താജുദ്ദീന്‍ വെറുതേ അഴിക്കുള്ളില്‍ 54 ദിവസം; മാനക്കേട്, വേട്ടയാടല്‍; ദാരുണാനുഭവം

fake-case-thajudhin
SHARE

ഒടുവില്‍ യഥാര്‍ഥ പ്രതിയെ പിടികൂടിയതോടെ താജൂദ്ദീനും പൊലീസിനും ആശ്വാസമായി. പക്ഷേ താജൂദ്ദീന്റെ കുടുംബത്തിനുണ്ടായ മാനനഷ്ടത്തിന് ആര് സമാധാനം പറയും? കള്ളനെന്ന ധാരണയില്‍ താജൂദ്ദീനെ തുറിച്ചനോക്കിയവരുടെയും കള്ളന്റെ കുടുംബമെന്ന് വിളിച്ചവരുടെയും മനസ് എങ്ങനെ മാറ്റിയെടുക്കും ?

ജൂലൈ അഞ്ചിന് ഉച്ചയ്ക്കാണ് താജുദ്ദീനും കേസന്വേഷിച്ച ചക്കരക്കല്‍ എസ്ഐ ബിജിവിനും ജീവിത്തിലൊരിക്കലും മറക്കാനാവാത്ത കവര്‍ച്ച നടന്നത്. ബസിറങ്ങി പോവുകയായിരുന്ന മുണ്ടല്ലൂര്‍ സ്വദേശിനി രാഖി ഷാജിയുടെ അഞ്ചരപവന്‍ മാല സ്കൂട്ടറിലെത്തിയ ആള്‍ തട്ടിപ്പറിച്ചെടുത്തു. പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ ചക്കരക്കല്‍ പൊലീസ് ശേഖരിച്ചു. വെളുത്ത നിറത്തിലുള്ള സ്കൂട്ടറില്‍ താടിയും കഷണ്ടിയും കണ്ണടയുമുള്ള ഒരാള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. മാലനഷ്ട്ടപ്പെട്ട വീട്ടമ്മയുടെ മൊഴിയോട് സാദൃശ്യം തോന്നിയതിനാല്‍ ദൃശ്യങ്ങള്‍ അവരെയും കാണിച്ചപ്പോള്‍ പ്രതിയാണെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു. പിന്നീട് നാട്ടുകാരെ ദൃശ്യങ്ങള്‍ കാണിച്ചതോടെയാണ് താജൂദ്ദീനിലേക്ക് പൊലീസെത്തുന്നത്. 

താജുദ്ദീന്റെ കുടുംബത്തെയും ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അവരും താജുദ്ദീന്‍ തന്നെയെന്ന് ശരിവച്ചു. ഇതോടെ അറസ്റ്റിലേക്ക് നീങ്ങി. കുറ്റം ആവര്‍ത്തിച്ച് നിഷേധിച്ചെങ്കിലും കോടതിയിലെത്തിച്ച് താജുദ്ദീനെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ കവര്‍ച്ച ചെയ്ത മാലയോ, സഞ്ചാരിക്കാനുപയോഗിച്ച സ്കൂട്ടറോ കണ്ടെത്താനായില്ല. സ്ത്രീകളെ ആക്രമിച്ച് മാല തട്ടിയെടുക്കുന്ന സ്ഥിരം പ്രതിയാണ് താജുദ്ദീനെന്ന് പറഞ്ഞ് ജാമ്യാപേക്ഷകളെ പൊലീസ് എതിര്‍ത്തു. അ‌ഴിയൂരില്‍ തൊട്ടടുത്തദിവസം നടന്ന മാലപൊട്ടിക്കല്‍ കേസിലെ പ്രതിയും ഈയാള്‍തന്നെയാന്ന് പൊലീസ് വാദിച്ചു. കാരണം താജുദ്ദീന്റെ മൊബൈല്‍ ലൊക്കേഷന്‍ അന്നേ ദിവസം അഴിയൂരിലായിരുന്നു. 

