എൺപത്തിയാറാം വയസിലും തുച്ഛവേതനം കൈപ്പറ്റി അധ്യാപനം; ദേവസ്വം ബോർഡ് അവഗണന

vaiko-teacher
SHARE

തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്‍റെ  വൈക്കം ക്ഷേത്ര കലാപീഠത്തിൽ ഒരു വിഷയത്തിന് മാത്രം 36 വർഷമായി സ്ഥിരാധ്യാപകനില്ല. അറുപത്തിയഞ്ചാം വയസ്സിൽ നിയമിതനായ വൈക്കം സ്വദേശി ശ്രീരാമ കൈമളാണ് 21 വർഷമായി പൊതു വിജ്ഞാനത്തിന് ക്ലാസെടുക്കുന്നത്. സ്വന്തമായി വാങ്ങിയ പുസ്തകങ്ങളുമായാണ് എൺപത്തിയാറാം വയസിലും തുച്ഛമായ വേതനം പറ്റി ക്ലാസെടുക്കുന്നത്. 

36 വർഷം മുമ്പ് ദേവസ്വം ബോർഡ് തുടങ്ങിയ ക്ഷേത്രകലാപീഠം ഇപ്പോൾ വൈക്കം ക്ഷേത്രത്തിൽ മാത്രമാണുള്ളത്. ക്ഷേത്ര കലകളുടെ 3 വർഷത്തെ ഡിപ്ലോമ ക്ലാസ്സുകളാണിവിടെയുള്ളത്. ഇതിൽ പഞ്ചവാദ്യം, തകിൽ, നാഗസ്വരം, സംഗീതം തുടങ്ങിയവ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കു മായാണ് പൊതു വിജ്ഞാനം വിഷയമാക്കിയത്. ക്ഷേത്രാചാരം, ക്ഷേത്ര മര്യാദകൾ, തന്ത്രസമുച്ചയം, പുരാണ ഗ്രന്ഥങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളാണ് ഇതിൽ പഠിപ്പിക്കുന്നത്. എന്നാൽ ഈ വിഷയത്തിനായി യാതൊരു സൗകര്യങ്ങളും ബോർഡ് ഒരുക്കുന്നില്ലെന്നാണ് പരാതി. നിലവിലുള്ള ഇരുനൂറോളം കുട്ടികൾക്കായി ഒരദ്ധ്യാപകൻ മാത്രമാണുള്ളത്. പഠനത്തിനുള്ള പുസ്തകങ്ങളടക്കം സ്വന്തം പണം മുടക്കി വാങ്ങി പഠിപ്പിക്കേണ്ട ഗതികേടിലാണ് അദ്ധ്യാപകൻ. മറ്റ് വാദ്യകലകൾക്കായുള്ള 14 അദ്ധ്യാപകർ മുപ്പതിനായിരം മുതൽ ശമ്പളം വാങ്ങുമ്പോൾ ഈ വൃദ്ധ അദ്ധ്യാപകന് ബോർഡ് നൽകുന്നതാകട്ടെ 6500 രൂപയാണ്. മറ്റ് വിഷയങ്ങളിൽ പ്രത്യേകം അദ്ധ്യാപകർ പരീക്ഷഫലം നിർണ്ണയിക്കുമ്പോൾ പൊതു വിജ്ഞാനത്തിന് മുഴുവൻ വിദ്യാർത്ഥികളുടെയും ഫലം നിർണ്ണയ്‌ക്കേണ്ടി വരുന്നത് ഈ ഒരദ്ധ്യാപകനാണ്. 

തുടക്കത്തിൽ മൂന്ന് ദിവസം മാത്രം ക്ലാസെടുത്താൽ മതിയെന്നാണ് പറഞ്ഞിരുന്നതെങ്കിലും നിലവിൽ 6 ദിവസവും ക്ലാസെടുക്കണമെന്നാണ് നിർദേശം. ഈ വിഷയത്തിൽ ദേവസ്വം ബോർഡിന്റെ അവഗണന ചുണ്ടിക്കാട്ടി ഓംബുഡ്സ്മാനടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. പൊതു വിജ്ഞാനത്തിൽ നാൽപ്പതു ശതമാനം മാർക്ക് കിട്ടിയാൽ മാത്രമെ ഏതു വാദ്യകലയിലും ജയിക്കാനാവൂ എന്നിരിക്കെയാണ്‌ ഈ അവഗണന ദേവസ്വം ബോർഡ് തുടരുന്നത്. ക്ഷേത്ര കലകൾ പഠിക്കുന്ന വിദ്യാർത്ഥികൾ ക്ഷേത്രആചാരമര്യാദകളും ശാസ്ത്രങ്ങളും അറിഞ്ഞിരിക്കണമെന്നതാണ് പൊതു വിജ്ഞാനത്തിന്റെ പ്രസക്തി എന്നിരിക്കെ ദേവസ്വം ബോർഡിന്റെ ഈഅവഗണനയിൽ വിശ്വാസികൾക്കിടയിലും പ്രതിഷേധമുയർന്നിട്ടുണ്ട്. ഈ അവഗണന കിടയിലുംഅറിവ് പകർന്നു നൽകാനുള്ള താൽപര്യം മാത്രമാണ്  86 കാരനായ ഈ അദ്ധ്യാപകനെ 21 വർഷമായി ഈപടികൾ കയറ്റുന്നത്.

MORE IN SPOTLIGHT
SHOW MORE