അന്ന് വരിക്കപ്ലാവിനെ 'വരിച്ചു'; ഒരുവർഷത്തിന് ശേഷം 'പെണ്ണുകിട്ടി'

chandru-velarikund
SHARE

ആശിച്ചതുപോലെ പെണ്ണുകിട്ടാത്തതിനെത്തുടർന്ന് ഒരുവർഷം മുമ്പാണ് ചന്ദ്രു വെള്ളരിക്കുണ്ടെന്ന യുവാവ് വരിക്കപ്ലാവിനെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് ക്ഷണക്കത്ത് ഫെയ്സ്ബുക്കിൽ കുറിച്ചത്. വിവാഹത്തെക്കുറിച്ചു സമൂഹത്തിൽ നിലനൽക്കുന്ന ധാരണകൾക്കെതിരെ ചന്ദ്രുവെന്ന യുവാവിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പെൺകുട്ടികളുടെ നിബന്ധനകൾക്കു ചേർന്ന വരനാകാൻ സാധിക്കാത്തതിനാൽ വരിക്കപ്ലാവിനെ വധുവായി കണ്ട് ആക്ഷേപഹാസ്യം നിറഞ്ഞ ക്ഷണക്കത്ത് ചന്ദ്രു ഫെയ്സ്ബുക്കിൽ തയാറാക്കുകയായിരുന്നു. ഒക്ടോബർ 31, 2017നായിരുന്നു പോസ്റ്റ്. നവംബർ 4ന് വിവാഹിതനാകുമെന്നായിരുന്നു അതിലെ വരികൾ. ഏതായാലും കൃത്യം ഒരുവർഷത്തിന് ശേഷം നവംബർ നാലാംതീയതി തന്നെ ചന്ദ്രു വിവാഹിതനായി. ചന്ദ്രു ആഗ്രഹിച്ചതുപോലെ ഡിമാന്റുകൾ ഒന്നുമില്ലാതെ പാലക്കാട് സ്വദേശിയായ സുഗതിയാണ് നല്ലപാതിയായി എത്തിയത്. വധൂഗ്രഹത്തിൽവെച്ച് ലളിതമായിട്ടായിരുന്നു വിവാഹം. 

ചന്ദ്രുവിന്റെ പഴയ പോസ്റ്റ് ഇങ്ങനെ;

*ക്ഷണക്കത്ത്*

സുഹൃത്തെ/ബന്ധുജനങ്ങളെ,

ഞാൻ വിവാഹിതനാവുകയാണ്. 

അടുത്ത മാസം നാലാം തീയതി ഞായറാഴ്ച പകൽ പത്തു മണിക്കാണ് ചടങ്ങ്.

എല്ലാവരും കുടുംബസമേതം കൃത്യ സമയത്ത് എത്തുമല്ലോ.

വധുവിനെ പരിചയപ്പെടുത്തട്ടെ,

വീടിന്റെ വടക്കുഭാഗത്ത് തല ഉയത്തി നിൽക്കുന്ന വരിക്കപ്ലാവാണ് വധു.

വിവാഹത്തിന് വലിയ ചടങ്ങുകളോ

ആർഭാടങ്ങളോ ഒന്നുമില്ല

അവൾ കുറേ പഴുത്ത പ്ലാവിലകൾ പൊഴിച്ചു തരും

ഞാനത് മാലയാക്കി അവൾക്ക് ചാർത്തും. വന്നവർക്കെല്ലാം ചക്കയുപ്പേരി വിളമ്പും ശുഭം!

ചരക്കെടുക്കാൻ തുണിക്കടയിലൊ

സ്വർണ്ണം വാരാൻ ജൂവലറിയിലൊ പോയില്ല

തേഞ്ഞു തീർന്ന ചെരുപ്പു മാറ്റി പുതിയൊരെണ്ണം വാങ്ങി അതു മാത്രം..

ജീവിതത്തിൽ

എന്റെ ഈ തീരുമാനത്തെ ഒരു സാഹസമായി കാണേണ്ടതില്ല

എല്ലാം ഒത്തുവന്നത് ഇപ്പഴാണ് 

വരനെക്കുറിച്ച് അവൾക്ക് വേവലാതികൾ ഉണ്ടായിരുന്നില്ല; ചോദ്യങ്ങളും..

സർക്കാർ ഉദ്യോഗമോ

അഞ്ചക്ക ശമ്പളമോ

ബാങ്ക് ബാലൻസോ എന്റെ

നിറമോ ജാതിയോ ജാതകമോ ചോദിച്ചില്ല.

പ്രായമോ പത്തിലെട്ട് പൊരുത്തമോ ചോദിച്ചില്ല

ചേർന്ന കോഴ്സുകളോ

കിട്ടിയ ഡിഗ്രികളെക്കുറിച്ചോ ചോദിച്ചില്ല

പട്ടുസാരിയോ സ്വർണ്ണത്തൂക്കമോ ചോദിച്ചില്ല...

ഒരേയൊരു ഡിമാൻറ് മാത്രം

"ഒരു മഴു പോലും വീഴാതെ അവസാനം വരെ തുണയാകണം.."

അങ്ങനെ എല്ലാം ഒത്തുവന്നപ്പോൾ ഞാനിതങ്ങ് ഉറപ്പിക്കുകയായിരുന്നു.

ആയതിനാൽ സുഹൃത്തെ 

ഈ മംഗളകർമ്മത്തിൽ എന്റെ സന്തോഷത്തിനൊപ്പം പങ്കുചേരാൻ പ്രിയപ്പെട്ട ഏവരേയും

ഹൃദ്യമായി ക്ഷണിക്കുന്നു..

- ചന്ദ്രു വെള്ളരിക്കുണ്ട്

chandroouae@gmail.com

( കവിത സമർപ്പണം: സമാന ഹൃദയർക്ക്)

MORE IN SPOTLIGHT
SHOW MORE