‘പൊന്നുമായി ചെന്നു; ദുരിതം കണ്ട് അമ്പരന്നു’; രണ്ടര ലക്ഷം തേടി ഫിറോസ്: വിഡിയോ

firos-gold-help-house
SHARE

‘ഇന്ന് മോളുടെ നിക്കാഹാണ്. ഒരു ആർഭാടങ്ങളും ഇല്ല. കല്ല്യാണത്തിന്റെ ഭക്ഷണവും മറ്റ് ചെലവുകളും അവസ്ഥ അറിഞ്ഞ് നാട്ടുകാർ ഏറ്റെടുത്തു. പക്ഷേ ഒരു തരി സ്വർണം പോലുമില്ല..’ ഒറ്റപ്പാലം പൂളക്കുണ്ട് ലക്ഷം വീട് കോളനിയിൽ നൂർജഹാന്റെ ഇൗ വാക്കുകളാണ് ഫിറോസ് കുന്നംപറമ്പിലിനെ ആ വീട്ടിലെത്തിച്ചത്. നൻമ നിറഞ്ഞ മനസുകൾ കനിഞ്ഞ അഞ്ചുപവന്റെ സ്വർണം ആ കല്ല്യാണപ്പെണ്ണിനായി ഫിറോസ് കയ്യിൽ കരുതിയിരുന്നു. എന്നാൽ ആ വീട്ടിലെ അവസ്ഥ അതിലും ദയനീയമായിരുന്നു.

ലക്ഷം വീട് കോളനിയിലെ ഒരു ചെറിയ വീട്ടിലാണ് ഇൗ ഉമ്മയും രണ്ട് പെൺമക്കളും താമസിക്കുന്നത്. മാസം ആയിരം രൂപയാണ് വീടിന്റെ വാടക. വീട്ടുജോലിയ്ക്ക് പോയിട്ടാണ് ഇൗ ഉമ്മ മക്കളെ വളർത്തുന്നത്. 13 വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഇവരെ ഉപേക്ഷിച്ചു. ഇപ്പോൾ മൂത്ത മകളുടെ കല്ല്യാണം നടത്താനുള്ള സഹായം തേടിയാണ് ഇവർ ഫിറോസിനെ സമീപിക്കുന്നത്. പെട്ടെന്ന് തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ അഞ്ചുപവൻ സ്വർണം ഇൗ ഉമ്മയ്ക്കായി കണ്ടെത്തി.

പക്ഷേ ഫിറോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്ദേഹം അപേക്ഷിക്കുന്നത് മറ്റൊന്നാണ്. ഇപ്പോൾ ആയിരം രൂപയ്ക്ക് താമസിക്കുന്ന വീട് രണ്ടരലക്ഷം രൂപ നൽകിയാൽ ഇവർക്ക് വിൽക്കാമെന്ന് ഉടമ സമ്മതിച്ചിട്ടുണ്ട്. ആ തുക കണ്ടെത്താൻ സോഷ്യൽ ലോകത്തിന്റെയും നൻമ നിറഞ്ഞവരുടെയും കനിവ് തേടിയാണ് ഫിറോസ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇവരുമായി ബന്ധപ്പെടാനുള്ള കൂടുതൽ വിവരങ്ങളും ചേർത്താണ് ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

MORE IN SPOTLIGHT
SHOW MORE