പ്രണയം തുറന്നുപറയാന്‍ സന്നാഹങ്ങളൊരുക്കി; തൊട്ടുമുന്‍പ് ‘പണി കിട്ടി’: വിഡിയോ

proposal-mishap
SHARE

പ്രണയം തുറന്നുപറയാൻ വലിയ പദ്ധതികളൊക്കെയിട്ട് ഒടുവിൽ ആ നിമിഷത്തിന് തൊട്ടുമുമ്പ് പണി കിട്ടിയാൽ എങ്ങനെയിരിക്കും? ഡാറെൽ ഹാമിൽട്ടൺ എന്ന യുവാവിന് കിട്ടിയത് അത്തരത്തിലുള്ള ഒരു ഉഗ്രൻ പണിയാണ്. ഏറെക്കാലമായി മനസ്സിൽ സൂക്ഷിച്ച പ്രണയം തന്റെ പെൺസുഹൃത്തിനോട് തുറന്നുപറയുന്ന നിമിഷം അവിസ്മരണീയമാക്കാൻ ചില്ലറ പ്രയാസങ്ങളൊന്നുമല്ല ഡാറെൻ അനുഭവിച്ചത്.

കലിഫോർണിയയിലെ റീഡ്‌ലി എന്ന സ്ഥലത്തിന് മുകളിലൂടെ ഒരു ആകാശ സവാരി തന്നെ ഒരുക്കി കാത്തിരിക്കുകയായിരുന്നു ഡാറെൽ.  പ്രണയിനിയെ അണിയിക്കാനായി മോതിരവും, ആകാശത്തുനിന്നും നോക്കിയാൽ കാണത്തക്ക രീതിയിൽ ഭൂമിയിൽ തന്റെ പ്രണയം അറിയിക്കുന്ന പ്രത്യേക അടയാളവും, എല്ലാത്തിനും പുറമേ ഇതെല്ലാം പകർത്താനായി പ്രത്യേകം ക്യാമറകളും എല്ലാം ഡാറെൽ ഒരുക്കി.

ഒടുവിൽ കാത്തിരുന്ന ദിവസവും വന്നെത്തി. പ്രണയമുഹൂർത്തങ്ങൾ മനോഹരമാക്കാൻ ഹെലികോപ്ടർ പറത്തേണ്ട സ്ഥലങ്ങളെക്കുറിച്ചും പൈലറ്റിന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അങ്ങനെ പ്രണയ വാചകങ്ങൾ ഒക്കെ മനസ്സിൽ ഉറപ്പിച്ച് അവർ ആകാശത്തേക്ക് ഉയർന്നു.

മുകളിൽ എത്താറായപ്പോഴേക്കും  ഡാറെലിന് ഛർദ്ദിക്കണം എന്നൊരു തോന്നൽ. ആദ്യം കാര്യമായി എടുത്തില്ലെങ്കിലും അൽപ്പസമയത്തിനകം പ്രശ്നം വഷളായി. സംഗതി കൈവിട്ടു പോകുമെന്നു തോന്നിയതോടെ ഡാറെൽ പിന്നെ വൈകിയില്ല. ആകാശ കാഴ്ച ആസ്വദിക്കുകയായിരുന്ന പ്രണയിനിയെ തോണ്ടി വിളിച്ച് പെട്ടെന്നുതന്നെ കയ്യിലിരുന്ന മോതിരം കൊടുത്തു. എന്നെ വിവാഹം കഴിക്കാമോ എന്ന് ഒറ്റ ശ്വാസത്തിൽ ചോദിച്ചു. 

പക്ഷേ സുഹൃത്തിന്റെ മറുപടി കേൾക്കാനുള്ള സമയം പോലും കിട്ടാതെ ഡാറെൽ ഹെലികോപ്ടറിൽ തന്നെ ഛർദ്ദിക്കുകയും ചെയ്തു. എന്തുചെയ്യണമെന്നറിയാതെ ആദ്യം അങ്കലാപ്പിലായ പ്രണയിനി പെട്ടെന്നുതന്നെ പുറം തടവി ഡാറെലിന്റെ സഹായത്തിനെത്തി. ഛർദ്ദിയുടെ ആലസ്യം വിട്ടൊഴിഞ്ഞ ശേഷമാണ്  ഡാറെൽ മോതിരമണിയിച്ചത്. ഒടുവിൽ പ്രണയചുംബനം ഫ്ലയിങ് കിസ്സിൽ ഒതുക്കി കമിതാക്കൾ ആകാശ യാത്ര അവസാനിപ്പിച്ചു.

ആഗ്രഹിച്ചത് പോലെ തന്നെ അക്ഷരാർത്ഥത്തിൽ ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവമായി മാറിയ തങ്ങളുടെ പ്രണയദിനത്തിന്റെ  വിഡിയോ ഡാറെൽ താന്നെയാണ് യൂട്യൂബിലൂടെ പങ്കുവെച്ചത്.

MORE IN SPOTLIGHT
SHOW MORE