ഡൗണ്‍ സിൻഡ്രോമുള്ള കുഞ്ഞുസുന്ദരി; ഒരച്ഛന്‍റെ അഭിമാനം: വികാരനിർഭരം ഈ കുറിപ്പ്

suresh-poovampilly
SHARE

ജീവിതവും സൗഹൃദവും പ്രണയവും ഒന്നുചേരുന്ന ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മാർട്ടിൻ എന്ന സുഹൃത്തിനെ കുറിച്ച് തൃശൂർ സ്വദേശിയായ സുരേഷ് പൂവംപിള്ളി എഴുതിയ കുറിപ്പ് വായനക്കാരുടെ കണ്ണു നനയിക്കുന്നതാണ്. അമിറ്റി കോളേജിൽ വച്ചാണ് മാർട്ടിൻ എന്നൊരു സഹൃത്ത് ജീവിതത്തിന്റെ ഭാഗമായി മാറുന്നത്. ‘ഓടപ്പഴം പോലൊരു പെണ്ണിനെ സ്വന്തമാക്കാനും കല്യാണം കഴിക്കാനുമെല്ലാമെല്ലാം’ മാർട്ടിനൊപ്പം സുരേഷും ഉണ്ടായിരുന്നു. ഗർഭിണിയായ മാർട്ടിന്റെ ഭാര്യ കാൽവഴുതി വീണതും അബോർഷൻ ആയതുമെല്ലാം കരൾ പിറക്കുന്ന അനുഭവങ്ങളായിരുന്നു. വർഷങ്ങൾക്ക് ശേഷം സുഹൃത്തിനെയും ഭാര്യയേയും കണ്ടുമുട്ടുമ്പോൾ ഒരു മഞ്ഞ ഫ്രോക്കും തലയിൽ ഒരു റുമാലും കെട്ടിയ ഒരു ചെറിയ പെണ്‍കുട്ടിയും കൂടെയുണ്ടായിരുന്നു. 

ഇനിയൊരു പുതിയ അതിഥി കൂടെയുണ്ടെന്നു പറഞ്ഞാണ് മാർട്ടിൻ എനിക്ക് അനീറ്റയെ പരിചയപ്പെടുത്തിയത്. മകളാണ്. ദത്തു പുത്രി. ഡൌണ്‍ സിൻഡ്രോം ബാധിച്ച ഒരു കൊച്ചു സുന്ദരി. ആരോഗ്യമുള്ള, അസുഖങ്ങൾ ഒന്നും ഇല്ലാത്ത ഒരു കുട്ടിയെ വേണമെങ്കിൽ അവനു ദത്തെടുക്കാമായിരുന്നു, അതിനുള്ള പണവും ഉണ്ട്. പക്ഷേ, സ്വന്തം അനുഭവങ്ങളിൽ നിന്നും, ഒരു കഴിവ് കുറഞ്ഞ, മറ്റുള്ളവർ സഹതാപത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണുന്ന ഒരു കുഞ്ഞിനെ, തങ്ങളുടെ മകളായി വളർത്തി, അവളെ ജീവിതത്തിലെ എല്ലാ കടമ്പകളും തരണം ചെയ്യാൻ പ്രാപ്തി ഉള്ളവളാക്കി, ഒരു വിജയി ആക്കി മാറ്റണം എന്ന ഒരു ആഗ്രഹത്തിന് ദൈവം കൊടുത്ത വരമാണ് അനീറ്റ എന്ന് പറഞ്ഞപ്പോൾ ഒരച്ഛന്റെ അഭിമാനം ആ വാക്കുകളിൽ ഞാൻ കാണുകയായിരുന്നു......ഡൗണ്‍ സിൻഡ്രോം ബാധിച്ച ആ കൊച്ചുസുന്ദരിയെ പരിചയപ്പെടുത്തിയപ്പോൾ ഒരച്ഛന്റെ അഭിമാനം അവനിൽ കണ്ടു...’;സുരേഷ് പറയുന്നു. 

കുറിപ്പിന്റെ പൂർണരൂപം വായിക്കാം...

ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ.

