‘‘അച്ഛന്റെ രണ്ടാം വിവാഹത്തിന് എന്നെ ഒരുക്കി വിട്ടത് അമ്മ’’; സെയ്ഫിനെ സാക്ഷിയാക്കി മകൾ

sara-ali-khan
SHARE

സെയ്ഫ് അലിഖാനും കരീനാകപൂറും വിജയകരമായ ദാമ്പത്യം നയിക്കുകയാണ്. എന്നാൽ സെയ്ഫ് അലിഖാന്റെ മുൻവിവാഹത്തെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ആദ്യവിവാഹത്തിലെ മകൾ സാറാ അലി ഖാൻ.

അമൃത സിങ്ങുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചാണ് സെയ്ഫ് താര സുന്ദരി കരീന കപൂറിനെ ജീവിത സഖിയാക്കിയത്. അമൃതയിൽ സെയ്ഫിന് സാറാ അലിഖാൻ എന്ന മകളും ഇബ്രാഹിം അലിഖാൻ എന്ന മകനുമുണ്ട്.

ഇപ്പോൾ പുതിയ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സെയ്ഫ്–അമൃത ദമ്പതികളുടെ മകളായ സാറാ. അച്ഛന്റെ രണ്ടാം വിവാഹത്തിന് തന്നെ ഒരുക്കി വിട്ടത് അമ്മയാണെന്നാണ് സെയ്ഫിനൊപ്പം ‘കോഫി വിത്ത് കരൺ’ എന്ന ടെലിവിഷൻ ഷോയിൽ അതിഥിയായെത്തിയ സാറയുടെ വെളിപ്പെടുത്തൽ.

sara-new

തന്നെ അണിയിച്ചൊരുക്കി അച്ഛന്റെ വിവാഹത്തിന് പറഞ്ഞയച്ചതിനൊപ്പം, അച്ഛന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം അച്ഛനൊപ്പം തന്നെ ഉണ്ടാകണമെന്ന് അമ്മ ആവശ്യപ്പെട്ടതായും സാറാ കൂട്ടിച്ചേർത്തു. ‘എത്ര മനോഹരവും സാരവത്തുമായ ആധുനിക കുടുംബം’ എന്നാണ് കരൺ ജോഹർ ഇതിനോട് പ്രതികരിച്ചത്.

മകളുടെ വാക്കുകൾ ഇമയനങ്ങാതെ കേട്ടിരുന്ന സെയ്ഫ്, കരീനയുമായുള്ള തന്റെ വിവാഹദിവസം താനും അമൃതയ്ക്ക് ഒരു കുറിപ്പെഴുതി അയച്ചിരുന്നതായി വെളിപ്പെടുത്തി. ഞങ്ങൾ ജീവിതത്തിൽ പുതിയൊരു അധ്യായം തുടങ്ങുകയാണെന്നും അമൃതയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുന്നുവെന്നുമായിരുന്നു കുറിപ്പിലെ സന്ദേശമെന്നും സെയ്ഫ് പറഞ്ഞു.

തന്റെ മാതാപിതാക്കളിൽ നിന്നും സാറ പകർത്താൻ ആഗ്രഹിക്കുന്ന മൂല്യങ്ങൾ എന്തൊക്കെയാണെന്നായിരുന്നു കരണിന്റെ മറ്റൊരു ചോദ്യം, അച്ഛനമ്മമാരുടെ ജീവിതത്തിൽ നിന്നും താൻ പകർത്താൻ ആഗ്രഹിക്കുന്ന മൂല്യങ്ങൾ ഏറെയാണെന്നും സത്യത്തിൽ തന്നേക്കാൾ വിശാലമാണ് അവരുടെ കാഴ്ചപ്പാടുകളെന്നും സാറ അതിനു മറുപടി പറഞ്ഞു.

ആരുടെ കാഴ്ചപ്പാടാണ് കൂടുതൽ വിശാലം എന്ന ചോദ്യത്തിന്, ഒരു നിമിഷം പോലും ആലോചിക്കാതെ, അമ്മ അമൃത സിങ്ങിന്റെ പേരാണ് സാറാ പറഞ്ഞത്.

1991 ൽ ‘ബേഖുഡി’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അഭിനേത്രിയായ അമൃത സിങ്ങിനെ സെയ്ഫ് അലിഖാൻ പരിചയപ്പെടുന്നതും ഇരുവരും വിവാഹിതരാവുന്നതും. 2004 ൽ സെയ്ഫും അമൃതയും ഔദ്യോഗികമായി വിവാഹമോചനം നേടി. പിന്നീട് 2012 ഒക്ടോബറിലാണ് കരീന കപൂറിനെ സെയ്ഫ് വിവാഹം കഴിച്ചത്. അഞ്ചു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു സെയ്ഫിന്റെയും കരീനയുടെയും വിവാഹം.

MORE IN SPOTLIGHT
SHOW MORE