ഉയർന്നടിച്ച തിര എന്നെ ചുഴറ്റിയെറിഞ്ഞു; 70 മണിക്കൂർ നീണ്ട ഭീതി; അഭിമുഖം

abhilash-tomy-12
SHARE

അപകടത്തിനുശേഷം അഭിലാഷ് ടോമി നൽകിയ ആദ്യ അഭിമുഖം

കടൽ ഇളകിമറിഞ്ഞു നുരഞ്ഞുപതയുകയായിരുന്നു, കാറും കോളും നിറഞ്ഞപ്പോൾ ഉയർന്നടിച്ച തിരകൾ അഭിലാഷ് ടോമിയെ ചുഴറ്റിയെറിഞ്ഞതു പായ്മരത്തിന്റെ തുഞ്ചത്തേക്ക്. ഏതാണ്ട് 110 ഡിഗ്രി വരെ ഉയർന്ന വഞ്ചി അടുത്തനിമിഷം നിവർന്നപ്പോൾ, പായ്മരത്തിന്റെ തു​ഞ്ചത്തു തൂങ്ങിക്കിടക്കുകയായിരുന്ന അഭിലാഷ് മരം ഉറപ്പിച്ചിരുന്ന തട്ടിലേക്കു വീണു. അത്ര വലിയ തിരകളും കടലിന്റെ ഭയാനകരൂപവും ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 

ഗോൾഡൻ ഗ്ലോബ് രാജ്യാന്തര പായ്‌വഞ്ചി മൽസരത്തിനിടെ, ഇന്ത്യൻ മഹാസമുദ്രത്തിൽ കടൽക്ഷോഭത്തിൽപ്പെട്ടു പരുക്കേറ്റ് ആംസ്റ്റർഡാമിലെ ആശുപത്രിയിൽ കഴിയുന്ന അഭിലാഷ് അപകടത്തിനുശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലാണു ഭീതിയുടെ നിമിഷങ്ങൾ ഓർത്തെടുത്തത്. കടൽത്തിരയിൽപ്പെട്ട അന്നു തുടങ്ങിയ എക്കിൾ ഇപ്പോഴും നിലച്ചിട്ടില്ല. അതുമൂലം സംസാരിക്കാൻ പ്രയാസം.

കഴിഞ്ഞ 21നു തുരീയയുടെ ഡെക്കിൽ അറ്റകുറ്റപ്പണിയുടെ തിരക്കിലായിരുന്നു അഭിലാഷ്. ശക്തമായൊരു കാറ്റ് ആ പ്രശാന്തയാത്രയെ കീഴ്മേൽ മറിച്ചു. പായ്മരമൊടിഞ്ഞു തിരകളിൽ ദിശയറിയാതൊഴുകി തുരീയയും അതിൽ, പരുക്കേറ്റ് അനങ്ങാൻപോലുമാകാതെ അഭിലാഷും രക്ഷാപ്രവർത്തകരെ കാത്തുകഴിഞ്ഞതു നീണ്ട 70 മണിക്കൂറുകൾ. തിരയെടുത്തെറിഞ്ഞപ്പോൾ വീഴുന്നതിനിടെ അഭിലാഷിന്റെ വാച്ച് കയറിൽ കുടുങ്ങി. കൈ അനക്കാൻ വയ്യാതെ ഒറ്റക്കയ്യിൽ തൂങ്ങിക്കിടന്നു. കൈത്തണ്ട ഒടിയുമെന്നു തോന്നി. അപ്പോഴാണു വാച്ചിന്റെ സ്ട്രാപ് പൊട്ടിയത്. ഇതോടെ കൈ പിടിത്തംവിട്ടു. പായ്മരത്തിൽ അള്ളിപ്പിടിച്ച മറ്റേക്കയ്യും വിട്ടു ഡെക്കിലേക്കു വീണു. 

രാക്ഷസത്തിര ഒന്നിനു പിറകെ മറ്റൊന്നായി ആഞ്ഞടിച്ചപ്പോൾ നാലുതവണ നിലത്തടിച്ചുവീണു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയടിക്കുമെന്നും തിരകൾ 10 മീറ്റർ വരെ ഉയർന്നേക്കാമെന്നുമായിരുന്നു മുന്നറിയിപ്പ്. പക്ഷേ, കാറ്റെത്തിയപ്പോൾ 150 കിലോമീറ്റർ വേഗം. തിരകൾ 14 മീറ്റർ വരെ ഉയർന്നു സംഹാരരൂപം പൂണ്ടു. എങ്ങും വെളുത്ത പത മാത്രം. കാറ്റ് ശക്തിയാർജിച്ചപ്പോൾ, പായകളെല്ലാം താഴ്ത്തി. പുസ്തകങ്ങളിലെ എല്ലാ നിർദേശങ്ങളും നോക്കി. കാറ്റിനു 90 ഡിഗ്രി അഭിമുഖമായിട്ടായിരുന്നു അപ്പോൾ തുരീയയുടെ സ്ഥാനം.

ബാരോമീറ്ററിലെ മാറുന്ന റീഡിങ്ങുകൾ കടലിലെവിടെയോ രൂപംകൊള്ളുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ സൂചനകൾ തന്നു. അതിനിടെ കാറ്റിൽനിന്നു വൈദ്യുതിയുണ്ടാക്കാനുള്ള സംവിധാനവും തകർന്നു. അതിനിടെ വഞ്ചി വീണ്ടും തിരയിൽപ്പെട്ട് ഗ്യാസ് അടുപ്പും സിലിണ്ടറും നിലം പതിച്ചു. വാതകം ചോരുന്നുണ്ടായിരുന്നു. സിലിണ്ടർ നേരെവച്ചു പ്രവാഹം നിർത്തി. അപ്പോഴാണ് എൻജിനു സമീപം ഡീസൽ ചോർച്ച. എന്തു ചെയ്യണമെന്നറിയാത്ത ഘട്ടത്തിലാണു നടുവിനു ശക്തമായ വേദന തുടങ്ങിയത്. നടക്കാൻ ശ്രമിച്ചപ്പോൾ ഇടറിവീണു. പിന്നെ ഇഴഞ്ഞുനീങ്ങിച്ചെന്ന് അടിയന്തര ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിക്കുകയായിരുന്നു. 

ആ 70 മണിക്കൂറുകളിൽ ചിന്തകളെ അകറ്റിനിർത്തിയെന്നാണ് അഭിലാഷ് പറയുന്നത്. ചിന്തിച്ചുകൂട്ടുന്നതു പ്രശ്നമാകും. വർഷങ്ങളായുള്ള കടൽയാത്രയുടെ ഏറ്റവും വലിയ പാഠങ്ങളിലൊന്നാണതെന്ന് അഭിലാഷ് പറയുന്നു.

MORE IN SPOTLIGHT
SHOW MORE