കോളേജ് കുമാരി; രണ്ട് മക്കളുടെ അമ്മ; പാലാക്കാരി റസ്സിക്ക് വക്കീലാകണം; വിഡിയോ

rassy-mathew
SHARE

തൊണ്ണൂറ്റിയെട്ടാം വയസിൽ 96 ശതമാനം മാർക്കു വാങ്ങി നാലാംക്ലാസ് പാസായ കാർത്യായനി അമ്മയെ ഇഷ്ടത്തോടെ ചേർത്തുനിർത്തി ആ കഥ ഊർജമാക്കിയവരാണു മലയാളികള്‍. കഥ തുടരുകയാണ്. പ്രായം അക്കത്തില്‍ മാത്രമൊതുക്കുന്നവർ വേറെയുമുണ്ട്. ഉദാഹരണം പാലാക്കാരി റസി മാത്യു. ചങ്കൂറ്റവും നിശ്ചദാർഢ്യവും സമം ചേർന്ന വ്യക്തിത്വം. പത്താം ക്ലാസ് പാസാകണം, ജോലി ചെയ്യണം എന്നാണ് കാർത്യായനി അമ്മ പറഞ്ഞത്. എൽഎൽ‌ബി പഠിക്കണം, തിരഞ്ഞെടുപ്പിൽ മത്സരിക്കണം, അനീതിക്കെതിരെ പോരാടണം എന്നതാണ് റസിയുടെ സ്വപ്നം.‌ 

മഴവിൽ മനോരമയിലെ ഉടന്‍ പണം റിയാലിറ്റി ഷോയിലൂടെയാണ് റസ്സിയുടെ കഥ ലോകമറിഞ്ഞത്. പാലാ അൽഫോൻസാ കോളേജ് വിദ്യാർത്ഥിയായ രണ്ടു മക്കളുടെ അമ്മ കൂടിയായ റസ്സിക്ക് ജയ് വിളിക്കാൻ കൂട്ടുകാരുമെത്തിയിരുന്നു. ടീനേജുകാരെ വെല്ലുന്ന റസിയുടെ സംസാരവും ശരീരഭാഷയും കണ്ടുനിന്നവരും പ്രേക്ഷകരും ഏറ്റെടുത്തു. എൽഎൽബിയെടുക്കണം എന്ന് ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും  സിനിമകളൊക്കെ കാണുമ്പോൾ ആ ആഗ്രഹം കൂടുമായിരുന്നു. 

‘അൽഫോൻസാ കോളേജിലാണ് പ്രീ ഡിഗ്രി പഠിച്ചത്. വീണ്ടും അതേ കോളേജിൽ എത്തുമ്പോൾ ഒരുപാട് ഓർമകൾ ഉണ്ട്. 86 കാലഘട്ടത്തിൽ കോളേജിലെ ബെസ്റ്റ് ആക്ടർ ആയിരുന്നു. ഇത്തവണയും യുവജനോത്സവത്തിൽ പങ്കെടുത്തിരുന്നു. മൂന്നാം സമ്മാനത്തില്‍ ഒതുങ്ങിയത് ചെറിയ വിഷമമായി..’, റസി പറഞ്ഞു. ശേഷം ഉടൻ പണം വേദിയിലവതരിപ്പിച്ച കഥാപ്രംസംഗത്തിന് നിറകയ്യടിയായിരുന്നു. കഥാപ്രസംഗം മാത്രമല്ല, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളെല്ലാം റസിക്ക് വഴങ്ങും.

രണ്ട് കുട്ടികളാണ് റസ്സിക്ക്- ഒരാൾ പ്ലസ് വണ്ണിലും മറ്റേയാൾ പ്ലസ് ടുവിലും പഠിക്കുന്നു. ഭർത്താവ് മരിച്ചു. രാവിലെ മൂന്നു മണിക്കു തുടങ്ങുന്ന ദിനചര്യകളാണ്. വെളുപ്പിന് അടുത്ത വീട്ടിൽ ജോലിക്കു പോകും. തിരിച്ചെത്തുമ്പോൾ മക്കൾ സ്കൂളിലേക്ക് പുറപ്പെട്ടിട്ടുണ്ടാകും. കുളിച്ച് റെഡിയായി റസ്സിയും ഉടൻ തന്നെ കോളജിലേക്ക്. കോളേജില്‍ നിന്ന് തിരിച്ചെത്തിയാൽ പിന്നെ വീട്ടുജോലികൾ. ശേഷം പഠിക്കാനിരിക്കും. 

എന്തുകിട്ടാനാ പഠിക്കുന്നെ എന്നു പലരും ചോദിച്ചിട്ടുണ്ട്. എന്തെങ്കിലുമൊക്കെ കിട്ടും. ഇത്ര നാളും ജീവിച്ചിട്ട് നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ കിട്ടിയോ എന്ന് ഞാനവരോട് ചോദിക്കും'', തോൽക്കാൻ കൂട്ടാക്കാതെ റസിയ പറയുന്നു. റസ്സിയുടെ കഥയറിഞ്ഞ് മഞ്ജു വാര്യർ വിളിച്ച് അഭിനന്ദിച്ചിരുന്നു, കാണാനെത്തുമെന്ന് പറഞ്ഞിരുന്നു. മ‍‍‍‍‍ഞ്ജു വരുമെന്ന പ്രതീക്ഷയിലാണ് റസ്സി.

വാടകവീട്ടിലാണ് റസ്സി താമസിക്കുന്നത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. പഠിച്ച് നല്ല മാർക്കു വാങ്ങി എൽഎൽ‍ബിക്ക് ചേരണമെന്നാണ് ആഗ്രഹം. മക്കളുടെ പഠനാർത്ഥം സുമനസുകളുടെ സഹായവും റസ്സി അഭ്യർത്ഥിക്കുന്നു. 

MORE IN SPOTLIGHT
SHOW MORE