കുട്ടികളുടെ മനസും മനസിനുണ്ടാകുന്ന മുറിവുകളും; ചില ചെറിയ വലിയ വിഷമങ്ങൾ

Choonduviral-Main
SHARE

പലപ്പോഴും നമ്മളാവശ്യത്തിന് ഗൗരവം കൊടുക്കാത്ത ഒരു വിഷയമാണ് കുട്ടികളുടെ മനസും മനസിനുണ്ടാകുന്ന മുറിവുകളും. കുട്ടികളങ്ങനെ വളര്ന്നുവന്ന് കൊളളും എന്ന ധാരണയില് നമ്മള് പലപ്പോഴും മറന്ന് പോകാറുണ്ടവരെ. കുട്ടികളെ സ്നേഹിക്കുന്നുവെന്ന് പറയുന്നതൊക്കെ പലപ്പോഴും സ്വാര്ഥമായ സ്നേഹമാണ്. നമ്മുടെ വഴിക്ക് നടക്കാനാണ് അവരെ സ്നേഹിക്കുക. വഴി മാറുമ്പോള് അവര് ശത്രുക്കളാകും.

മിക്കവാറും സന്തോഷിച്ചിരിക്കുന്ന കുട്ടികളോടാണ് സംസാരിച്ചത്. പരിചയമുളള കുട്ടികൾ. വിഷാദത്തിന് കാരണമാകുന്ന തരം സങ്കടങ്ങളോ, ഏകാന്തതയോ ഒന്നും അനുഭവിക്കുന്നില്ലെന്ന് കരുതുന്ന കുട്ടികൾ. നമുക്ക് ചെറുതും സില്ലിയും അവർക്ക് വലുതും ഗൗരവവുമുളള വിഷമങ്ങളും സങ്കടങ്ങളും കേട്ട് ആരംഭിക്കാം. കാരണം വിഷാദമെന്ന രോഗാവസ്ഥയുടെ തറയിൽ നിന്ന് പറയുന്നുവെന്നേയുളളൂ. നിരാശകളിൽ നിന്ന് തിരികെവരാന് മുതിർന്നവർക്ക് ഊര്ജമാകുന്ന കുട്ടികളുടെ നിരാശകളറിയാനുളള ശ്രമം മാത്രമാണ്.

പരീക്ഷക്ക് മാര്ക്ക് കുറയുക, അധ്യാപകരും രക്ഷിതാക്കളും അകാരണമായി വഴക്ക് പറയുക തുടങ്ങിയ കാരണങ്ങളാണ് ഇപ്പോഴും നമ്മുടെ കുട്ടികളെ സങ്കടപ്പെടുത്തുന്നത്. കുട്ടികളിലും വിഷാദമുണ്ടാവാറുണ്ട്. കാരണം അവര്ക്കും മനസുണ്ട്. അവരുടെ മനസിലും പോറലുകളും മുറിവുകളുമുണ്ടാവാറുണ്ട്. മനസിന്റെ സ്വാഭാവികവികാസത്തെയും വികാരങ്ങളെയും ബാധിക്കുന്ന തരത്തില് അതവരെ ചിലപ്പോഴെങ്കിലും ബാധിക്കാറുണ്ട്. കൗമാരക്കാരിലേക്ക് പോകും മുമ്പ് നമുക്ക് ഏത് പ്രായം മുതലാണ് കുട്ടികളെ വിഷാദം പിടികൂടുകയെന്ന് നോക്കാം. കൃത്യവും ശാസ്ത്രീയവുമായ കണക്കൊന്നുമല്ല, മറിച്ച് മനശാസ്ത്രജ്ഞരുടെ അനുഭവത്തില് നിന്നുളള അനുമാനമാണ്.

നാല്, അഞ്ച് വയസ് മുതലാണ് വിഷാദത്തിന് കാരണമായേക്കാവുന്ന സങ്കടങ്ങളും വിഷമങ്ങളും നമ്മുടെ കുട്ടികളുടെ മനസിനെ മുറിവേല്പിക്കുക. അതിനും താഴെ, സംസാരിച്ച് തുടങ്ങുന്നതിനും മുമ്പ് രണ്ടാം വയസില് വിഷാദത്തിലേക്ക് വീണ് പോയ സംഭവങ്ങളുമുണ്ട്.

