കുഞ്ഞുങ്ങളെ കാക്കാന്‍ മൂര്‍ഖനോട് ഏറ്റുമുട്ടി ഈ നായ: കരയിപ്പിക്കുന്ന ക്ലൈമാക്സ്: വിഡിയോ

dog-snake-viral-video
SHARE

കുഞ്ഞുങ്ങൾക്ക് വേണ്ടി ഏത് മൂർഖനോടും പൊരുതി നിൽക്കാനുള്ള മനസ് ഒരു അമ്മയ്ക്ക് മാത്രമേയുള്ളൂവെന്ന് തെളിയിക്കുകയാണ് ഇൗ വിഡിയോ. സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാൻ മൂർഖൻ പാമ്പിനോട് ഏറ്റുമുട്ടിയ ഇൗ അമ്മ നായയുടെ ദൃശ്യങ്ങളാണ് സോഷ്യൽ ലോകത്തെ കണ്ണീരിലാഴ്ത്തിയത്. ഒഡീഷയിലെ ഭദ്രക് ജില്ലയിലാണ് സംഭവം.  

അഞ്ചുകുഞ്ഞുങ്ങളുടെ സമീപമാണ് അമ്മ നായ മൂർഖൻ പാമ്പിനെ കണ്ടത്. കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഉറക്കെ കുരച്ചെങ്കിലും പിൻമാറാൻ പാമ്പ് തയാറായില്ല. പിന്നീട് കുഞ്ഞുങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനായി അമ്മ നായയുടെ ശ്രമം. തന്റെ നേർക്ക് പാമ്പിന്റെ ശ്രദ്ധതിരിക്കാൻ അമ്മ നായ പലതന്ത്രങ്ങളും ഉപയോഗിച്ചു. പക്ഷേ അതൊന്നും ഫലം കണ്ടില്ല.  നായയുടെ കുരകേട്ട് നാട്ടുകാർ എത്തിയെങ്കിലും പാമ്പിനോട് അടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇവർ സഹായത്തിനായി വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.

ഉദ്യോഗസ്ഥർ എത്തുവരെ പാമ്പിനും കുഞ്ഞുങ്ങൾക്കും ഇടയിൽ ഇൗ അമ്മ നിലകൊണ്ടു. പാമ്പിന്റെ കടിയേറ്റ് കുഞ്ഞുങ്ങൾ ചത്തുപോകുന്നതും ഇൗ അമ്മ കൺമുന്നിൽ കണ്ടു. ജീവൻ പോയ നായക്കുട്ടിയെ തന്നോട് ചേർത്തുവയ്ക്കുന്ന ദൃശ്യങ്ങൾ ആരെയും കണ്ണീരണിയിക്കും. അവസാനമായി ജീവൻ ശേഷിച്ച കുഞ്ഞിന് നേരെ പാമ്പ് ചീറ്റിയടക്കുന്നത് കണ്ടതോടെ അമ്മ കുരച്ച് ചാടി. അപ്പോഴേക്കും പാമ്പ് അമ്മയെ കൊത്താൻ മുന്നോട്ടുവന്നെങ്കിലും അമ്മ ഭയക്കാതെ പാമ്പിന് നേരെ കുരച്ചുചാടി. 

ഒടുവിൽ വനം വകുപ്പ് അധികൃതരെത്തി പാമ്പിനെ കെണിയിലാക്കി. പക്ഷേ അപ്പോഴേക്കും നാലു കുഞ്ഞുങ്ങൾ പാമ്പ് കടിയേറ്റ് ചത്തിരുന്നു. ഒരു കുഞ്ഞിന്റെ ജീവൻ മാത്രമേ രക്ഷിക്കാൻ ആ അമ്മയ്ക്ക് കഴിഞ്ഞുള്ളൂയെങ്കിലും മനുഷ്യൻ പോലും ഭയന്ന് നിന്ന സമയത്ത് കുഞ്ഞുങ്ങൾക്കായി ആ അമ്മ നടത്തിയ പോരാട്ടം സോഷ്യൽ ലോകത്തിന്റെ കണ്ണീരിൽ കുതിർന്ന കയ്യടി നേടുകയാണ്.

MORE IN SPOTLIGHT
SHOW MORE