നൈറ്റി കവര്‍ന്നു; അത് ധരിച്ച് അയല്‍വീട്ടില്‍ വന്‍ കവര്‍ച്ച; നൈറ്റി തിരിച്ചെത്തിച്ച് മുങ്ങി

thief
SHARE

നെടുങ്കണ്ടം മുണ്ടിയെരുമയ്ക്കു സമീപം കല്ലുമ്മേക്കല്ലിൽ പട്ടാപ്പകൽ വീടുകൾ കുത്തിത്തുറന്നു 3.50 ലക്ഷം രൂപയുടെ സ്വർണവും 7000 രൂപയും കവർന്ന സംഭവത്തിൽ നൈറ്റി ധരിച്ചയാളാണു കവർച്ച നടത്തിയതെന്നു പൊലീസ്. സമീപത്തെ വീട്ടിൽനിന്ന് എടുത്ത നൈറ്റിയിട്ടാണ് കള്ളൻ കവർച്ച നടത്തിയതെന്നാണു നിഗമനം. 

ഈ നൈറ്റി തിരികെ ഇതേ വീട്ടിൽ ഉപേക്ഷിച്ചശേഷമാണു കള്ളൻ സ്ഥലംവിട്ടതെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച പകൽ 10നും 12നും ഇടയിലാണു കവർച്ച നടന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. കല്ലുമ്മേക്കല്ല് കല്ലടപുത്തൻവീട്ടിൽ ഓമനക്കുട്ടൻ, പുത്തൻവീട്ടിൽ വിനോദ്കുമാർ എന്നിവരുടെ വീടുകളിലാണു മോഷണം. ഓമനക്കുട്ടന്റെ വീട്ടിൽനിന്ന് ഒരു പവൻ സ്വർണവും 1000 രൂപയും വിനോദ്കുമാറിന്റെ വീട്ടിൽനിന്നു 14 പവൻ സ്വർണവും 6000 രൂപയുമാണു മോഷ്ടിച്ചത്. 

സംഭവത്തെത്തുടർന്നു പൊലീസ് 2 വീടുകളിലുമെത്തി പരിശോധനകൾ നടത്തി. ഇടുക്കിയിൽനിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദ്ഗധരും വീടുകളിലെത്തി തെളിവുകൾ ശേഖരിച്ചു. വീട്ടുകാർ ജോലിക്കായി പുറത്തു പോയ സമയത്താണു കള്ളൻ കയറിയത്. വീടുകളുടെ അടുക്കളഭാഗത്തെ കതക് വീടിനു സമീപം സൂക്ഷിച്ചിരുന്ന തൂമ്പകൊണ്ടു കുത്തിപ്പൊളിച്ചാണു കള്ളൻ അകത്തു കടന്നിരിക്കുന്നത്. കള്ളൻ വീടിനുള്ളിൽ കയറി മുൻവശത്തെ പ്രധാന വാതിൽ അകത്തുനിന്നു കുറ്റിയിട്ടു. 

ഇതിനുശേഷം സമയമെടുത്താണു മോഷണം നടത്തിയത്. പണവും സ്വർണവും കൂടാതെ ഓമനക്കുട്ടന്റെ വീട്ടിൽനിന്ന് ഒരു വാച്ചും നഷ്ടപ്പെട്ടിരുന്നു. സമീപത്തെ മറ്റു വീടുകളിലും കള്ളൻ കയറാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് നായ ഈ വീടുകളുടെ പരിസരങ്ങളിലെത്തി. മോഷണത്തെക്കുറിച്ചു നെടുങ്കണ്ടം എസ്ഐ: സി.സുമതിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. 

MORE IN SPOTLIGHT
SHOW MORE