പരസ്യമല്ല, ഇത് നിഷയുടെ ജീവിതം; കണ്ണ് നനയിക്കും ഇൗ വിഡിയോ

vicks-campain
SHARE

സാമൂഹ്യ പ്രതിബദ്ധതയാർന്ന പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും സജീവമാകുകയാണ് വിക്സ് ക്യാംപെയ്ൻ. ആരുടേയും കണ്ണ് നനയിക്കുന്നതാണ് വിക്സിന്‍റെ പുതിയ വിഡിയോ. ഇച്തിയോസിസ് എന്ന ത്വക് രോഗത്തിനെതിരെയുള്ള ബോധവത്‌കരണവുമായാണ് വിക്സ് എത്തിയിരിക്കുന്നത്. 10 ലക്ഷത്തിലൊരൾക്ക് വരുന്ന ത്വക് രോഗമാണ് ഇച്തിയോസിസ്. തൊലികള്‍ അടര്‍ന്ന് വീഴുന്ന അവസ്ഥയാണ് ഇച്തിയോസിസ്. രോഗം ബാധിച്ച നിഷ എന്ന പെണ്‍കുട്ടിയുടെയും അവളുടെ വീട്ടുകാരുടെയും അനുഭവമാണ് പരസ്യത്തിൽ കാണിക്കുന്നത്. 

നിഷയായി നിഷ തന്നെയാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. മൂന്നുമിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. അലോമ, ഡേവിഡ് ലോബോ എന്നിവരാണ് മാതാപിതാക്കളുടെ വേഷത്തിൽ എത്തുന്നത്. തൊലിപ്പുറത്ത് പൊട്ടൽ ഉണ്ടാകുകയും മുറിവിലൂടെ രക്തം കിനിയുകയും ചെയ്യുന്നു. അസുഖം കാരണം ചെറുപ്പത്തിലേ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു നിഷ.  യാത്രകളിൽ അവൾക്കടുത്തിരിക്കാതെ ആളുകൾ ഒഴിഞ്ഞുമാറി. ത്വക് രോഗമായതിനാൽ പകരുമോ എന്ന പേടിയാണ് പ്രധാന കാരണം. എന്നാൽ ഇച്തിയോസിസ് പകരുന്ന ഒരു രോഗമല്ല. അപ്പോഴെല്ലാം നിഷയുടെ അമ്മ അവളെ ചേർത്തു നിർത്തി. മുറിവുകൾ കഴുകി വൃത്തിയാക്കി, മരുന്ന് വച്ച് നിഷക്കൊപ്പം കളിച്ചും ചിരിച്ചും അവർ ജീവിച്ചു. അമ്മയുടെ സഹായത്തോടെ നിഷ പോരാടി. ഇച്തിയോസിസ് എന്ന രോഗം അവളെ അലട്ടിയില്ല. ഒടുവിൽ ജീവിതത്തിൽ ആത്മവിശ്വാസം വീണ്ടെടുത്ത്, ആർജവത്തോടെ മുന്നോട്ടു പോകാനും ഇച്തിയോസിസ് എന്ന രോഗത്തിനെതിരെ ബോധവത്‌കരണം നടത്താനും അവൾക്കായി.

അങ്ങനെയാണ് അവള്‍ തന്‍റെ കഥ ലോകത്തോട് പറഞ്ഞത്. അതിലവള്‍ വേറൊരു കാര്യം കൂടി പറഞ്ഞു. തന്‍റെ അച്ഛനും അമ്മയും തന്നെ ദത്തെടുത്തതാണ്. ഇച്തിയോസിസ് ബാധിച്ച നിഷയെ ദത്തെടുത്ത് പൊന്നുപോലെ നോക്കുന്ന ഈ മാതാപിതാക്കളും സ്നേഹമേറ്റ് വാങ്ങുകയാണ്. ഏഴ് ദിവസം കൊണ്ട് ഒന്നരക്കോടിയിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇതിനു മുമ്പും ഇത്തരം സാമൂഹ്യപ്രാധാന്യമുള്ള വീഡിയോ വിക്സ് പുറത്തിറക്കിയിരിക്കുന്നു. ട്രാന്‍സ്ജെന്‍ഡറായ അമ്മയുടേയും ദത്തുമകളായ ഗായത്രിയുടേയും വീഡിയോ അന്ന് കോടിക്കണക്കിന് ആളുകള്‍ കണ്ടിരുന്നു. 

MORE IN SPOTLIGHT
SHOW MORE