പൊലീസ് പരിപാടിയില്‍ ആഭാസം; ഞെട്ടിപ്പിച്ച അനുഭവം തുറന്നുപറഞ്ഞ് ഗായിക, വിഡിയോ

mekhla
SHARE

പൊലീസ് സംഘടിപ്പിച്ച പരിപാടിയിലെ ദുരനുഭവം തുറന്നുപറഞ്ഞ് ഗായിക. പശ്ചിമബംഗാളിലെ ദന്താൻ ജില്ലയിൽ പൊലീസ് സംഘടിപ്പിച്ച പരിപാടിയിൽ നേരിട്ട മോശം അനുഭവത്തെക്കുറിച്ചാണ് ഫെയ്സ്ബുക്കിലൂടെ ഗായിക മേഖ്ല ദാസ് ഗുപ്ത തുറന്നുപറഞ്ഞത്. റിയാലിറ്റി ഷോയിലൂടെയാണ് മേഖ്ല പ്രശസ്തയായത്. ഗാനമേള കഴിഞ്ഞെത്തിയ ഉടൻ തന്നെയായിരുന്നു മേഖ്ലയുടെ ലൈവ്. 

പാതിരാത്രിയിൽ ലൈവിൽ എത്തിയതിന് ക്ഷമിക്കണം എന്ന ആമുഖത്തോടെയാണ് മേഖ്ല നേരിട്ട അനുഭവത്തെക്കുറിച്ച് വിവരിക്കുന്നത്. തന്റെ ജീവൻ അപകടത്തിലാണെന്നും, സുരക്ഷിതമായി തിരികെ എത്താനാകുമോയെന്ന ഭയമുണ്ടെന്നുമാണ് ആദ്യത്തെ ലൈവിൽ പറയുന്നത്. ഉച്ചയ്ക്ക്ശേഷം  മറ്റൊരു ലൈവിലെത്തിയാണ് മുഴുവൻ സംഭവങ്ങളും വിവരിക്കുന്നത്. സംഘാടകരുടെ വണ്ടിയിലായതിനാൽ കൂടുതൽ ഒന്നും പറയാൻ സാധിക്കുമായിരുന്നില്ല എന്ന് മേഖ്ല വ്യക്തമാക്കുന്നു. 

ഞാന്‍ പാട്ട് ആരംഭിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ആ പാട്ട് വേണ്ടെന്ന് ആക്രോശിച്ചു. അതോടെ ഞാന്‍ ഫാസ്റ്റ് നമ്പറുകള്‍ പാടി. അവര്‍ മദ്യപിച്ച് നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് സംഘാടകരില്‍ ഒരാള്‍ വേദിയിലുളള പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് നീങ്ങി നില്‍ക്കാന്‍ എന്നോട് പറഞ്ഞത്. കോണ്‍സ്റ്റബിളുമാരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു. പാട്ട് പാടുക മാത്രമല്ല അവര്‍ക്ക് വേണ്ടിയിരുന്നത്. പൊലീസുകാരുടെ മുമ്പില്‍ നൃത്തം ചെയ്ത് അവരെ കൂടി നൃത്തം ചെയ്യിക്കണമെന്നാണ് പറഞ്ഞത്.

എന്നാല്‍ ഈ ആവശ്യം നിഷേധിച്ച തന്നോട് പൊലീസുകാര്‍ അടക്കമുളളവര്‍ മോശമായാണ് പെരുമാറിയതെന്നും ഗായിക പറഞ്ഞു. തുടര്‍ന്ന് തന്നോട് അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചീത്ത പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതോടെ വേദി വിട്ടതായും മേഖ്ല ആരോപിച്ചു. 

MORE IN SPOTLIGHT
SHOW MORE