സ്കൂൾ പ്രായമെത്തിയാൽ പിന്നെ കുട്ടികളുടെ പഠനമികവിനെക്കുറിച്ച് രക്ഷിതാക്കളോ, അധ്യാപകരോ നടത്തുന്ന താരതമ്യം നിരന്തരമാകുന്നത് പലതരത്തിലുളള അപകർഷതകൾക്കും നിരാശക്കുമൊക്കെ കാരണമാകുന്നുണ്ട്. പലതരം കഴിവുകളുളളവരാണ് കുട്ടികളെന്ന തിയറിയൊന്നും മൽസരത്തിന്റെ പുതിയ കാലത്ത് മുതിർന്നവർ മനസിലാക്കാൻ തയാറല്ല എന്നതാണ് യാഥാര്ഥ്യം. മക്കളുടെ ഭാവിയെക്കുറിച്ചുളള ആധികളാണ് മിക്കവാറും മാതാപിതാക്കൾക്ക്. ഈ ആധി അവർ സമ്മർദ്ദമായി കുട്ടികളിലേക്ക് പടര്ത്തുകയാണ്. ഫലമോ നീണ്ടുനില്ക്കുന്ന നിരാശയിലേക്ക് കുട്ടികൾ വഴുതിപ്പോകുന്നു.

പാരമ്പര്യം വിഷാദികളോ മനസിന് പ്രശ്നമുണ്ടാക്കുന്നവരോ ഉണ്ട്. കുട്ടികളിലും കൗമാരക്കാരിലും. ചികിത്സ ആവശ്യമായിവരുന്ന സാഹചര്യങ്ങളുമുണ്ടാകാം. കൗമാരക്കാരിലെത്തുമ്പോൾ കാരണങ്ങൾക്ക് പരപ്പ് കൂടും. ആലപ്പുഴയിലെ ഒരു ഹയർ സെക്കന്ഡറി സ്കൂളിൽ ഞങ്ങൾ കുറച്ച് വിദ്യാര്ഥികളെ കണ്ടു. പല കാരണങ്ങൾ കൊണ്ട് കൂട്ടംതെറ്റിപ്പോകുന്ന, കൂട്ടുവെട്ടിപ്പോകുന്ന കൂട്ടുകാരെക്കുറിച്ച് അവർ പറഞ്ഞു.

കൂട്ടുകാരിൽനിന്നുളള ഒറ്റപ്പെടലും സൗഹൃദങ്ങളിലെ വിളളലുമൊക്കെയാണ് അവരുടെ പ്രധാനസങ്കടങ്ങൾ. ഭാവിയുടെ പടിവാതിലിലെ പഠനസമ്മര്ദ്ദവും വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. പല കാര്യങ്ങളിലുമുളള കേരളത്തിന്റെ അവകാശവാദങ്ങളും ആര്പ്പുവിളികളും വെറും ഊതിവീര്പ്പിച്ച കുമിളയാണെന്ന് ആവര്ത്തിച്ചുവെളിപ്പെടുന്ന ദിവസങ്ങളാണിത്. കേരളമാർജിച്ചുവെന്ന് അവകാശപ്പെട്ടിരുന്ന പുരോഗമനത്തിന്റെ ബലൂണും പൊട്ടിപ്പോയിരിക്കുന്നു. സമാനമാണ് വിദ്യാഭ്യാസത്തിന്റെ അവസ്ഥയും. തീര്ച്ചയായും വിദ്യാഭ്യാസത്തിനുളള സൗകര്യങ്ങൾ കൂടിയിട്ടുണ്ട്. പക്ഷെ രീതി മാറിയിട്ടില്ല. ഒരുപാട് പരീക്ഷണനിരീക്ഷണങ്ങള്ക്ക് ശേഷവും പൊതുവിദ്യാഭ്യാസമേഖലയിലെ രീതികള് പോലും കാര്യമായി മാറിയിട്ടില്ല. അധ്യാപകരും. കുട്ടിയെ പഠിച്ചിട്ട് അവരെ പഠിപ്പിക്കാമെന്ന് കരുതുന്ന അധ്യാപകരുടെ എണ്ണം പക്ഷെ വളരെ കുറവെന്ന് തന്നെ പറയാം. വിദ്യാര്ഥികളുടെ കൂട്ടുകാരനായ അധ്യാപകനാകാന് സുനിൽമാഷിനെ പ്രേരിപ്പിച്ച ഒരു സംഭവമുണ്ട്. ഈ പരിപാടി ഏതെങ്കിലും അധ്യാപകര് കാണുന്നുണ്ടെങ്കില് അവരിത് കേള്ക്കണം.

