്ട ദുരാചാരത്തെ നാട്ടിലെ ആചാരമാക്കി മാറ്റാനുള്ള രാഷ്ട്രീയ കളികളെ അവർ തിരിച്ചറിയും...ഭരണഘടനയുടെ ആർട്ടിക്കിൾ 17 ലെ അയിത്തം ജാതീയമായത് മാത്രമല്ല ആർത്തവത്തിന്റെ പേരിൽ മാറ്റി നിർത്തുന്നതും അയിത്തമായി കാണക്കാക്കും എന്നതും ചരിത്രത്തിലെ നാഴികക്കല്ലാണ് ....അതിനെ ഇല്ലാതാക്കാൻ ഉള്ള എല്ലാ ശ്രമങ്ങളും സ്ത്രീവിരുദ്ധം തന്നെയാണ് ....ആർത്താവാശുദ്ധി ചിന്തകളിൽ നിന്നും ഏറെ മുന്നോട്ട് പോയവരാണ് നാംപിന്നോട്ട് പിടിച്ച് വലിക്കുന്നവരെ കാലം ചവറ്റുകൊട്ടയിലെറിയും.... തീർച്ച.

MORE IN SPOTLIGHT
SHOW MORE