ഡോക്ടര്‍മാരുടെ ശബരിമല കാര്‍ട്ടൂണ്‍‌ വിവാദത്തില്‍; സ്ത്രീവിരുദ്ധമെന്ന് തുറന്നടിച്ച് യുവഡോക്ടര്‍

sabarimala-cartoon
SHARE

യുവതികൾ ശബരിമലയിൽ കയറിയാൽ പീഡനത്തിനിരയാകുമെന്ന് മുതിർന്ന ഡോക്ടർ പി.ജയദേവന്റെ കാർട്ടൂൺ വിവാദമായി.  കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ്‌ അസോസിയേഷൻ എന്ന സർക്കാർ ഡോക്‌ടർമാരുടെ സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ്‌ ഈ കാർട്ടൂൺ അച്ചടിച്ചു വന്നിരിക്കുന്നത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ ഡോക്ടർ ഷിംന അസീസ് രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി.  കുറിപ്പ് ഇങ്ങനെ;

സ്‌ത്രീകൾ ശബരിമല കയറിയാൽ ക്ഷണികപ്രണയങ്ങൾ ഉണ്ടാകുമെന്നും മെഡിക്കൽ/പാരമെഡിക്കൽ സ്‌റ്റാഫെല്ലാം കൂടുമ്പോൾ ബഹുരസമാകുമെന്നും പറഞ്ഞ്‌ ആസ്വദിച്ച്‌ കാർട്ടൂൺ വരച്ചിരിക്കുന്നത്‌ മുതിർന്ന സർക്കാർ ഡോക്ടർ. വ്യക്‌തമായ സ്‌ത്രീവിരുദ്ധതയാണ്‌. മറ്റൊന്നില്ല ഇതിനെ വിളിക്കാൻ.

ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ച്‌ വന്നിരിക്കുന്നത്‌ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ്‌ അസോസിയേഷൻ - KGMOA എന്ന സർക്കാർ ഡോക്‌ടർമാരുടെ സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ്‌.

ലോകത്തിന്‌ അറിയേണ്ടത്‌ ഇതാണ്‌-

ശബരിമലയിൽ സ്‌ത്രീകളായ സഹപ്രവർത്തകർ വരുമ്പോൾ മാത്രമായാണോ സ്വിച്ചിട്ട പോലെ പ്രണയം വരിക? ഇതിന്‌ മുൻപ്‌ ജോലി ചെയ്‌തിരുന്ന സാഹചര്യങ്ങളിൽ ഈ വൃത്തികേട്‌ വരച്ച ആളുടേത്‌ പോലെ ചിന്താഗതിയുള്ളവരെ വിശ്വസിച്ച്‌ കൂടെ ജോലി ചെയ്‌തവരെ ഓർത്ത്‌ വല്ലാത്ത അരക്ഷിതാവസ്‌ഥ തോന്നുന്നു. മാന്യമായി ജോലി ചെയ്യുന്ന പുരുഷൻമാർക്കും നിസ്സംശയം ഇത്‌ അപമാനകരമാണ്‌.

നാരിമാർ ഇത്രയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ, അവരെയല്ല വീട്ടിലിട്ട്‌ പൂട്ടേണ്ടത്‌, ഇത്തരം മനസ്സുള്ളവരെയാണ്‌. ഇന്നത്തെ പെണ്ണ്‌ കടന്നു ചെല്ലാത്തയിടങ്ങളില്ല. മനസ്സ്‌ കാളവണ്ടിയുഗത്തിൽ തുടരുന്നത്‌ ഒരു മുതിർന്ന ഡോക്ടർക്കാണ്‌. സ്‌ത്രീകളോട്‌ ഒന്നടങ്കം ആത്മാർത്‌ഥമായി മാപ്പ്‌ പറയണം.

- റേപ് എന്നത് നിങ്ങൾക്ക് തോന്നുംപടി എടുത്തുപയോഗിച്ച് തമാശയുണ്ടാക്കാനുള്ള ഒന്നല്ല. ശബരിമല പോലൊരു പവിത്രമായ ഇടത്ത്‌ പീഡനവും പൊട്ടൻസി ടെസ്‌റ്റും ആവശ്യം വരുന്ന ഗതികേടുണ്ടാക്കുന്നവർ ബ്രഹ്‌മചാരിയായ അയ്യപ്പനെ തിരഞ്ഞ്‌ പോകാമോ? ആ സന്നിധിയെ അശുദ്ധമാക്കാൻ കാമഭ്രാന്തൻമാർ മെനക്കെട്ട്‌ പോകുന്നതെന്തിനാണ്‌? ദൈവത്തെയല്ല, ദൈവമെന്ന ആശയത്തെ, ബ്രഹ്‌മചര്യം പാലിച്ച്‌ എടുത്ത വ്രതശുദ്ധിയെ പച്ചയായി അപമാനിച്ചു. മുഴുവൻ ഭക്തസമൂഹത്തിനോടും മാപ്പ്‌ പറയണം.

- കെജിഎംഒഎയുടെ ഉത്തരവാദിത്വപ്പെട്ട പ്രസിദ്ധീകരണത്തിൽ ഇത്രയും മ്ലേച്‌ഛമായ ഒരു സൃഷ്‌ടിക്ക്‌ അനുമതി എങ്ങനെ ലഭിച്ചു? എഡിറ്ററും കെജിഎംഒഎയും ഈ ചിത്രങ്ങൾ വരച്ചയാളും ഇത്‌ പിൻവലിച്ച്‌ തെറ്റ്‌ തിരുത്തി നിർവ്യാജം മാപ്പ്‌ പറയണം.

മനസ്സിലെ അഴുക്ക്‌ അവിടെ തന്നെ തട കെട്ടി വെച്ചേക്കണം. 'കലാസൃഷ്‌ടി' കണ്ട കലിപ്പ്‌ മാറുന്നില്ല. ലജ്ജാവഹം !

- Dr. Shimna Azeez 

MORE IN SPOTLIGHT
SHOW MORE