ഇവര്‍ വേദനകളില്ലാതെ ‘വേര്‍പിരിഞ്ഞ്’ ജീവിക്കുമോ? ഉടനറിയാം: പ്രാര്‍ഥനകളോടെ ലോകം

Twins-bhtan2
SHARE

നിമക്കും ദവക്കും സ്വതന്ത്രമായി ജീവിക്കാൻ ആകുമോ എന്ന് ഇന്നറിയാം. പ്രാർഥനകൾ മാത്രമാണവർക്ക് കൂട്ട്. ജനിച്ചതുമുതൽ വേദനകളുടെ ലോകത്തായിരുന്നു ഇരുവരും. ഭൂട്ടാനിലെ ആദ്യ സയാമീസ് ഇരട്ടകളായി 2017 ജൂലൈ 13നായിരുന്നു ഇരുവരുടെയും ജനനം. ജനിക്കുമ്പോഴേ വയറുകളും, നെഞ്ചിന്റെ ഒരു ഭാഗവും പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു നിമയും ദവയും. അതുകൊണ്ടുതന്നെ വളര്‍ന്നുവരുന്തോറും ഇരുവരും അനുഭവിച്ച കഷ്ടപ്പാടുകള്‍ക്കും അതിരില്ലായിരുന്നു. 

പല ആശുപത്രികളിലും തന്റെ കുഞ്ഞുങ്ങളെയുമായി ഈ മാതാപിതാക്കൾക്ക് കയറിയിറങ്ങി. അത്ര പെട്ടെന്നൊന്നും പരിഹരിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല നിമയുടെയും ദവയുടെയും അവസ്ഥ. നെഞ്ചും വയറും ഒട്ടിച്ചേര്‍ന്നുവെന്ന് മാത്രമല്ല, കുടലും കരളുമെല്ലാം ഇരുവരുടേതും പരസ്പരം പിണഞ്ഞായിരുന്നു കിടന്നത്. വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഒരു ശസ്ത്രക്രിയ മാത്രമേ ഏക വഴിയായി മുന്നിലുണ്ടായിരുന്നുള്ളൂ. സാധാരണക്കാരായ ഇവർക്ക് സഹായമായി ഓസ്ട്രേലിയയിലെ ജീവകാരുണ്യ സംഘടനയെത്തിയതോടെ പ്രതീക്ഷയുടെ പൊൻകിരണങ്ങൾ ആ അമ്മയുടെ മനസിൽ പതിച്ചു. 

Bhumchu-Zangmo

കുഞ്ഞുങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുവോളം ഡോക്ടര്‍മാരുടെ സംഘം കാത്തു. ഇരുവരും പൂര്‍ണ്ണ ആരോഗ്യതികളാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ശസ്ത്രക്രിയയുടെ തീയതി തീരുമാനിച്ചത്. മെല്‍ബണിലെ റോയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വെച്ചാണ് ശസ്ത്രക്രിയ നടക്കുക. എല്ലാം വിജയകരമായി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹോസ്പിറ്റലിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം തലവന്‍ ജോ ക്രേമറി അറിയിച്ചു. 18 ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. 

2009ല്‍ ബംഗ്ലാദേശില്‍ നിന്നുള്ള സയമീസ് ഇരട്ടകളായ തൃഷ്ണയുടെയും കൃഷ്ണയുടെയും ശസ്ത്രക്രിയ വിജയകരമായി നടത്തിയ അതേ സംഘമാണ് ഭൂട്ടാന്‍ സഹോദരിമാരുടെയും ശസ്ത്രക്രിയ നടത്തുന്നത്. അന്ന് 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് ഇവര്‍ നടത്തിയത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.