കുട്ടികളുമായുളള ആശയവിനിമയം വളരെ പ്രധാനമാണ്. അത് അധ്യാപകരായാലും മാതാപിതാക്കളായാലും. അധികാരത്തിന്റെ പ്രയോഗമല്ല പേരന്റിങ്ങെന്ന് ഇനിയും മഹാഭൂരിപക്ഷവും മനസിലാക്കിയിട്ടില്ല. കുട്ടികള്ക്ക് നിങ്ങളോട് പറയാനുളളത് മഹാകാര്യങ്ങളൊന്നുമായി നമുക്ക് പലപ്പോഴും തോന്നാറില്ല. പക്ഷെ, അവര്ക്കത് വലിയ കാര്യമാണ്. അവര് പറയുന്നത് ശ്രദ്ധിച്ച് കേള്ക്കുമ്പോള് നിങ്ങളവരുടെ മനസിന് ഉത്തേജകമരുന്നാവുകയാണ്.

ഇപ്പറഞ്ഞ ആശയവിനിമയം പിഴച്ചാല് പിന്നെ ഉണ്ടാക്കിയെടുക്കുക ബുദ്ധിമുട്ടാണ്. സന്തോഷങ്ങളോ, വിഷമങ്ങളോ പങ്കുവെക്കാന് അവര് രക്ഷിതാക്കളെയോ അധ്യാപകരെയോ തേടണമെന്നില്ല. അതിനവര്ക്ക് വേറെയാളുണ്ടാവും. മുതിര്ന്ന വിദ്യാര്ഥികള് തങ്ങളുടെ ചില കൂട്ടുകാരെക്കുറിച്ച് പങ്ക് വെക്കുന്നതും ഇതേ ആശങ്ക തന്നെ. മോശം കൂട്ടുകെട്ട് എന്ന വാദമൊന്നും ഞങ്ങള് മുന്നോട്ട് വെക്കുന്നില്ല, മോശം പ്രവണതകള് പിന്തുടരുന്ന സൗഹൃദവലയം എന്നേ ഉദ്ദേശിക്കുന്നുളളു. ആത്യന്തികമായി നല്ല മനുഷ്യര്, മോശം മനുഷ്യര് എന്നൊന്നുമില്ല. 

കൂട്ടുകൂടാന് കൂട്ടുകാരില്ലാതാകുമ്പോള്, രക്ഷിതാക്കള് കേള്വിക്കാര് പോലുമല്ലാതാകുമ്പോള് സംഭവിക്കുന്ന പലതരം ലഹരികളിലൊന്നിനെക്കുറിച്ച് മാത്രമാണ് ഈ കുട്ടികള് പറയുന്നത്. പുതിയ കാലം കുട്ടികള്ക്ക് അവരിലേക്ക് തന്നെ രക്ഷപെടാന് അവസരമൊരുക്കുന്ന മറ്റൊന്നുണ്ട്. മൊബൈല് ഉപയോഗം. കുട്ടികള് മൊബൈലോ പുതിയ സാങ്കേതികവിദ്യയുടെ ആശയവിനിമയ, വിനോദസാധ്യതകളോ ഉപയോഗിക്കരുത് എന്ന അഭിപ്രായം തീര്ത്തുമില്ല, ഒട്ടുമില്ല. വിഷമങ്ങളില് നിന്ന് രക്ഷപെടാനും ഒറ്റപ്പെടലും ഏകാന്തതയും തിരിച്ചറിയപ്പെടാതെ പോകാനും അതൊരു ഉപാധിയാകരുത് എന്ന് മാത്രമേയുളളൂ.