-------------------------------------------------------------------------------

"ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ.........." ഓഫീസ്സിലിരുന്നു വിഷ്ണു അത് മൂളിയപ്പോൾ കാലം എന്നെ ഒരുപാട് പിറകിലേക്ക് കൊണ്ടുപോവുകയായിരുന്നു. വീണ്ടും ഞാൻ ഒരു പ്രീ ഡിഗ്രികാരൻ പയ്യനായി. ചാലക്കുടിയുടെ മുക്കും മൂലയും കറങ്ങി നടന്നിരുന്ന, ധാരാളം സൗഹൃദങ്ങൾ ഉണ്ടായിരുന്ന, കാര്യമായ ഉത്തരവാദിത്വമൊന്നും ഇല്ലാതിരുന്ന ആ ഒരു സുന്ദര കാലഘട്ടത്തിലേക്ക് ഞാൻ മനസ്സുകൊണ്ട് നടന്നു കയറി.

അങ്ങനെയുള്ള ആ കറക്കങ്ങൾക്കും, അമിറ്റി കോളേജിലെ ക്ലാസ്സുകൾക്കും ഇടയിൽ എവിടേയോ വെച്ചാണ് മാർട്ടിൻ ഒരു സുഹൃത്തായി ജീവിതത്തിലേക്ക് കടന്നു വരുന്നത്. ചാലക്കുടിക്കടുത്ത് കുറ്റിച്ചിറയിൽ, ഒരു ഇടത്തരം കർഷക കുടുംബത്തിലെ ഇളയ സന്താനം. മൂത്ത രണ്ടു ചേട്ടന്മാർ കൃഷിയെല്ലാം ഉപേക്ഷിച്ചു, നല്ല ജോലിയുമായി ഇറ്റലിയിലും, അമേരിക്കയിലുമായി ജീവിതം തള്ളി നീക്കുന്നു. മൂന്നു കൊല്ലത്തെ ഡിഗ്രി പഠിപ്പിനു ശേഷം, ബാക്കിയായ എട്ടു പേപ്പർ സപ്ലി എന്ന സമ്പാദ്യവുമായി കോളേജിലെ റ്റ്യുഷനിൽ വിശ്വാസം അർപ്പിച്ചു, ദിവസവും കുറ്റിച്ചിറ - ചാലക്കുടി റൂട്ടിൽ ഓടുന്ന 'മംഗലത്ത്' ബസ്സിലെ സ്ഥിരം സാന്നിധ്യമായി നാളുകൾ ഒന്നൊന്നായി പുള്ളി പിന്നിട്ടിരുന്ന സമയം. എങ്ങനെയോ ഞങ്ങൾ നല്ല കൂട്ടുകാരായി, തകർപ്പു തുടങ്ങി....

കാര്യം ചേട്ടന്മാരുമായി താരതമ്യം ചെയ്യുമ്പോൾ, മാർട്ടിൻ വെറും ഒരു കഴിവില്ലാത്തവൻ ആയിരുന്നെങ്കിലും; എനിക്ക് അവൻ ഒരു നല്ല സുഹൃത്തും, ഒരുപാട് തമാശകൾ പറയുന്ന, കൃഷി ചെയ്യാൻ അതിയായ മോഹമുള്ള, നന്നായി പാട്ട് പാടുന്ന, ജീവിതം ഒട്ടും ഗൗരവമായി എടുക്കാത്ത ഒരു പാവം നാട്ടിൻപുറംകാരനായിരുന്നു.

അങ്ങിനെയുള്ള മാർട്ടിനാണ് ഒരു ദിവസം രാവിലെ തന്നെ ഒരു വിശേഷവുമായി എന്നെ സമീപിച്ചത്. ദിനവും കുറ്റിച്ചിറയിൽ നിന്നും വരുന്ന വഴി, ബസ്സിൽ ഇരുന്നു കൊണ്ട് ഒരു പെണ്‍കുട്ടിയെ അവൻ കാണാറുണ്ടത്രെ. കുറ്റിച്ചിറയിൽ അധികം അകലെയല്ലാത്ത ഒരു സ്റ്റോപ്പിൽ രണ്ടു കുട്ടികളെയും കൊണ്ട് സ്കൂൾ ബസ്സ്‌ കാത്തു നിൽക്കുന്ന അവളെ പറ്റി പറയുമ്പോൾ ആ കണ്ണുകളിൽ ഞാൻ ഒരു പൂക്കാലം കണ്ടു. അവൾ കല്യാണം കഴിച്ചതായിരിക്കുമോ? ആ കുട്ടികൾ അവളുടെതായിരിക്കുമോ? തുടങ്ങി നൂറായിരം സംശയങ്ങളും, ആദ്യാനുരാഗത്തിന്റെ ഒരു ഭയവും അവനിൽ ഉണ്ടായിരുന്നു. ആ ടെൻഷനും, ആത്മാർഥതയും കണ്ടപ്പോൾ, 'നമുക്ക് അത് കണ്ടുപിടിക്കാം' എന്ന് ഞാൻ അവനോടു പറയുകയും ചെയ്തു.

