പൊലീസ് സ്റ്റേഷനിലെത്തി ശശികലക്കൊപ്പം രാഹുല്‍ ഈശ്വറിന്‍റെ സെല്‍ഫി; വിവാദം

rahul-eswar-selfie
SHARE

റാന്നി പൊലീസ് സ്റ്റേഷനിലെത്തി ശശികലയ്ക്കൊപ്പമുള്ള സെൽഫിയെടുത്ത് രാഹുൽ ഈശ്വർ. പൊലീസുകാരോട് ഇവര്‍ക്കെതിരെയുള്ള നടപടിയോടുള്ള വിയോജിപ്പും അറിയിച്ചുവെന്നാണ് രാഹുൽ കുറിച്ചിരിക്കുന്നത്. പൊലീസിന്റെ നടപടിയോട് വിയോജിക്കാൻ നിങ്ങളാരാണ് എന്ന സമൂഹമാധ്യമത്തിലെ ചോദ്യത്തിന്, നികുതി അടയ്ക്കുന്ന സാധാരണ പൗരൻ എന്നാണ് രാഹുൽ മറുപടി നൽകിയത്. 

പൊലീസ് അറസ്റ്റു ചെയ്യുമെന്നറിയിച്ചതിനാൽ അയ്യപ്പധർമ്മ ജന സേന നേതാവ് രാഹുൽ ഈശ്വർ നിലയ്ക്കലിൽ നിന്നും മടങ്ങിപ്പോയിരുന്നു. ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി തള്ളിയാൽ കൂടുതൽ പ്രക്ഷോഭങ്ങളുമായി പമ്പയിലെത്തും. യുവതികളെ കയറ്റിവിടില്ലെന്ന് പൊലീസ് അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു

ശബരിമലയിൽ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെ ഇന്ന് പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്.  ഇപ്പോള്‍ അവരെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി. അറസ്റ്റിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും സന്നിധാനത്തടക്കം കരുതൽ അറസ്റ്റുകൾ തുടരാനാണ് പൊലീസ് തീരുമാനം. അറസ്റ്റില്‍ പ്രതിഷേധിച്ച് ഹിന്ദുസംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതം ദുസഹമാക്കി. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തിയവരും രോഗികളും അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞു. പൊലീസ് സുരക്ഷയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം കാരണം ഒഴിവാക്കി. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. സ്വകാര്യബസുകള്‍ പൂര്‍ണമായും ഓട്ടം നിര്‍ത്തിയിരുന്നു. ദേശീയപാതയുള്‍പ്പെടെ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍  ഉപരോധിച്ചു.  

MORE IN SPOTLIGHT
SHOW MORE