ഛർദ്ദിക്കാൻ വരുന്നു; പി സി ജോർജിനെതിരെ സ്വര; അധിക്ഷേപിച്ച് സംവിധായകൻ; വിവാദം

കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോർജ് എംഎൽഎക്കെതിരെ ബോളിവുഡ് നടി സ്വര ഭാസ്കർ. എംഎൽഎയുടെ വാക്കുകൾ ലജ്ജിപ്പിക്കുന്നതാണെന്നും ഛർദിക്കാൻ വരുന്നുവെന്നും സ്വര ട്വിറ്ററിൽ കുറിച്ചു. 

സ്വരയുടെ വാക്കുകള്‍;

''ഇത് ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നു. ശരിക്കും ഛർദിക്കാൻ വരുന്നു.''

ട്വീറ്റിന് പിന്നാലെ സ്വരയെ അധിക്ഷേപിച്ച് സംവിധായകനും ബിജെപി അനുഭാവിയുമായ വിവേക് അഗ്നിഹോത്രി രംഗത്തെത്തി. മീടുപ്രോസ്റ്റിറ്റ്യൂട്ട് എന്ന ഹാഷ്ടാഗിട്ട് എവിടെ പ്ലക്കാർഡ് എന്ന് വിവേക് ട്വീറ്റ് ചെയ്തു. 

ട്വീറ്റിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നു. കൂട്ടമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ട്വിറ്റർ ഇടപെട്ട് പോസ്റ്റ് പിൻവലിച്ചു. 

പിന്നാലെ ട്വിറ്ററിന് നന്ദി പറഞ്ഞ് സ്വര വീണ്ടുമെത്തി. 

സ്ത്രീപക്ഷനിലപാടുകൾ കൊണ്ട് ശ്രദ്ധേയയായ നടിയാണ് സ്വര. മീ ടു ക്യാംപെയിന്റെ ഭാഗമായി സ്വര നടത്തിയ തുറന്നുപറച്ചിലുകൾ വലിയ ചർച്ചയായിരുന്നു. 

അതേസമയം കന്യാസ്ത്രീക്കെതിരായ അധിക്ഷേപത്തിൽ ദേശീയ വനിതാ കമ്മീഷൻ എംഎൽഎക്ക് സമൻസ് അയച്ചിട്ടുണ്ട്. ഈ മാസം 20ന് ജോർജ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം. 

‌കോട്ടയത്തുവെച്ചാണ് പി സി ജോർജ് കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചത്.