പിറ്റേന്ന് തന്നെ ആ ഭാഗത്തുള്ള നമ്മളുടെ സോൾ ഗഡീസ്സിൽ നിന്നും മൊത്തം കാര്യങ്ങളും ഞാൻ അവനു വേണ്ടി അറിഞ്ഞു വന്നു. പെണ്‍കുട്ടി മാർട്ടിനെ പോലെ തന്നെ റോമൻ കത്തോലിക്ക വിശ്വാസി. ഡിഗ്രിക്ക് പഠിക്കുന്നു. കല്യാണം കഴിച്ചിട്ടില്ല. ചേച്ചിയുടെ കുട്ടികളേയാണ് സ്റ്റോപ്പിൽ നിന്നും സ്ക്കൂൾ ബസ്സ്‌ കയറ്റി വിടുന്നത്, നല്ല ഭംഗി, നിലവിൽ വേറെ ലൈനുകൾ ഒന്നും ഇല്ല, മൊത്തത്തിൽ നല്ല അടക്കവും, ഒതുക്കവുമുള്ള പെണ്‍കുട്ടി, പേര് സിമി. എന്റെ ഗഡീസ്, സൈക്കിളിലും, ബൈക്കിലുമായി സകലമാന കളറുകളുടേയും പുറകെ നടക്കുന്നതിനാൽ, കിട്ടിയ വിവരങ്ങൾ എല്ലാം നൂറു ശതമാനം ശരിയുമായിരുന്നു. ഇതെല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ, വല്ലാത്ത ഒരു ആശ്വാസവും, ആവേശവുമായി നമ്മുടെ കഥാനായകന്. കെട്ടുകയാണെങ്കിൽ സിമിയെ തന്നെ കെട്ടണം എന്നവൻ അവിടെ വെച്ച് തന്നെ തീരുമാനമെടുത്തു..........

കാര്യം പ്രേമ കഥയിൽ നായകൻറെ കൂടെ നടക്കുന്ന തമാശക്കാരനായ വാലാകാൻ ഞാൻ ഇല്ലായിരുന്നെങ്കിലും, വള്ളി പുള്ളി തെറ്റാതെ എല്ലാ വർത്തമാനങ്ങളും, സംഭവ വികാസങ്ങളും ഞാൻ അറിഞ്ഞുകൊണ്ടേ ഇരുന്നു.... അങ്ങിനെ ഒരു നാൾ കുട്ടികളെ ബസ്സ്‌ കയറ്റി വിടാൻ സിമി നിൽക്കുന്ന ബസ്സ്‌ സ്റ്റോപ്പിൽ വെച്ച് തന്നെ മാർട്ടിൻ അവളോട്‌ തൻറെ മനസ്സ് തുറന്നു. അവളിൽ നിന്നും ഒരു പ്രതികരണവും കിട്ടിയില്ലാ എന്ന് അവനിൽ നിന്ന് തന്നെ ഞാൻ അറിഞ്ഞു. മാസങ്ങൾ കടന്നു പോയി. മാർട്ടിന്റെ സിമിയോടുള്ള സ്നേഹത്തിനു ഒരു കുറവും സംഭവിച്ചില്ല. സിമിയിൽ നിന്നും ഒരു പ്രതികരണവും ഇല്ലായിരുന്നെങ്കിലും അവനു എന്നും പ്രതീക്ഷ തന്നെ ആയിരുന്നു. അങ്ങിനെ ക്രിസ്തുമസ് കാലമായി.

