ഹസീനക്ക് ശമ്പളക്കുടിശ്ശിക നല്‍കിയത് നാണയങ്ങളായി; വലച്ച് ‘വല്ലാത്ത പ്രതികാരം’

thrissur-nanayam
SHARE

ചില്ലറയില്ലാത്തതിനാൽ പൊറുതിമുട്ടുന്ന കണ്ടക്ടർമാരും ചില്ലറയ്ക്കു പകരം മിഠായി കൊടുക്കുന്ന കടയുടമകളും ഹസീനയുടെ ദുരനുഭവം അറിയണം. വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി പുത്തൻവീട്ടിൽ റഹീമിന്റെ ഭാര്യ ഹസീനയ്ക്ക്(29) ഒരു മാസത്തെ വേതനമായ 6000 രൂപ ലഭിച്ചത് ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങളായി ചാക്കിൽ. 

കിഴക്കേക്കോട്ടയിലെ ബ്യൂട്ടി പാർലറിൽ ജീവനക്കാരിയായിരുന്നു ഹസീന. ഒരാഴ്ച മുൻപു ഹസീനയെയും ബംഗാൾ സ്വദേശി മെറീനയെയും ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. ഇതോടെ ശമ്പള കുടിശിക നൽകണമെന്നാവശ്യപ്പെട്ട് ഇരുവരും ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പൊലീസ് ഇടപെടലിൽ പ്രശ്നം ഒത്തുതീർപ്പായി. തിങ്കളാഴ്ച ശമ്പളകുടിശിക കൊടുത്തു തീർക്കാമെന്നു പാർലർ ഉടമ സമ്മതിച്ചു. 

രാവിലെ 11ന് ശമ്പളം വാങ്ങാൻ ബ്യൂട്ടി പാർലറിലെത്തിയ ഹസീനയ്ക്ക് നോട്ടുകൾക്കു പകരം നേരത്തെ തയാറാക്കിവച്ചിരുന്ന ‘നാണയച്ചാക്ക്’ ഉടമ കൈമാറുകയായിരുന്നു. മെറീനയ്ക്കും ഇതേ രീതിയിൽ നൽകിയെങ്കിലും അവർ വേണ്ടെന്നുവച്ചു. ഇവരുടെ തിരിച്ചറിയൽ കാർഡ് പാർലർ ഉടമ പിടിച്ചുവച്ചിരിക്കുന്നതായി ആക്ഷേപമുണ്ട്.

അസൽ രേഖ ലഭിച്ചിട്ടു തിരികെ പോകാനിരിക്കുകയായിരുന്നു മെറീന. നാണയവുമായി ഹസീന പോകുന്നതിനിടെ ചാക്ക് കീറി നാണയങ്ങൾ പകുതിയും വഴിയിലായി. പിന്നീടു  ഭർത്താവെത്തിയാണു നാണയചാക്ക് കൊണ്ടുപോയത്.

MORE IN SPOTLIGHT
SHOW MORE