ക്രൂരമര്‍ദനം; അടക്കിഭരണം’; മകളുടെ ഒരുവാക്കില്‍ ജോ‍ഡി താണ്ടിയത് യാതനകളുടെ കടല്‍

jody-domestic-violence
SHARE

ഒരുകാലത്ത് അനുഭവിച്ച വേദനയും പീഡനവുമെല്ലാം സ്ത്രീകൾ പുറത്തുപറയുന്ന കാലമാണ്. ഭയം കൊണ്ടും മറ്റ് പല കാരണങ്ങൾ കൊണ്ടും പുറത്തുപറയാതിരുന്ന പീഡനാനുഭവങ്ങൾ സ്ത്രീകൾ വെളിപ്പെടുത്തുന്ന കാലം. പലപ്പോഴും പുറത്തുപറയാൻ സാധിക്കാത്ത പീഡനങ്ങളിലൊന്നാണ് ഗാർഹിക പീഡനങ്ങൾ. എത്ര കഠിനമായാലും സഹിക്കുകയാണ് പതിവ്. എന്നാലിതാ ഒരു അതിജീവനത്തിന്റെ കഥ.

മൂന്ന് വർഷത്തെ ക്രൂരമായ ശാരീരിക പീഡ‍നത്തിനൊടുവിലാണ് ഭർത്താവ് സ്കോട്ടിൽ നിന്നും ജോഡി എന്ന സ്ത്രീ രക്ഷപെട്ടത്. മകളുടെ ഒരു വാക്കാണ് എല്ലാത്തിനും കാരണം. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് ടീച്ചറോട് പറഞ്ഞതാണ് ജോഡിയുടെ രക്ഷപെടലിന് വഴിയൊരുക്കിയത്. 

മൂന്ന് വർഷമായി ഭർത്താവ് സ്കോട്ട് കീഗനിൽ നിന്ന് ജോഡീ പീഡനങ്ങളേറ്റുവാങ്ങുകയാണ്. കീഗന് ശിക്ഷ വിധിച്ച ജഡ്ജി പറഞ്ഞതിങ്ങനെ: ''താൻ കണ്ടതിൽ വെച്ചേറ്റവും ഭയാനകമായ കേസാണിത്''. 18 വർഷത്തേക്കാണ് സ്കോട്ടിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 

2005ല്‍ ഒരു നൈറ്റ് ക്ലബ്ബിൽ വെച്ചാണ് സ്കോട്ടും ജോഡിയും കണ്ടുമുട്ടിയത്. വിവാഹശേഷം ജോലിക്ക് പോകാനോ, മൊബൈൽ ഫോൺ ഉപയോഗിക്കാനോ, സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനോ ഒന്നും സ്കോട്ട് അനുവദിച്ചില്ല. ജോഡിയുടെ സഹോദരി മരിച്ചപ്പോൾ കാണാൻ പോകാനും അനുവദിച്ചില്ല. പത്തുവർഷത്തോളം ജോഡിയെ അടക്കിഭരിച്ചു സ്കോട്ട്.

പിന്നീട് അക്രമമായി. മർദിക്കാനും മുറിവേൽപ്പിക്കാനും തുടങ്ങി. ഒരിക്കൽ മർദനമേറ്റ് ചെവി മുറിഞ്ഞുപോയി. ആശുപത്രിയിൽ പോകാൻ ഒരു വിധത്തിലും സ്കോട്ട് സമ്മതിച്ചില്ല. പശയിട്ട് അത് പരിഹരിക്കാന്‍ സ്കോട്ട് ആവശ്യപ്പെട്ടു. കാപ്പി ഉണ്ടാക്കിയത് ശരിയായില്ലെന്ന ആരോപണങ്ങളെത്തുടർന്നാണ് ജോഡിയെ മർദിച്ചിരുന്നത്. 

അയാളുറങ്ങാത്ത ദിവസങ്ങളിൽ ജോഡിയെ ഉറങ്ങാൻ അനുവദിച്ചില്ല. എല്ലാ ദിവസവും കുട്ടികളോട് ചോദിക്കും, ഇന്ന് അമ്മ ആരോടെല്ലാം സംസാരിച്ചു എന്ന്. അവര്‍ ആരോടും സംസാരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായിരുന്നു അത്. ജോഡിയോട് എപ്പോഴും അവൾ മടിച്ചിയാണെന്നും കുട്ടികളോട് അമ്മ ഒന്നിനും കൊള്ളാത്തവളാണെന്നും നിരന്തരം പറഞ്ഞിരുന്നു.

ശരീരത്തിൽ 95 ശതമാനവും ഉപദ്രവമേറ്റതിന്റെ പാടുകളാണ്. മകളുടെ ധൈര്യമാണ് ജോഡിയെ രക്ഷിച്ചത്. സ്കൂളിലെ അധ്യാപികയോട് അമ്മ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് അവൾ പറഞ്ഞു. പിന്നാലെ പൊലീസെത്തി. മുറിവുകളെല്ലാം കാണിച്ചുകൊടുത്ത ശേഷം അവൾ പറഞ്ഞു, ''ഞാൻ ഗാർഹിക പീഡനത്തിന്റെ ഇരയാണ്''. ആ സമയത്താണ് എനിക്കെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും എനിക്ക് സഹായം വേണമെന്നും മനസ്സിലാകുന്നതെന്നും അവർ പറഞ്ഞു. 

പിന്നാലെ സ്കോട്ട് അറസ്റ്റിലായി. ഗാർഹിക പീഡനത്തിന് മാത്രമല്ല. ബലാത്സംഗത്തിനും സ്കോട്ടിനെതിരെ കേസുണ്ട്. കുട്ടികളെയും ജോഡിയെയും സുരക്ഷിതസ്ഥാനത്താക്കി. അപ്പോഴാണ് തനിക്ക് സമാധാനമായതെന്നും ജോഡി പറയുന്നു.  

ശരീരമാസകലം അടിയുടെയും കടിയുടേയും പാടുകൾ, എല്ലുകൾ പൊട്ടിയിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ ദയനീയമായിരുന്നു ജോഡിയുടെ അവസ്ഥ. മൂന്ന് വർഷത്തെ ക്രൂര പീ‍ഡനത്തിനൊടുവിൽ അന്നാണ് ആദ്യമായി അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അഞ്ച് ദിവസം അവർ ആശുപത്രിയിൽ കഴിഞ്ഞു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ക്രിസ്മസ് എന്നാണ് അവർ ആ ക്രിസ്മസിനെ വിശേഷിപ്പിച്ചത്. ഇപ്പോൾ ഗാർഹിക പീഡനത്തിനിരയായ സ്ത്രീകളെ സഹായിക്കുകയാണ് ജോഡി. അവർക്ക് സഹായം നൽകാനാണ് താനിഷ്ടപ്പെടുന്നത്. പീഡനങ്ങൾ സഹിക്കാതെ അതിൽ നിന്ന് പുറത്തുകടക്കണമെന്നും ജോഡി പറയുന്നു.

MORE IN SPOTLIGHT
SHOW MORE