അത്തവണ ആദ്യമായി മാർട്ടിൻ പള്ളിയിലെ സംഘത്തോടൊപ്പം ചേർന്ന് കരോളിനു പോകാൻ തയ്യാറായി. കരോൾ പാർട്ടികളുടെ കൂടെ ആരേയും പേടിക്കാതെ സിമിയുടെ വീട്ടിലേക്കു പോകാമല്ലോ, അവളെ കാണാമല്ലോ! അതായിരുന്നു ലക്ഷ്യം. ഒരിക്കൽ കൂടി ബസ്സ്‌ സ്റ്റോപ്പിൽ സിമിയെ കണ്ടു, താൻ കരോളിനു അവളുടെ വീട്ടിലേക്കു വരുമ്പോഴെങ്കിലും അവളുടെ മറുപടി പ്രതീക്ഷിക്കുന്നുണ്ടെന്നും, അതില്ലെങ്കിൽ പിന്നെ ശല്യപ്പെടുത്തുകയില്ലെന്നും അവളെ അവൻ അറിയിച്ചു.

ക്രിസ്തുമസ് തലേന്നത്തെ രാത്രി. കരോളിനു ഞാൻ പോയില്ലെങ്കിലും, അത് കഴിഞ്ഞു ഗഡികൾ എല്ലാവരും ഒത്തുചേർന്നു, ഒരു ബിയർ എല്ലാം അടിക്കുന്ന ക്ലബ്ബിനു സമീപം വരാമെന്ന് പറഞ്ഞു ഞാൻ അവനോടു യാത്ര പറഞ്ഞു പിരിഞ്ഞു. കരോൾ സംഘം ആ തണുത്ത രാത്രിയെ കോരിത്തരിപ്പിച്ചു കൊണ്ട് വീട് വീടാന്തരം കയറി ആഘോഷം കൊഴുപ്പിച്ചു.

കരോളും കഴിഞ്ഞു, പള്ളിയിലെ മറ്റു പരിപാടികളും കഴിഞ്ഞു, കലാപരിപാടികൾക്കായി മൊത്തം യുവ ജനത ക്ലബ്ബിലേക്ക് ഒഴുകിയെത്തി. ബിയർ കുപ്പികൾ കടിച്ചു പൊട്ടിച്ചു തുറന്നു, കേക്കുകളും, കോഴി പീസ്സുകളും കൈമാറികൊണ്ടിരിക്കുമ്പോഴാണ് ക്രിസ്തുമസ്സ് ബംബർ അടിച്ച സന്തോഷത്തിൽ മാർട്ടിൻ കടന്നു വരുന്നത്. വന്ന ഉടനെ എന്നെ കെട്ടിപിടിച്ചു തുള്ളിച്ചാടുകയായിരുന്നു അവൻ ചെയ്തത്! ഈ രംഗം കണ്ടു ആഘോഷം ഒന്ന് ശാന്തമായി. സന്തോഷത്താലും, കിതപ്പിനാലും വാക്കുകൾ മുറിഞ്ഞു പോയെങ്കിലും, സിമി സമ്മതം മൂളിയെന്ന് ഞാൻ മനസ്സിലാക്കി. ഇതറിഞ്ഞ മറ്റു ഗഡീസ് (പലരും സിമിയുടെ ഹൃദയം കവരാൻ ശ്രമം നടത്തിയവരാണ്) 'ഞങ്ങൾക്ക് കഴിയാഞ്ഞത് നിനക്ക് കഴിഞ്ഞു. വിജയം വരിക്കൂ ഉണ്ണീ...' എന്ന ലൈനിൽ ആ സന്തോഷത്തിൽ പങ്കുചേർന്നു. അന്നവിടെ പൊട്ടിയ ബിയർ കുപ്പികളിൽ ഒരു അനശ്വര പ്രണയം പൂവിടുകയായിരുന്നു. അപ്പോഴാണ്‌ ഏതോ ഒരു ഗഡി, "ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ കൂടപുഴയാകെ അലഞ്ഞോഞാണ്ടീ.........." എന്ന് പാടി തുടങ്ങിയത്. ലഹരിയും, സന്തോഷവും അലതല്ലിയ ആ രാത്രിയിൽ ആണ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടത്തിൽ വെച്ച് ഏറ്റവും നല്ല നൃത്തം കണ്ടത്.... മാർട്ടിൻ സ്വയം മറന്നു, ചുവടുകൾ തമ്മിൽ ഒന്നും ഒരു അനുപാതവുമില്ലാത്ത അവനു മാത്രം അറിയാവുന്ന ഒരു നൃത്തം കാഴ്ച്ചവെച്ചു.... ആ രാത്രിയുടെ തണുപ്പിനും, ലഹരിയുടെ മന്ദതക്കും ആ ആവേശം കെടുത്താൻ ആയില്ല.......

