ആര്‍ത്തവം അശുദ്ധമല്ല; ശബരിമല വിധിക്കൊപ്പം; നിലപാട് തുറന്നുപറഞ്ഞ് പാര്‍വതി

parvathy-sabarimala
SHARE

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നിലപാടുകള്‍ തുറന്നുപറഞ്ഞ് നടി പാര്‍വതി. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകിയ സുപ്രീംകോടതി വിധിക്കൊപ്പമാണെന്ന് സംശയങ്ങളേതുമില്ലാതെ പാർവതി പറഞ്ഞു. ആർത്തവം അശുദ്ധമാണോ? ആർത്തവമുളള സ്ത്രീ മാറ്റി നിർത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി എന്നെ അലോസരപ്പെടുത്തുന്ന ചോദ്യമാണ്. ആർത്തവം അശുദ്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഏറെകാലം ആർത്തവത്തിന്റെ പേരിൽ നിങ്ങൾക്ക് സ്ത്രീകളെ മാറ്റി നിർത്താൻ സാധിക്കില്ല– പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച വിഡിയോ അഭിമുഖത്തിൽ പാര്‍വതി പറഞ്ഞു.

ആർത്തവമുളള ദിവസങ്ങളിൽ അമ്പലത്തിൽ പോകണമെന്ന് തോന്നുണ്ടെങ്കിൽ പോകുക തന്നെ ചെയ്യുമെന്നും വിധിക്കൊപ്പമാണെന്നും പാർവതി പറഞ്ഞു. ഈ അഭിപ്രായത്തിന്റെ പേരിൽ ഞാൻ ക്രൂശിക്കപ്പെട്ടക്കാം. ആണാധികാരം അടിച്ചേൽപ്പിച്ച പ്രവണതകളിൽ കുടുങ്ങി കിടക്കുന്നവരാണ് ആർത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നതെന്നും പാർവതി പറഞ്ഞു.

ചലച്ചിത്രമേഖലയിലെ വിവേചനവും മോശം പ്രവണതകളും ചൂണ്ടിക്കാണിച്ച് സിനിമയിലെ ആണാധിപത്യത്തിനെതിരെ പൊരുതി കയറിയ നടിയാണ് പാർവതി. സൂപ്പർതാര പരിവേഷമുണ്ടായിട്ടും ചെയ്ത സിനിമകൾ എല്ലാം വിജയമായിട്ടും മലയാള സിനിമയിൽ നിന്ന് അവർ മാറ്റി നിർത്തപ്പെട്ടു. ആരെയും വെല്ലുവിളിക്കാനല്ല ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ചോദ്യങ്ങൾ ചോദിക്കുന്നവരെ കുറ്റക്കാരായാണ് മലയാള സിനിമ  മുദ്ര കുത്തുന്നതെന്നും പാർവതി പറഞ്ഞു. അവസരങ്ങൾ ഇല്ലാതായി എന്നതു കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും പാർവതി പറഞ്ഞു. സുരക്ഷിതമായ തൊഴിലിടം ആവശ്യപ്പെട്ടതിന് തൊഴിൽ തന്നെ ഇല്ലാതായി.  ഞങ്ങളുടെ അവകാശങ്ങളാണ് ഞങ്ങൾ ചോദിച്ചതെന്നും ആരുടെയും ഒൗദാരമല്ലെന്നും പാർവതി പറഞ്ഞു. 

MORE IN SPOTLIGHT
SHOW MORE