പന്ത്രണ്ടാം വയസിൽ വിവാഹം, ആത്മഹത്യാശ്രമം, ഇന്ന് കോടീശ്വരി; ജീവിതത്തിന്റെ‘കൽപന’ക്കഥ

kalpana-life-story
SHARE

ജീവിതം കൊണ്ട് തന്നെ പ്രതിസന്ധികളെ മറികടന്ന് വിജയം വരിച്ച കൽപന സരോജിന്റെ ജീവിതമാണ് സോഷ്യൽ ലോകത്ത് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ നിന്നും ഒളിച്ചോടി ആത്മഹത്യയ്ക്ക് വരെ ശ്രമിച്ച ആ സ്ത്രീ ഇന്ന് ഒരു  മള്‍ട്ടി മില്ല്യണ്‍ കമ്പനിയുടെ ഉടമയാണ്. പന്ത്രണ്ടാമത്തെ വയസില്‍ വിവാഹം. ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍. ആത്മഹത്യാശ്രമം.  പക്ഷെ, അതൊന്നും അവരെ തളര്‍ത്തിയില്ല. ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ആ അമ്പരപ്പ് മാത്രം നിറയുന്ന ജീവിതം അവർ വിവരിക്കുന്നത്.  

‘ഞാനൊരു പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്. എനിക്ക് പന്ത്രണ്ട് വയസായപ്പോഴേക്കും എന്നെ കല്ല്യാണം കഴിപ്പിച്ചയക്കണമെന്ന് അച്ഛനോട് പറഞ്ഞു തുടങ്ങി. എല്ലാവരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി എന്നേക്കാള്‍ പത്ത് വയസിന് മൂത്ത ഒരാളെ കൊണ്ട് എന്നെ വിവാഹം കഴിപ്പിച്ചു. അങ്ങനെ ഞാൻ മുംബൈയിലെത്തി. തെരുവിന്റെ കോണിലെ ഒരു ഒറ്റമുറി വീട്ടിലായിരുന്നു താമസം.  ഭര്‍ത്താവിന് കാര്യമായ ജോലിയൊന്നുമില്ലായിരുന്നു. കറിയിലൊരല്‍പം ഉപ്പുകൂടിയാലോ, എന്തെങ്കിലും കുഞ്ഞ് പിഴവുകള്‍ വന്നാല്‍ പോലും അയാളുടെ വീട്ടുകാരെന്നെ അതിക്രൂരമായി ഉപദ്രവിച്ചു തുടങ്ങി. 

ആറുമാസത്തിനു ശേഷം എന്റെ അച്ഛനെന്നെ കാണാന്‍ വന്നു. അദ്ദേഹത്തിന് എന്നെ കണ്ടിട്ട് മനസിലായതുപോലുമില്ല. അത്രത്തോളം ഞാൻ ക്ഷീണിച്ചുപോയിരുന്നു.എന്റെ അവസ്ഥ കണ്ട് സഹികെട്ട് അച്ഛൻ എന്നെയും കൂട്ടി വീട്ടിലേക്ക് വന്നു. എന്നോട് എല്ലാം ഒരു ദുസ്വപ്നം പോലെ മറക്കാനും അച്ഛൻ പറഞ്ഞു. പക്ഷേ, നാട്ടുകാരെന്നെ കുറ്റപ്പെടുത്തി തുടങ്ങി. ഞാന്‍, ആത്മഹത്യക്ക് പോലും ശ്രമിച്ചു. പക്ഷെ, എത്ര കുറ്റപ്പെടുത്തിയാലും പിടിച്ചുനിന്നേ തീരൂവെന്ന് ഒടുക്കം ഞാന്‍ തീരുമാനിച്ചു. 

പിന്നീട് ഞാന്‍ മുംബൈയിലേക്ക് തന്നെ തിരികെ വന്നു. ടൈലറായി ജോലി നോക്കിത്തുടങ്ങി. അന്നാണ് ആദ്യമായി ഒരു നൂറു രൂപാ നോട്ട് എങ്ങനെയിരിക്കുമെന്ന് ഞാന്‍ കാണുന്നത്. പിന്നീട് ഞാനൊരു മുറി വാടകക്കെടുത്തു. എന്‍റെ കുടുംബത്തെ അങ്ങോട്ട് കൊണ്ടുപോയി. അത്യാവശ്യം നന്നായി ജീവിക്കാന്‍ തുടങ്ങി. പക്ഷെ, എന്‍റെ സഹോദരിയുടെ ജീവിതം രക്ഷിക്കാന്‍ ആകില്ലെന്ന് വന്നതോടെ ഈ സമ്പാദിക്കുന്നത് പോരാ എന്ന് തോന്നിത്തുടങ്ങി. അങ്ങനെ ഞാനൊരു ലോണെടുത്തു. സ്വന്തമായി ഫര്‍ണിച്ചര്‍ ബിസിനസ് തുടങ്ങി. നല്ലൊരു ജീവിതം ജീവിച്ചു തുടങ്ങി. 

എന്നേപ്പോലെ കഷ്ടപ്പെട്ടിരുന്ന ഒരുപാട് പേര്‍ പുറത്തുണ്ടായിരുന്നു. അതോടെ ഒരു എന്‍.ജി.ഒ തുടങ്ങി. അവര്‍ക്ക് ലോണിനായി സഹായം നല്‍കി. അപ്പോഴാണ് തകര്‍ച്ചയിലെത്തിയ കമനി ട്യൂബ് എന്നെ സമീപിച്ചത്. അവര്‍ക്ക് കോടിക്കണക്കിന് രൂപ കടമുണ്ടായിരുന്നു. എല്ലാവരും എന്നോട് അത് ഏറ്റെടുക്കരുതെന്ന് പറഞ്ഞു. പക്ഷെ, അതിലെ തൊഴിലാളികളുടെയും മറ്റും വിശപ്പും വേദനയുമാണ് എന്നെ അലട്ടിയത്. ഞാന്‍ മുന്നോട്ടുപോയി. തിരികെ ഒന്നും ആഗ്രഹിച്ചായിരുന്നില്ല അത്. ഞാന്‍‌ ധനമന്ത്രിയെ കണ്ടു. സര്‍ക്കാര്‍  സഹായത്തോടെ ബാങ്കില്‍ നിന്നും ലോണ്‍ എഴുതിത്തള്ളിച്ചു. ഞങ്ങള്‍ ടീമുണ്ടാക്കി. ഫാക്ടറി മാറ്റി. 

2016ല്‍ ഞാനതിന്‍റെ ചെയര്‍മാനായി. ഏഴ് വര്‍ഷം കൊണ്ട് ലോണ്‍ അടച്ചു തീര്‍ക്കാനാണ് പറഞ്ഞിരുന്നത്. ഒറ്റ വര്‍ഷം കൊണ്ട് അതടച്ചു തീര്‍ത്തു. തൊഴിലാളികള്‍ക്ക് വേതനം നല്‍കി. 2013ല്‍ എനിക്ക് പത്മശ്രീ ലഭിച്ചു. ഇതൊരു അവിശ്വസനീയമായ യാത്രയാണ്’.  

MORE IN SPOTLIGHT
SHOW MORE