പ്രേമം മൂത്തപ്പോൾ, മാർട്ടിൻ ആളാകെ മാറി. ഡിഗ്രി പരീക്ഷ ആ ചാൻസ്സിൽ തന്നെ പാസ്സായി. ബാംഗ്ലൂർ നഗരത്തിൽ എം.ബി.എ ക്ക് ചേർന്നു, കൃഷിയെ മറന്നു, ചാലക്കുടിയെ മറന്നു, പക്ഷേ സൗഹൃദങ്ങൾ മാത്രം മറന്നില്ല.....

എം.ബി.എ കഴിഞ്ഞു നാട്ടിൽ വന്ന മാർട്ടിൻ, അപ്പോഴേക്കും ഡിഗ്രി കഴിഞ്ഞിരുന്ന സിമിയെ പെണ്ണ് ചോദിച്ചു. പയ്യൻ കൊള്ളാം എന്നുള്ളത് കൊണ്ട് വേറെ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ കാര്യങ്ങൾ എല്ലാം ഭംഗിയായി തന്നെ നടന്നു. അങ്ങിനെ ഒരു ബസ്സ്‌ സ്റ്റോപ്പ്‌ കാഴ്ച്ചയിൽ നിന്നും മൊട്ടിട്ട ആ പ്രണയം, ഒരു മിന്നിന്റെ കരുത്തിൽ മാർട്ടിൻ സ്വന്തമാക്കി. വൈകാതെ തന്നെ ദുബായിയിൽ നല്ല ഒരു ജോലി ലഭിച്ചു മാർട്ടിനും സിമിയും ഞങ്ങളെയെല്ലാം ഉപേക്ഷിച്ചു ആ മണലാരണ്യത്തിലേക്ക് ചേക്കേറി.

ജീവിതം ഞങ്ങൾ പലരേയും പല വഴിക്ക് തിരിച്ചു വിട്ടു. സൗഹൃദങ്ങൾ മനസ്സിൽ മാത്രമായി ഒതുങ്ങി. വല്ലപ്പോഴും ഒരു കോളിലോ, അല്ലെങ്കിൽ എപ്പോഴെങ്കിലും നാട്ടിൽ വെച്ചോ ഒന്ന് തമ്മിൽ കണ്ടെങ്കിലായി.... കാലം മറവികൾ പലതു സമ്മാനിച്ചു കടന്നുപോയി........

************************

ഒരുപാട് വർഷങ്ങൾക്കു ശേഷം.

ദുബായ്.

അൽ നാസർ ലിഷർ ലാൻഡ്.........

അജ്മാനിലെ ലേബർ ക്യാമ്പിലെ കൂട്ടരുമൊത്ത്‌, താരനിശ കാണാൻ എത്തിയതായിരുന്നു ഞാൻ. അവസാന വരികളിൽ ഒന്നിൽ, അന്നത്തെ ദിവസം അൽ നാസറിൽ താല്കാലികമായി തുറക്കുന്ന ബാറിൽ നിന്നും അടിച്ച വിസ്ക്കിയുടെ ബലത്തിൽ പാട്ടുകൾക്കും, നൃത്തത്തിനുമൊപ്പം ഞങ്ങളും ആടി തിമിർത്തു കൊണ്ടിരിക്കുന്ന ഒരുജ്ജ്വല സായാഹ്നം. അന്നേരമാണ് രംഗത്ത്, ഞങ്ങൾ ചാലക്കുടിക്കാരുടെ മുത്തായ മണി ചേട്ടൻ കയറി വന്നത്. ജനങ്ങളെ കയ്യിലെടുത്ത ചില നമ്പറുകൾക്കൊടുവിൽ, പാടാനായി മണി ചേട്ടൻ മൈക്ക് കയ്യിൽ എടുത്തു. വർഷങ്ങൾക്കും മുമ്പേ എന്നെ കോരിത്തരിപ്പിച്ച അതേ ഗാനം.....

"ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ കൂടപുഴയാകെ അലഞ്ഞോഞാണ്ടീ.........."

ജനങ്ങളും ഏറ്റുപാടിയ ആ ഗാനത്തിനൊടുവിൽ, കാണികളിൽ നിന്നും ഒരാൾ സ്റ്റേജിലേക്ക് കയറി ചെന്ന് മണി ചേട്ടനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. ഒന്ന് പതറി പോയ മണി ചേട്ടൻ പെട്ടെന്ന് തന്നെ സ്വതസിദ്ധമായ ശൈലി വീണ്ടെടുത്തു ആഗതനെ തോളത്തു കയ്യിട്ടു ചേർത്തു നിർത്തി..... കോട്ടും, സ്യൂട്ടും, കണ്ണടയും എല്ലാം ഉണ്ടെങ്കിലും എനിക്ക് ആളെ തിരിച്ചറിയാൻ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ..... മാർട്ടിൻ!

പരിപാടിയേക്കാൾ എനിക്ക് ശ്രദ്ധ പിന്നെ അവനെ തിരഞ്ഞു പിടിക്കുന്നതിലായിരുന്നു. താര നിശ കഴിഞ്ഞതും, പുറത്തോട്ടു തിക്കി തിരക്കി ഇറങ്ങുന്ന പുരുഷാരത്തെ വകഞ്ഞു മാറ്റി ഞാൻ വി.ഐ.പി. വരികളുടെ അടുത്തേക്ക്‌ ചെന്നു. അവിടെയതാ, ഒരു ചക്ര കസേരയിൽ ഇരിക്കുന്ന സിമിയെ തള്ളി കൊണ്ട് മാർട്ടിൻ പതുക്കെ പുറത്തേക്കിറങ്ങുന്നു....

അവൻറെ കണ്ണുകൾ നിറഞ്ഞിരുന്നു. വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ അവനെ വിളിച്ചു.... ഒരു നിമിഷമേ അവനും വേണ്ടി വന്നുള്ളൂ, എന്നെ തിരിച്ചറിയാൻ.... അന്നത്തെ ആ ക്രിസ്തുമസ് രാവിലെന്ന പോലെ, ഓടി വന്നു എന്നെ കെട്ടിപിടിച്ചു അവൻ പൊട്ടിക്കരഞ്ഞു..... ചക്ര കസേരയിൽ ഇരുന്നു സിമിയും......

ഞങ്ങൾ ഒരുമിച്ചാണ് മറീനയിലെ അവൻറെ വില്ലയിലേക്ക് പോയത്. എമിറേറ്റ്സ് എന്ന ഭീമൻ വിമാന കമ്പനിയുടെ ഫിനാൻസ് വൈസ് പ്രസിഡന്റ്‌ ആയി കഴിഞ്ഞിരിക്കുന്നൂ എൻറെ സുഹൃത്ത്. പക്ഷേ ജീവിതം അവനെ നഷ്ടത്തിലേക്ക്‌ തള്ളിയിട്ടു. ഗർഭിണി ആയിരുന്ന സിമി കാൽ വഴുതി സ്റ്റയർ കേസ്സിൽ നിന്നും വീണത്‌ അബോർഷനിലേക്കും, അവിടെ നിന്നും ചക്ര കസേരയിലേക്കും ആയിരുന്നത്രേ. നാട്ടല്ലിന്നു ക്ഷതം, നടക്കാൻ വയ്യ. ഇനി ഒരു അമ്മയാവാനും അവൾക്കു കഴിയില്ലെന്നും ഞാൻ അറിഞ്ഞു. സ്വകാര്യ ദു:ഖങ്ങളുമായി അവർ അന്യോന്യം താങ്ങായി ജീവിക്കുന്നതിനിടയിൽ എല്ലാ ബന്ധങ്ങളും അവർ വിട്ടുപോയത്രേ! ചികിത്സ ഉണ്ട്, പക്ഷേ നാട്ടിൽ ആയുർവേദമാണ് നല്ലത് എന്നാണു വിദഗ്ദ്ധാഭിപ്രായം എന്നും അവൻ പറഞ്ഞു. ഇങ്ങനെ നിങ്ങളെ കാണാൻ വയ്യടാ എന്ന് പറഞ്ഞാണ് ഞാൻ അവിടെ നിന്നും പടി ഇറങ്ങിയത്‌. എന്നെ യാത്രയാക്കാൻ പടി വരെ ആ ചക്ര കസേരയും ഉരുട്ടി അവർ വന്നു...... എന്നും സിമിയുമായി മാർട്ടിൻ പുറത്തു പോകുന്നത് പോലെ.........