fakeCase-orginal
ശരത് വത്സരാജ്

ഒടുവില്‍ ജാമ്യത്തിലിറങ്ങിയ താജൂദ്ദീന്‍ മുസ്‌‌ലിം ലീഗ് നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരിട്ട് കണ്ട് പരാതി നല്‍കി. അന്വേഷണം കണ്ണൂര്‍ ഡിവൈഎസ്പിയുടെ അടുത്തെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഡിവൈഎസ്പി പി.പി.സദാനന്ദന്‍ പ്രതിയുടെ കൈയിലുള്ള സ്റ്റീല്‍വളയും നെറ്റിയിലെ മുറിപ്പാടുകളും കണ്ടെത്തി ചക്കരക്കല്‍ എസ്ഐയെ അറിയിച്ചു. എന്നാല്‍ താജുദ്ദീന്‍തന്നെ പ്രതിയെന്ന നിലപാടില്‍ എസ്ഐ ഉറച്ച് നിന്നു. ഇതോടെ സംസ്ഥാനത്തെഎല്ലാ ക്രൈംസ്ക്വാഡുകള്‍ക്കും ഡിവൈഎസ്പി ദൃശ്യങ്ങള്‍ അയച്ചുനല്‍കി. വടകരയിലെ പൊലീസുകാര്‍ ദൃശ്യങ്ങള്‍ കണ്ടതോടെ അഴിയൂര്‍ സ്വദേശി ശരത് വത്സരാജാണ് ദൃശ്യങ്ങളിലുള്ളതെന്ന് തിരിച്ചറിഞ്ഞു. ഈയാള്‍ ഓണ്‍ലൈന്‍ ക്യാമറ തട്ടിപ്പ് കേസില്‍ കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. 

ശരത്തിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. മാഹിയിലുള്ള സുഹ‍ൃത്തിന്റെ സ്കൂട്ടറിലെത്തിയാണ് മാലപ്പൊട്ടിച്ചത്. തൊട്ടടുത്തദിവസം അഴിയൂരിലും ഇതുപോലെതന്നെ കവര്‍ച്ച നടത്തി. മാല തലശേരിയിലെ സ്വര്‍ണക്കടയില്‍ വിറ്റെന്നും മൊഴി നല്‍കി. 

കള്ളനെന്ന് മുദ്രകുത്തി പാസ്പോര്‍ട്ട് പിടിച്ചെടുത്തതോടെ താജുദ്ദീന്റെ ഗള്‍ഫിലുള്ള ബിസിനസും തകര്‍ന്നു. കളിയാക്കലും നാണക്കേടും ഭയന്ന് ഇളയമകന്റെ സ്കൂള്‍ പഠനവും മുടങ്ങി. മകളുടെ വിവാഹത്തിനായിട്ടാണ് താജുദ്ദീന്‍ നാട്ടിലെത്തിയത്. സംഭവം നടക്കുന്ന സമയത്ത് മകളുമായി ബ്യൂട്ടിപാറലറിലായിരുന്നു താജുദ്ദീന്‍. ബ്യൂട്ടിപാര്‍ലറിലെ സ്ത്രീ താജുദ്ദീന് അനുകൂലമായി മൊഴിനല്‍കിയിരുന്നുവെങ്കിലും ദൃശ്യം സിനിമ മോഡല്‍ തെളിവുണ്ടാക്കിയെന്നായിരുന്നു പൊലീസ് വാദം. തൊട്ടടുത്തദിവസം താജുദ്ദീന്‍ അഴിയൂരിലെ സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് ശരത് അവിടെയും മാലപ്പൊട്ടിച്ചത്. അങ്ങനെ രണ്ടുപേരുടെയും ടവര്‍ ലൊക്കേഷന്‍ ഒരു സ്ഥലത്തായി. പ്രതിയെ മാറി പിടികൂടിയെന്ന് കണ്ടെത്തിയതോടെ ചക്കരക്കല്‍ എസ്ഐയെ കണ്ണൂര്‍ ട്രാഫിക്കിലേക്ക് സ്ഥാലംമാറ്റി പൊലീസ് വകുപ്പ് തലയൂരി. നഷ്ട്ടപ്പെട്ട സല്‍പേര് താജൂദ്ദീനും കുടുംബത്തിന് ആര് എങ്ങനെ തിരികെ നല്‍കുമെന്ന ചോദ്യംമാത്രം ബാക്കി നില്‍ക്കുന്നു.

MORE IN SPOTLIGHT
SHOW MORE