ഒന്നോര്ത്ത് നോക്കൂ, കുട്ടികള് കുട്ടികളെന്ന് പറയുമ്പോ, കുട്ടികള്ക്ക് കുട്ടികളായി വളരാന് എന്ത് സാഹചര്യമാണ് നമ്മുടെ സാമൂഹ്യ, വിദ്യാഭ്യാസപശ്ചാത്തലം വാഗ്ദാനം ചെയ്യുന്നത്. കളിക്കാനൊരു ഗ്രൗണ്ട് പോലും വിരളം. അല്ല, അതിന് കളിക്കാനെവിടെ നേരം. 

ഒരു ദിവസം സ്വതന്ത്രമായി വിട്ടാല് നമ്മുടെ കുട്ടികള്ക്കെന്ത് ചെയ്യാനാണ് ആഗ്രഹമെന്ന് നമ്മളെന്നെങ്കിലും തിരക്കിയിട്ടുണ്ടോ? ഞങ്ങള് തിരക്കി. അവര് ചിരിച്ചതേയുളളൂ. കാരണം അവര്ക്കറിയാം ഇത് ചുമ്മാതെ ചോദിക്കുന്നതാണെന്ന്. അവര്ക്ക് അവരാഗ്രഹിക്കുന്നത് പോലെ ഒരു ദിവസം പോലും ജീവിക്കാന് കഴിയുമെന്ന് അവര് സ്വപ്നം പോലും കാണുന്നില്ല സുഹൃത്തുക്കളെ. അങ്ങേയറ്റം നിരാശാജനകമാണിത്.

സ്കൂള് വിദ്യാര്ഥികളില് ആണ്കുട്ടികളും പെണ്കുട്ടികളും വിഷാദത്തിന്റെ ഏകാന്തതകളിലേക്ക് ഒതുക്കപ്പെടാനുളള സാധ്യത ഏതാണ്ട് ഒരുപോലെയാണ്. കൗമാരക്കാരില് പെണ്കുട്ടികളാണ് ശാരീരികവും മാനസികവുമായ കാരണങ്ങളാല് കൂടുതലും വിഷാദത്തിനടിപ്പെടുകയെന്ന് പഠനങ്ങള് തെളിയിക്കുന്നു. വിഷാദത്തിനടിപ്പെടുക. ലൈംഗികമോ, മാനസികമോ, ശാരീരികമോ ആയ ചൂഷണങ്ങള് ഉളളിലൊതുക്കാതെ തുറന്നുപറയാനുളള ധൈര്യം എല്ലായ്പോഴും കുട്ടികള്ക്കുണ്ടാവണമെന്നില്ല. പ്രത്യേകിച്ചും നമ്മുടേത് പോലെയുളള അടഞ്ഞ സാമൂഹ്യ അന്തരീക്ഷത്തില്. നമ്മുടെ സ്കൂളുകളില് ആ വഴിക്കുളള ശ്രമങ്ങള് തുടങ്ങിക്കഴിഞ്ഞു എന്നത് ചെറുതെങ്കിലും പ്രതീക്ഷ നല്കുന്നതാണ്.

ഈ പരിപാടി ഏതെങ്കിലും കുട്ടികള് കാണാനിടയായാല് ഒരൊറ്റക്കാര്യം. നിങ്ങളെക്കുറിച്ച് സംസാരിക്കാന് ഒരു പ്ലാറ്റ്ഫോമായി വിഷാദമെന്ന രോഗാവസ്ഥയെ ഉപയോഗിച്ചെന്നേയുളളൂ. നിങ്ങളൊക്കെ കിടിലങ്ങളാണെന്ന് എനിക്ക് യാതൊരു സംശയവുമില്ല. നിങ്ങളില് നിരാശ കുത്തിവെക്കുന്നതും വിഷാദത്തിന്റെ വിത്ത് പാകുന്നതുമൊക്കെ ഞാനടക്കമുളള മുതിര്ന്നവരാണ്. ഞങ്ങള് പെട്ടെന്ന് മാറാന് വലിയ പാടാണ്. അത് നോക്കിയിരിക്കരുത്. നിങ്ങള് കളിച്ചും ചിരിച്ചും ആസ്വദിച്ചും തന്നെ ജീവിക്കണം. അതുകണ്ട് അസൂയയോടെ ഞങ്ങളും മാറിക്കോളാം.

MORE IN SPOTLIGHT
SHOW MORE