സാമ്പത്തിക മാന്ദ്യവും, ജീവിതമാകുന്ന പ്രാരാബ്ധങ്ങളും വീണ്ടും ഞങ്ങളെ അകറ്റി. ദുബായ് ഉപേക്ഷിച്ചു ഞാൻ നാട്ടിൽ തിരിച്ചെത്തി. പല പല ജോലികൾ ചെയ്തു രണ്ടറ്റവും കൂട്ടി മുട്ടിച്ചു, കടവും കടപ്പാടുകളുമായി മുന്നേറി. അങ്ങിനെ ജീവിതം വീണ്ടും പ്രയാണം തുടർന്നു.......

***********************

കുറ്റിച്ചിറ പള്ളി.

പഴയ ഗഡികളിൽ ഒരു പുലിയുടെ മനസമ്മതം. ചടങ്ങുകൾ കഴിഞ്ഞു ഭക്ഷണത്തിനു എല്ലാവരും ഹാളിലേക്ക് പിരിഞ്ഞപ്പോൾ, ക്രൂശിത രൂപത്തിന് സമീപം കുരിശു വരയ്ക്കുന്ന ഒരാളെ കണ്ടു ഞാൻ സന്തോഷം കൊണ്ട് മതിമറന്നു. മാർട്ടിൻ!

പ്രാർത്ഥന കഴിഞ്ഞു, എന്നെ കണ്ട സന്തോഷം മറച്ചു പിടിക്കാൻ കഴിയാതെ, ഓടി വന്നു എന്നേയും കൂട്ടി പള്ളിയിൽ നിന്നും അവൻ പുറത്തേക്ക് നടന്നു. ഒരുപാട് കാലത്തെ വിശേഷം ഒരു വിളിയിൽ അവൻ എനിക്ക് മനസ്സിലാക്കി തന്നു..... "സിമിയേ ഇതാരാന്നു നോക്കിയേ!!!!"

പള്ളിയുടെ നടവഴിയിൽ ഒരു വാക്കിംഗ് സ്റ്റിക്കും പിടിച്ചു പതിയെ നടന്നു വരുന്ന ഒരു സ്ത്രീ രൂപം. ആയാസപ്പെട്ടാണെങ്കിലും, ഓരോ അടിയിലും നിശ്ചയദാർഡ്യം സ്ഫുരിക്കുന്ന ആ മുഖം എനിക്ക് വളരെ പരിചിതമായിരുന്നു..... സിമി....

...... കൂടെ ഒരു മഞ്ഞ ഫ്രോക്കും തലയിൽ ഒരു റുമാലും കെട്ടിയ ഒരു ചെറിയ പെണ്‍കുട്ടിയും..... സിമിയുടെ കൈ പിടിച്ചു ചിരിച്ചു കൊണ്ട് വരുന്നു....

മാർട്ടിനും ദുബായ് ഉപേക്ഷിച്ചു. കുറേ നാൾ സിമിയുടെ ചികിത്സയുമായി തിരക്കിലായിരുന്നു. ചികിത്സ ഫലിച്ചു. ഇപ്പോൾ ഒരുവിധത്തിൽ നടക്കാം എന്ന സ്ഥിതി ആയി. ഇനിയും ചികിത്സ ബാക്കിയുണ്ട്, അത് കുടകിലാണ്. അവിടെ ഒരു തോട്ടം വാങ്ങിയിട്ടുണ്ട്, അല്പം കൃഷി, കുറച്ചു കന്നുകാലികൾ, ഒരു കൊച്ചു വീട്..... ആ പഴയ സ്വപ്നം പ്രാവർത്തികമാക്കുകയാണ് മാർട്ടിൻ.....

ഇനിയൊരു പുതിയ അഥിതി കൂടെയുണ്ടെന്നു പറഞ്ഞാണ് മാർട്ടിൻ എനിക്ക് അനീറ്റയെ പരിചയപ്പെടുത്തിയത്. മകളാണ്. ദത്തു പുത്രി. ഡൌണ്‍ സിൻഡ്രോം ബാധിച്ച ഒരു കൊച്ചു സുന്ദരി. ആരോഗ്യമുള്ള, അസുഖങ്ങൾ ഒന്നും ഇല്ലാത്ത ഒരു കുട്ടിയെ വേണമെങ്കിൽ അവനു ദത്തെടുക്കാമായിരുന്നു, അതിനുള്ള പണവും ഉണ്ട്. പക്ഷേ, സ്വന്തം അനുഭവങ്ങളിൽ നിന്നും, ഒരു കഴിവ് കുറഞ്ഞ, മറ്റുള്ളവർ സഹതാപത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണുന്ന ഒരു കുഞ്ഞിനെ, തങ്ങളുടെ മകളായി വളർത്തി, അവളെ ജീവിതത്തിലെ എല്ലാ കടമ്പകളും തരണം ചെയ്യാൻ പ്രാപ്തി ഉള്ളവളാക്കി, ഒരു വിജയി ആക്കി മാറ്റണം എന്ന ഒരു ആഗ്രഹത്തിന് ദൈവം കൊടുത്ത വരമാണ് അനീറ്റ എന്ന് പറഞ്ഞപ്പോൾ ഒരച്ഛന്റെ അഭിമാനം ആ വാക്കുകളിൽ ഞാൻ കാണുകയായിരുന്നു......

നാളെ അവർ കുടകിലേക്ക്, അവരുടേതായ ലോകത്തിലേക്ക്, ആ കൊച്ചു തോട്ടത്തിലേക്ക് പോവുകയാണത്രേ.... അതിനു മുൻപ് പള്ളിയിൽ ഒന്ന് കയറിയതാണ്..... സന്തോഷം കൊണ്ട് ഞാൻ അവനെ കെട്ടിപ്പിടിച്ചു, എല്ലാ ഭാവുകങ്ങളും ആശംസിച്ചു..... സിമിയോട് ഒരു മിടുക്കി പുത്രിയേയും കൊണ്ട് വടിയൊന്നും ഇല്ലാതെ വേഗം സുഖമായി വരാനും പറഞ്ഞു....

തിരിച്ചു നടക്കാൻ തുടങ്ങിയ എന്നെ മാർട്ടിൻ അവൻറെ വണ്ടിയുടെ അടുത്തേക്ക്‌ തിരിച്ചു വിളിച്ചു. എന്നിട്ട് വണ്ടിയിലെ പ്ലേയറിൽ ഒരു സീഡി വെച്ചു.....

"ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ കൂടപുഴയാകെ അലഞ്ഞോഞാണ്ടീ.........."

ഈ പാട്ട് എപ്പോഴും എന്റെ കൈയ്യിലുണ്ടാകും ഗഡ്‌യേ..... നിനക്കോർമ്മെണ്ടോ ഇത്.... മാർട്ടിൻ യാത്ര പറയാനായി വണ്ടിക്കുള്ളിൽ നിന്നും തല പുറത്തേക്കിട്ടു....

ഞങ്ങൾ എല്ലാവരുടെയും കണ്ണുകൾ അപ്പോൾ നിറഞ്ഞു ഒഴുകുകയായിരുന്നു....

(സത്യത്തിൽ "ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ കൂടപുഴയാകെ അലഞ്ഞോഞാണ്ടീ.........." എന്നത് നഷ്ടപ്പെട്ട ഒരു പ്രണയത്തിന്റെ ദു:ഖ ഗാനമാണ്..... മണി ചേട്ടൻ പാടിയതിൽ എനിക്കേറെ ഇഷ്ടപ്പെട്ടത്.....)

MORE IN SPOTLIGHT
SHOW MORE